ഫലസ്തീന്‍ പ്രശ്‌നം ; പരിഹാരം ദ്വിരാഷ്ട്രം മാത്രം
ടെല്‍അവീവ്: ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ ഫലസ്തീനെ പിന്തുണച്ച് സംസാരിച്ച് സ്ഥാനമൊഴിയാനിരിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മെര്‍ക്കല്‍ ഫലസ്തീന്‍ സ്വതന്ത്ര രാജ്യമാകണമെന്ന പ്രസ്താവന നടത്തിയത്. ജര്‍മനിയുടെ ചാന്‍സലര്‍ ആയിരിക്കെ മെര്‍ക്കല്‍ നടത്തുന്ന അവസാന ഇസ്‌റാഈല്‍ സന്ദര്‍ശനമാണിത്.
ഇറാനുമായുള്ള ആണവകരാര്‍, ഫലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കല്‍ എന്നീ കാര്യങ്ങളില്‍ ഇസ്‌റാഈലിന് വിരുദ്ധമായ നിലപാടാണ് സഖ്യരാജ്യമായ ജര്‍മനിയുടെ ചാന്‍സലര്‍ സ്വീകരിച്ചത്. ഇസ്‌റാഈലിനും ഫലസ്തീനുമിടയില്‍ കാലങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് ഫലസ്തീന്‍ മുന്നോട്ടുവച്ച 'ദ്വിരാഷ്ട്ര പരിഹാരം' നടപ്പാക്കുന്നതാണ് ഒരേയൊരു പരിഹാരമെന്ന് മെര്‍ക്കല്‍ പറഞ്ഞു. ഈ ആശയം അടഞ്ഞ അധ്യായമല്ലെന്ന് പറഞ്ഞ മെര്‍ക്കല്‍ ഫലസ്തീന്‍ പൗരന്മാര്‍ക്ക് അവരുടേതായ രാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മെര്‍ക്കലിന്റെ പ്രസ്താവനയെ എതിര്‍ത്ത ഇസ്‌റാഈല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് ഫലസ്തീന്‍ സ്വതന്ത്രമാകുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുമെന്നു വാദിച്ചു. പകരം വെസ്റ്റ്ബാങ്കിലും ഗസ്സ മുനമ്പിലും ഫലസ്തീനികള്‍ക്ക് ജീവിക്കാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെനറ്റിന്റെ ഫലസ്തീന്‍വിരുദ്ധ പ്രസ്താവനയ്ക്ക് മറുപടിയുമായി ഫലസ്തീന്‍ അധികൃതരും രംഗത്തെത്തി. ഭീകരവാദത്തിന്റെ ഏറ്റവും മോശമായ രൂപം അധിനിവേശമാണെന്നും ഫലസ്തീന്‍ സ്വതന്ത്ര രാജ്യമാകുന്നതല്ലെന്നും ഫലസ്തീന്‍ ഉന്നത ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അല്‍ശൈഖ് ട്വീറ്റി.ജര്‍മനിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടി നേതാവായ ആന്‍ജല മെര്‍ക്കല്‍ 2005ലാണ് ജര്‍മന്‍ ചാന്‍സലറായി അധികാരമേറ്റത്. പുതിയ സര്‍ക്കാറും ചാന്‍സലറും അധികാരമേല്‍ക്കുന്നതോടെ അവര്‍ സ്ഥാനമൊഴിയും. 16 വര്‍ഷത്തിനു ശേഷം ചാന്‍സലര്‍ പദവി ഒഴിയുന്നതിന് മുമ്പായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മെര്‍ക്കല്‍ സഖ്യരാജ്യമായ ഇസ്‌റാഈല്‍ സന്ദര്‍ശിച്ചത്. ഇറാന്‍ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ ജര്‍മനി പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."