HOME
DETAILS

അനുച്ഛേദം 370 ഫെഡറൽ ജനാധിപത്യം അപകടത്തിൽ

  
backup
December 15 2023 | 17:12 PM

federal-democracy-in-peril

പി.ബി ജിജീഷ്

'രാഷ്ട്രങ്ങളുടെ ചരിത്രമെഴുതുമ്പോൾ പല വിധിന്യായങ്ങളും സ്വാതന്ത്ര്യത്തിന്റെ സീമകളെ വിപുലപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിൽക്കാറുണ്ട്. എന്നാൽ ചില തീരുമാനങ്ങൾ, അവ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു എന്ന ഓർമപ്പെടുത്തലിനുവേണ്ടി മാത്രം റിക്കാർഡ് പുരകളിൽ സൂക്ഷിക്കേണ്ടവയാണ്'.

  • ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

  • 2017ൽ, സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒമ്പതംഗ ഭരണഘടനാബെഞ്ചിന്റെ ഭാഗമായി, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് തൻ്റെ വിധിയിൽ എഴുതിച്ചേർത്ത വാചകമാണ് മുകളിൽ ഉദ്ധരിച്ചത്. സ്വന്തം പിതാവ് വൈ.വി ചന്ദ്രചൂഡുകൂടി ഉൾപ്പെട്ട ബെഞ്ചിന്റെ, കുപ്രസിദ്ധമായ എ.ഡി.എം ജബൽപൂർ കേസിലെ (അടിയന്തരാവസ്ഥക്കാലത്തെ ഹേബിയസ് കോർപ്പസ് കേസ്) തീരുമാനത്തെ നിശിതമായി വിമർശിച്ചു കൊണ്ടാണ് അദ്ദേഹം അങ്ങനെ കുറിച്ചത്. അങ്ങനെ, ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ആഴത്തിൽ കുഴിച്ചുമൂടേണ്ടതാണ് 1976ലെ തീരുമാനമെന്ന് നാല് പതിറ്റാണ്ടുകൾക്കുശേഷം സുപ്രിംകോടതി വിലയിരുത്തി.
  • എന്നാൽ ഇപ്പോൾ അനുച്ഛേദം 370 സംബന്ധിച്ച കേസിലെ, അദ്ദേഹം നേതൃത്വം നൽകുന്ന സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് സ്വീകരിച്ചിട്ടുള്ള നിലപാട്, ചരിത്രം ഒരു ദുരന്തനാടകമായോ പ്രഹസനമായോ ആവർത്തിക്കപ്പെടുന്നതിന്റെ അടയാളപ്പെടുത്തലാണ്.

  • കേസിന്റെ പശ്ചാത്തലം
    2018 ജൂണിലാണ് കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിലേക്കുള്ള നടപടികളുടെ ആരംഭം. ബി.ജെ.പി പിന്തുണയോടെ കശ്മിരിൽ അധികാരത്തിലിരുന്ന മന്ത്രിസഭയിൽനിന്ന് അവർ പിന്മാറുന്നു. അതോടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് രാജിവെക്കേണ്ടിവരുന്നു. പിന്നീട് രാഷ്ട്രപതി ഭരണത്തിന് കീഴിൽ അത്യന്തം നാടകീയമായ നീക്കങ്ങളാണ് നടന്നത്. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കി. എല്ലാ വാർത്താ വിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചു. സംസ്ഥാനത്തെ മുഴുവൻ ബന്ധനസ്ഥമാക്കിക്കൊണ്ട് കേന്ദ്രസർക്കാർ മൂന്നു തീരുമാനങ്ങൾ എടുത്തു: (1) ഒരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനുള്ള നിലം ഒരുക്കുന്നു. (2) ജമ്മു-കശ്മിർ സംസ്ഥാനം വിഭജിച്ച്, ലഡാക്ക്, ജമ്മു-കശ്മിർ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നു.
  • (3) മറ്റൊരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നു. ഈ നടപടികളാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. നാലു വർഷത്തിനുശേഷം സുപ്രിംകോടതി ഇക്കാര്യത്തിൽ വിധിപ്രസ്താവം നടത്തിയിരിക്കുന്നു.
    പ്രധാനമായും മൂന്നു കാര്യങ്ങളാണ് കോടതിയുടെ പരിശോധനയ്ക്കു വന്നത്. ഒന്ന്, കശ്മിരിനെ സംബന്ധിച്ച അനുച്ഛേദം 370 റദ്ദു ചെയ്തതിന്റെ ഭരണഘടനാ സാധ്യത;
  • രണ്ട്, സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ; മൂന്ന്, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും രൂപീകരണവും പുനഃസംഘടനയും ഫെഡറൽ തത്വങ്ങൾക്ക് നിരക്കുംവിധം എങ്ങനെ സംവിധാനം ചെയ്യാമെന്നതിനെക്കുറിച്ച്. മൂന്നും ഇന്ത്യൻ ജനാധിപത്യഘടനയുടെ വേരുകളോളം ആഴമുള്ള വിഷയങ്ങളാണ്. ഇവയോരോന്നും പ്രത്യേകം വിശകലനം ചെയ്യേണ്ടതുണ്ട്.

  • ഫെഡറൽ സംവിധാനം
    ചോദ്യം ചെയ്യപ്പെടുന്നു

  • ജമ്മു-കശ്മിരിനെ വിഭജിച്ച്, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയ ‘ജമ്മു ആൻഡ് കശ്മിർ റീ-ഓർഗനൈസേഷൻ ആക്ട് 2019’ ഭരണഘടനാ വിരുദ്ധമാണോ? കശ്മിരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ന്യായീകരിക്കത്തക്കതാണോ? ഒരു സംസ്ഥാനത്ത് അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ അതിൻ്റെ സംസ്ഥാന പദവി എടുത്തുമാറ്റി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഭരണഘടനാപരമായ അധികാരപ്രയോഗമാണോ? എന്നിങ്ങനെ സംസ്ഥാനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട മൂന്നു ചോദ്യങ്ങൾക്കാണ് കോടതി ഉത്തരം തേടിയത്.

  • രാഷ്ട്രപതിഭരണ
    പ്രഖ്യാപനം

  • ഗവർണർ ഭരണവും പിന്നീട് രാഷ്ട്രപതിഭരണവും പ്രഖ്യാപിച്ചതിനെ ഹരജിക്കാർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം കോടതി തീർപ്പാക്കാതെ വിടുകയാണ് ഉണ്ടായത്. രാഷ്ട്രപതിഭരണം അവസാനിച്ചതിനുശേഷമാണ് അത് ചോദ്യം ചെയ്യപ്പെടുന്നത്, ഹരജിയിലെ പ്രധാന ആക്ഷേപം അനുച്ഛേദം 370 ഭേദഗതി ചെയ്തതിനെക്കുറിച്ചാണ്. ഇനി രാഷ്ട്രപതിഭരണം ഭരണഘടനാപരമല്ലെന്ന് കണ്ടെത്തിയാൽ തന്നെയും ഹരജിക്കാർക്ക് ഒരു പരിഹാരം നൽകാൻ കോടതിക്ക് കഴിയില്ല. രാഷ്ട്രപതിഭരണ പ്രഖ്യാപനം ജുഡീഷ്യൽ റിവ്യൂവിന് വിധേയമായിരിക്കുമെന്ന് എസ്.ആർ ബൊമ്മൈ കേസിൽ സുപ്രിംകോടതിയുടെ ഒമ്പതംഗ ബെഞ്ച് തീർപ്പുകൽപ്പിച്ചിട്ടുള്ളതാണ്.
  • പ്രസിഡൻഷ്യൽ ഭരണപ്രഖ്യാപനം ഭരണഘടനാവിരുദ്ധമെന്നു കണ്ടാൽ തൽസ്ഥിതി പുനഃസ്ഥാപിക്കാൻ കഴിയുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധിയിൽ എസ്.ആർ ബൊമ്മൈ കേസ് പരാമർശിച്ചുപോകുന്നുണ്ടെങ്കിലും പ്രധാന ആവശ്യം രാഷ്‌ട്രപതി ഭരണത്തിൻകീഴിൽ നിറവേറ്റാവുന്ന ചുമതലകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കലാണ് എന്നതുകൊണ്ട് പ്രഖ്യാപനത്തിന്റെ ഭരണഘടനാപരതയിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ ന്യായം സാമാന്യേന മനുഷ്യർക്ക് ബോധ്യപ്പെടുന്നതല്ല.

  • രാഷ്ട്രപതിയുടെ
    അധികാരപരിധി

  • രാഷ്ട്രപതി ഭരണം നിലനിൽക്കുമ്പോഴാണ് സംസ്ഥാനം തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള, തിരുത്താനാവാത്ത മാറ്റങ്ങൾ കശ്മിരിൽ നടപ്പാക്കിയത്. സംസ്ഥാന നിയമസഭയോ ഗവൺമെന്റോ നിലവിൽ ഇല്ലെന്നിരിക്കെ, കേന്ദ്രസർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയ ഈ മാറ്റങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു. സംസ്ഥാനങ്ങളിൽ ഭരണഘടനാസംവിധാനത്തിന്റെ തകർച്ച ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ് അനുച്ഛേദം 356 പ്രയോഗിക്കുന്നത്. സ്വാഭാവിക ജനാധിപത്യപ്രക്രിയ തിരിച്ചുകൊണ്ടുവരുന്നതിനുള്ള താൽക്കാലിക സംവിധാനമായിട്ടാണ് ഭരണഘടനയിൽ ഇത് ചേർത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗവർണർ ഭരണം പരമാവധി ആറുമാസവും രാഷ്ട്രപതിഭരണം, പരമാവധി മൂന്നുവർഷം വരെയുമാണ് കൊണ്ടുപോകുവാൻ സാധിക്കുക.
  • ഈ അനുച്ഛേദം ഒരിക്കലും പ്രയോഗിക്കാൻ ഇടവരാതെ ഉപയോഗശൂന്യമായി തുടരട്ടെ എന്നാണ് ഭരണഘടനാ നിർമാണസഭയിൽ അംബേദ്കർ പ്രത്യാശിച്ചത്. സ്വാഭാവിക ഭരണസംവിധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രം പ്രവർത്തിക്കേണ്ടുന്ന ഒരു സൗകര്യമെന്ന നിലയിൽ രാഷ്ട്രപതി ഭരണകാലത്ത് എടുത്തിട്ടുള്ള തീരുമാനങ്ങൾ പിൻവലിക്കുവാനോ തിരുത്തുവാനോ ഉള്ള സമ്പൂർണ അധികാരം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ പിന്നീട് തിരുത്താനാകാത്ത മൗലികമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളുവാൻ രാഷ്ട്രപതി ഭരണത്തിന് കീഴിൽ കഴിയില്ല, കഴിയാൻ പാടുള്ളതല്ല.

  • ഭരണയന്ത്രം മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ സൗകര്യത്തിന് മാത്രമാണ് അനുച്ഛേദം 356 പ്രയോഗിക്കുന്നതെന്ന വാദം കോടതി ഒരുപരിധിവരെ അംഗീകരിക്കുന്നുണ്ട്: 'രാഷ്ട്രപതി ഭരണത്തിൻകീഴിൽ സ്വീകരിക്കുന്ന നടപടികൾക്ക് ഭരണപരമായ അനിവാര്യതയുമായി അടുത്ത ബന്ധമുണ്ടായിരിക്കണം. ഭരണഘടനാസംവിധാനങ്ങളുടെ പരാജയമാണ് അനുച്ഛേദം 356 പ്രയോഗിക്കാൻ കാരണമാകുന്നത്. അനുച്ഛേദത്തിൽ വിശദീകരിക്കുന്ന ഭരണഘടനാ പദ്ധതിയുടെ ലക്ഷ്യം ഭരണഘടനാസംവിധാനം പുനഃസ്ഥാപിക്കുക എന്നതാണ്. ഫെഡറൽ സംവിധാനം പുനഃസ്ഥാപിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് രാഷ്ട്രപതിഭരണത്തിന്റെ കാലാവധി നിജപ്പെടുത്തിയിട്ടുള്ളത്.
  • അതുകൊണ്ടുതന്നെ 356നു കീഴിൽ ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും ഭരണഘടനാസംവിധാനം സസ്‌പെൻഡ് ചെയ്തതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് ബന്ധമുണ്ടായിരിക്കണം'. എന്തായാലും രാഷ്‌ട്രപതി ഭരണത്തിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾക്ക് പരിധികളുണ്ടെന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നില്ല. കേന്ദ്രസർക്കാർ ഈ കേസിൽ അവകാശപ്പെട്ടതുപോലെ അനിയന്ത്രിത അധികാരമില്ല. അഭികാമ്യവും അനിവാര്യവുമായ പ്രവർത്തനങ്ങൾ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. അനുച്ഛേദം 370 സംബന്ധിച്ച വിധിയിലെ ധനാത്മകമായ ഒരു വശം ഈ കാഴ്ചപ്പാടാണ്. എന്നാൽ, ഈ മാനദണ്ഡമനുസരിച്ച്‌ കേസിന്റെ വസ്തുതകൾ പരിശോധിച്ചു മനസിലാക്കാനോ വിലയിരുത്താനോ കോടതി തയാറായിട്ടില്ല. പകരം അതിനു ബാലിശമായ ന്യായീകരണങ്ങൾ കണ്ടെത്തുകയാണ് കോടതി ചെയ്തിട്ടുള്ളത്.

  • സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണ ഗതിയിലാവുമ്പോൾ, 356 അനുസരിച്ചു പ്രയോഗിച്ച അധികാരങ്ങൾ പുനഃപരിശോധിക്കാൻ നിയമസഭയ്ക്ക് കഴിയുമെന്നതുകൊണ്ടുതന്നെ ജുഡിഷ്യൽ ഇടപെടൽ അനിവാര്യമല്ല. തിരുത്താനാവാത്ത പ്രവൃത്തികളെല്ലാം പരിശോധിക്കാൻ തീരുമാനിച്ചാൽ, ദൈനംദിന ഭരണകാര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കേണ്ടിവരും എന്ന മുട്ടുന്യായവും വിധിയിൽ കാണാം. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ സംരക്ഷണത്തെ നീക്കം ചെയ്യുന്നതോ തിരുത്താനാവാത്ത മാറ്റങ്ങൾ സൃഷ്ടിക്കുന്നതോ മൗലിക സ്വഭാവത്തെ അട്ടിമറിക്കുന്നതോ ആയ നീക്കങ്ങൾ ഉണ്ടെങ്കിൽ അതുപോലും പരിശോധിക്കേണ്ടതില്ല എന്ന നിലപാട്, സ്വന്തം യുക്തിയെത്തന്നെ റദ്ദുചെയ്യുന്നതാണ്.

  • സംസ്ഥാനത്തിന്റെ
    പുനഃസംഘടന

    കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്ന രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, ‘ജമ്മു ആൻഡ് കശ്മിർ റീ-ഓർഗനൈസേഷൻ ആക്ട് 2019’ ഭരണഘടനാനുസൃതമാണോ? രണ്ട്, സംസ്ഥാനത്ത് അടിയന്തരാവസ്ഥ നിലനിൽക്കുമ്പോൾ അതിനെ കേന്ദ്രഭരണപ്രദേശങ്ങളായി തരംതാഴ്ത്തുന്നത് ഭരണഘടനാപരമായി നിലനിൽക്കുന്ന അധികാരപ്രയോഗമാണോ? തിരുത്താനാവാത്ത നടപടികളെടുക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് വിലയിരുത്തിയ കോടതി, ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമാക്കിയ നടപടിയുടെ മെറിറ്റിലേക്ക് കടക്കാതെ ഗവൺമെന്റിന് ആവശ്യമായ രക്ഷാമാർഗം ഒരുക്കുകയാണ് ചെയ്തത്. സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന കേന്ദ്രസർക്കാരിൻ്റെ ഉറപ്പ് മുഖവിലക്കെടുത്ത്, ആ വിഷയം കോടതി പരിഗണിച്ചില്ല.
  • സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമായി തരംതാഴ്ത്താനുള്ള അധികാരം കേന്ദ്രത്തിനുണ്ടോ എന്ന കാര്യം വളരെ പ്രാധാന്യമുള്ളൊരു ജനാധിപത്യപ്രശ്നമാണ്. സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ യൂണിയനകത്തു നിന്നുകൊണ്ട് ലഭ്യമാകുന്ന സ്വയംഭരണാധികാരമുണ്ട്. അത് ഇല്ലാതാക്കുന്നത് ഫെഡറൽ സംവിധാനം എന്ന ഭരണഘടനയുടെ അടിസ്ഥാനഘടനയെ ബാധിക്കുന്ന പ്രശ്നമാണ്. അങ്ങനെയൊരു നടപടി അംഗീകരിക്കപ്പെട്ടാൽ കേന്ദ്രസർക്കാരിന് ബോധിക്കാത്ത രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുന്ന ഏതു സംസ്ഥാനത്തിനും ഇങ്ങനെ സംഭവിക്കാമെന്ന സാഹചര്യമുണ്ടാകും.

  • ഭരണഘടനയുടെ അനുച്ഛേദം മൂന്ന് അനുസരിച്ച് സംസ്ഥാന പുനഃസംഘടനയ്ക്ക് നിയമസഭയുടെ അഭിപ്രായം തേടേണ്ടതുണ്ട്. കശ്മിരിന്റെ കാര്യത്തിൽ രാഷ്‌ട്രപതിഭരണം നിലനിന്നിരുന്നതിനാൽ നിയമസഭയുടെ അഭിപ്രായം തേടുക അസാധ്യമായിരുന്നു. അനുച്ഛേദം 356നു കീഴിൽ ഭരണപരമായ ചുമതലകളും നിയമനിർമാണവും നടത്താൻ കഴിയുമെങ്കിലും നിയമസഭയുടെ അഭിപ്രായം എങ്ങനെയാണ് രാഷ്ട്രപതിക്ക് പ്രകടിപ്പിക്കാൻ കഴിയുക എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. എന്നാൽ പുനഃസംഘടന സംബന്ധിച്ച സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്രം അനുസരിക്കണമെന്നു നിർബന്ധമില്ലെന്ന കാര്യം പറഞ്ഞ്, അഭിപ്രായം തേടണമെന്ന ഭരണഘടനാപരമായ ബാധ്യതയെ നിസാരവത്കരിക്കുകയാണ് കോടതി ചെയ്തത്.

  • 2019ലെ കേന്ദ്രസർക്കാരിന്റെ അസാധാരണ നടപടികളെ സാധൂകരിക്കാനുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഫെഡറൽ ജനാധിപത്യത്തിന്റെയും ഭരണഘടനാധാർമികതയുടെയും അടിസ്ഥാന തത്വങ്ങൾ അവഗണിച്ചുകൊണ്ട് വികടയുക്തികൾ നിരത്തുകയാണ് കോടതിവിധിയിലെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാൽ, അവരെ കുറ്റം പറയാനാകില്ല.
  • രാജ്യത്ത്, അധികാരകേന്ദ്രീകരണം അതിന്റെ അപകടകരമായ പരിധികൾ ഉല്ലംഘിച്ചുകൊണ്ട് കാൻസർ പോലെ വളർന്നുകൊണ്ടിരിക്കുന്ന ഒരുകാലത്താണ്, ഭരണഘടനാമൂല്യങ്ങൾക്ക് ജാഗ്രതയോടെ കാവൽ നിൽക്കേണ്ട സുപ്രിംകോടതി നിസ്സംഗത പാലിക്കുന്നതെന്നോർക്കണം. ഇത് ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഫെഡറൽ തത്വങ്ങളെയും മാരകമായി മുറിപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.

(അവസാന ഭാഗം നാളെ)

Content Highlights:Federal democracy in peril



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago