പാമ്പിനെ ആയുധമാക്കിയുള്ള കൊല രാജ്യത്ത് ആദ്യമല്ല; ഉത്രയ്ക്കും മുമ്പും ചിലര്‍ ക്രൂരതയുടെ വിഷത്തില്‍ ഇല്ലാതായിട്ടുണ്ട്
പാമ്പിനെ ആയുധമാക്കി ഉത്രയെ കൊലപ്പെടുത്തിയ കേസ് കേരള മനസാക്ഷിയെ ഞെട്ടിച്ചതാണ്. അത്തരം സംഭവങ്ങള്‍
ഇതിന് മുന്‍പും രാജ്യത്ത് ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
സ്വത്തുക്കള്‍ നേടിയെടുക്കാന്‍ നാഗ്പുരില്‍ മാതാപിതാക്കളെ മകന്‍ ക്വട്ടേഷന്‍ കൊടുത്തുകൊല്ലിച്ചത് പാമ്പിനെക്കൊണ്ട് കൊത്തിച്ചാണ്. 2010ലായിരുന്നു ഈ കൊലപാതകം. മൂര്‍ഖന്‍ പാമ്പിനെയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.
84 വയസ്സുകാരനായ ഗണപത്‌റാവും രണ്ടാംഭാര്യ 78 വയസ്സുകാരിയായ സരിതാ ബായിയുമാണ് കൊല്ലപ്പെട്ടത്. ഗണപത് റാവുവിന്റെ മകന്‍ നിര്‍ഭയയായിരുന്നു ഈ കൊലപാതകത്തിന് പിന്നില്‍. അഞ്ചരലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍.
കൊല്ലപ്പെട്ടവരെയും ഡ്രൈവറെയും തട്ടിക്കൊണ്ടു പോയി, ഡ്രൈവറെ കാറില്‍നിന്ന് മാറ്റിയശേഷം മുന്‍സീറ്റില്‍ പാമ്പുപിടിത്തക്കാരന്‍ കയറി ഇവരെ പാമ്പിനെക്കൊണ്ട് കൊത്തിക്കുകയായിരുന്നു. ഇരുവര്‍ക്കും കൈയിലാണ് കടിയേറ്റത്. അന്വേഷണത്തില്‍ നിര്‍ഭയ്, കൂട്ടുപ്രതികളായ പ്രകാശ് ഇന്‍ഗോള്‍, കമല്‍ ബദേല്‍, പാമ്പ് പിടിത്തക്കാന്‍ സന്ദീപ് എന്നിവര്‍ പിടിയിലായി.
അതേസമയം തെളിവിന്റെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടു. പാമ്പ് കടിച്ചെന്ന് കണ്ടെത്തിയെങ്കിലും അത് മനഃപൂര്‍വമാണെന്ന് തെളിയിക്കാനായില്ല.
രാജസ്ഥാനിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ജുന്‍ജുനു സ്വദേശിനിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ച സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മരുമകളും കാമുകനും സുഹൃത്തും ചേര്‍ന്ന് പാമ്പിനെ കൊണ്ട് കടിപ്പിച്ച് സുബോദ ദേവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
2019 ജൂണ്‍ രണ്ടിനാണ് രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മരുമകളായ അല്പനയുടേയും കാമുകനായ മനീഷിന്റേയും സുഹൃത്തായ കൃഷ്ണകുമാറിന്റേയും കൊലപാതകത്തിലെ പങ്ക് പൊലിസിന് വ്യക്തമായി.
2018 ഡിസംബര്‍ 18നാണ് അല്പനയും സുബോദ ദേവിയുടെ മകനായ സച്ചിനും വിവാഹിതരാകുന്നത്. ഭര്‍ത്താവ് സച്ചിന്‍ സൈന്യത്തിലായതിനാല്‍ അല്‍പനയും ഭര്‍തൃമാതാവായ സുബോദ ദേവിയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
ഭര്‍തൃവീട്ടില്‍ താമസം തുടരുന്നതിനിടെയാണ് ജയ്പുര്‍ സ്വദേശിയായ മനീഷുമായി അല്പന അടുപ്പത്തിലാകുന്നത്. ഫോണിലൂടെ ആരംഭിച്ച രഹസ്യബന്ധം പ്രണയമായി വളര്‍ന്നു. ഏറെനേരവും അല്പന മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ഭര്‍തൃമാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അധികമായി സംസാരിക്കുന്നതിനെ ഇവര്‍ എതിര്‍ക്കുകയും ചെയ്തു. പിന്നീടാണ് മരുമകള്‍ മനീഷുമായി പ്രണയത്തിലാണെന്ന് സുബോദ ദേവിക്ക് മനസിലായത്. ഇതോടെ മരുമകളെ വഴക്കുപറയുകയും
ചെയ്തിരുന്നു.
സുബോദ ദേവി പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഇവരെ കൊലപ്പെടുത്താനായിരുന്നു അല്പനയുടെയും മനീഷിന്റെയും തീരുമാനം. ഒരിക്കലും പിടിക്കപ്പെടാത്തതരത്തില്‍ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുബോദ ദേവി മരിച്ചദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ഇവരുടെ സുഹൃത്തായ കൃഷ്ണകുമാറിനെ അല്പന 19 തവണയാണ് അന്നേദിവസം വിളിച്ചത്.
പാമ്പാട്ടിയുടെ കൈയില്‍നിന്ന് പതിനായിരം രൂപയ്ക്ക് മനീഷും കൃഷ്ണകുമാറും ചേര്‍ന്ന് പാമ്പിനെ വാങ്ങിയതിനും തെളിവ് ലഭിച്ചു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. 2020 ജനുവരി നാലിനാണ് അല്പന, മനീഷ്, കൃഷ്ണകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."