'കണ്ണില്ലേ നിങ്ങള്‍ക്ക്' പൊലിസിനോട് ഗവര്‍ണര്‍, എസ്എഫ്‌ഐ കെട്ടിയ ബാനര്‍ പൊലിസ് നീക്കി
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറുകള്‍ പൊലിസ് നീക്കി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ സ്ഥാപിച്ച ബാനറുകള്‍ നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്യാംപസില്‍ നേരിട്ടിറങ്ങി ബാനറുകള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചതിനുപിന്നാലെയാണ് ബാനര്‍ നീക്കം ചെയ്തത്. നിങ്ങള്‍ക്കൊന്നും കണ്ണില്ലേ എന്നും എന്നെ അപമാനിക്കാനാണോ നിങ്ങളുടെ ഉദ്ദേശം എന്നുമായിരുന്നു മലപ്പുറം എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരോട് ഗവര്‍ണറുടെ ചോദ്യം.
'എസ്എഫ്‌ഐ ആണ് സര്‍വകലാശാല ഭരിക്കുന്നത്. അവര്‍ പറയുന്നത് പോലെയാണ് ഇവിടെ കാര്യങ്ങള്‍. പോസ്റ്ററുകള്‍ ഇപ്പോഴും അവിടെയുള്ളത് നിങ്ങള്‍ കാണുന്നില്ലേ. എന്നെ അപമാനിക്കാനാണോ ഭാവം? ബാനര്‍ ഇപ്പോഴുമിവിടെയുള്ളതില്‍ നിങ്ങളാണ് ഉത്തരവാദികള്‍. ഇപ്പോഴല്ലെങ്കില്‍ മൂന്ന് നാല് മാസത്തിനുള്ളില്‍ എന്തായാലും നിങ്ങളിതിന് ഉത്തരം പറഞ്ഞിരിക്കും. മുഖ്യമന്ത്രി എല്ലാക്കാലവും ആ സ്ഥാനത്ത് കാണില്ല. മുഖ്യമന്ത്രി ആയിരുന്നു ഗസ്റ്റ് ഹൗസില്‍ താമസമെങ്കില്‍ ഈ ബാനറുകള്‍ ഇവിടെ കാണുമായിരുന്നോ?' സുരക്ഷാ ഉദ്യോഗസ്ഥരോട് ഗവര്‍ണര്‍ ക്ഷുഭിതനായി ചോദിച്ചു.
ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ ഗവര്‍ണര്‍ ജില്ല പൊലീസ് മേധാവിയെ കൊണ്ട് നേരിട്ടു തന്നെ ബാനറുകള്‍ അഴിപ്പിക്കുകയും ചെയ്തു. ഒരു ബാനര്‍ അഴിപ്പിച്ചാല്‍ നൂറെണ്ണം സ്ഥാപിക്കുമെന്നായിരുന്നു ബാനര്‍ നീക്കം ചെയ്യണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തോട് എസ്എഫ്‌ഐയുടെ മറുപടി. ബാനര്‍ കെട്ടിയതില്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. രാജ്ഭവന്‍ സെക്രട്ടറിക്കാണ് വി.സിയോട് വിശദീകരണം ചോദിക്കാന്‍ നിര്‍ദേശം നല്‍കിയത്. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകള്‍ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടാന്‍ നിര്‍ദ്ദേശം നല്‍കി.
സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ സമരമുഖത്തുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ക്യാംപസില്‍ ബാനറുകള്‍ സ്ഥാപിച്ചത്. 'മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം' എന്ന എസ്എഫ്‌ഐ ബാനറുകള്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'സംഘി ചാന്‍സലര്‍ വാപസ് ജാവോ' എന്നെഴുതിയ കറുത്ത ബാനറുകളും എസ്എഫ്‌ഐ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ അമ്പതോളം ബാനറുകളും പോസ്റ്ററുകളുമാണ് കാമ്പസിലുടനീളം എസ്എഫ്‌ഐ സ്ഥാപിച്ചിരുന്നത്.
'കണ്ണില്ലേ നിങ്ങള്‍ക്ക്' പൊലിസിനോട് ഗവര്‍ണര്‍, എസ്എഫ്‌ഐ കെട്ടിയ ബാനര്‍ പൊലിസ് നീക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."