നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസിലെ സാക്ഷിയെ നേപ്പാളിൽ നിന്നും കൊയിലാണ്ടി കോടതിയിൽ ഹാജരാക്കണം - ബാലാവകാശ കമ്മീഷൻ
കോഴിക്കോട്: ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ നേപ്പാൾ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യക കോടതിയിൽ ഹാജരാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. കേസിലെ സാക്ഷി ഹാജരാകാത്തതിനെതുടർന്ന് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായി കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യക കോടതി ജഡ്ജ് കമ്മീഷന് കത്ത് നൽകിയിരുന്നു. കത്തിന്മേൽ ബാലാവകാശ കമ്മീഷൻ സ്വമേധയ സ്വീകരിച്ച നടപടികൾ തീർപ്പാക്കി തുടർനടപടികൾക്കായി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസിലെ കുട്ടിയും സാക്ഷിയും നേപ്പാൾ സ്വദേശികളാണ്. സാക്ഷി മറ്റൊരു രാജ്യക്കാര നായതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തിന് പബ്ളിക് പ്രോസിക്യൂട്ടർക്ക് ഹർജി നൽകാം. ആവശ്യമെങ്കിൽ ഒരു പ്രത്യേക സംഘം രൂപീകരിക്കാം. ഇതര രാജ്യത്തു നിന്നോ മറ്റ് സംസ്ഥാനത്തുനിന്നോ സാക്ഷികളെ കോടതിയിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് പ്രോട്ടോകോൾ ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പുറപ്പെടുവിക്കണം. കോടതി നിർദ്ദേശിച്ചിട്ടുള്ള ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം നൽകാൻ കോഴിക്കാട് ജില്ലാ കളക്ടറും ജില്ലാ ബാലസംരക്ഷണ ഓഫീസറും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ അംഗം ബി.ബബിത പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."