വിടവാങ്ങിയത് മലയാളത്തിലെ നടന കൊടുമുടി
അഞ്ച് പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിന് തിരശീലയിട്ട് നെടുമുടി വേണു വിടവാങ്ങി. നടനായും സഹനടനായും വില്ലനായും മിനിസക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങിയ പ്രതിഭ. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് ജനനം.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഏഴ് സിനിമകള്‍ക്കുവേണ്ടി അദ്ദേഹം തിരക്കഥയെഴുതിയിട്ടുണ്ട്.
1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു നെടുമുടി വേണുവിന്റെ അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനുവഴിയൊരുക്കി. 1089ല്‍ പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.
രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2003ല്‍ ദേശീയ അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.1981, 1987, 2004 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1980, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.
'ആണും പെണ്ണും' എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്തത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."