പ്രതിപക്ഷരഹിത ലോക്സഭയിലെ ക്രിമിനല്‍ നിയമഭേദഗതി
ശൂന്യമായ പ്രതിപക്ഷ ബെഞ്ചിനെ സാക്ഷിയാക്കി ഇന്ത്യന്‍ ക്രിമിനല്‍ നിയമഭേദഗതി ബില്ലുകള്‍ ലോക്സഭ പാസാക്കി. സാമൂഹിക ജീവിതത്തിന്റെ നിയമക്രമം നിഷ്‌കര്‍ഷിക്കുന്ന പരമപ്രധാനമായ മൂന്ന് ക്രിമിനല്‍ നിയമങ്ങളാണ് ബുധനാഴ്ച ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1898ലെ ക്രിമിനല്‍ നടപടി ചട്ടം, 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്ക് പകരമായി യഥാക്രമം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ലോക്സഭ പാസാക്കിയത്.
കൊളോണിയല്‍ കാലത്തെ നിയമസംഹിതകള്‍ പൊളിച്ചെഴുതി പുതിയ കാലത്തിനനുസൃതവും വെല്ലുവിളികള്‍ക്കെതിരായ നിയമപരമായ പ്രതിരോധവും മുന്നില്‍ കണ്ടുള്ള നിയമഭേദഗതിയാണ് വരുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. നേരത്തെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ നടപടി ക്രമത്തിലും തെളിവു നിയമത്തിലുമുണ്ടായിരുന്ന കാലഹരണപ്പെട്ട വ്യവസ്ഥകള്‍ക്ക് പകരം പുതിയ ഭേദഗതികള്‍ വരുത്തിയാണ് ബില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ പാര്‍ലമെന്ററി സമിതി നല്‍കിയ ചില ശുപാര്‍ശകള്‍കൂടി ഉള്‍പ്പെടുത്തിയ ഭേദഗതിയാണ് കഴിഞ്ഞ ദിവസം പാസാക്കിയത്.
ഭീകരവാദത്തിന് പുതിയ നിര്‍വചനങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യല്‍ മാത്രമല്ല, രാഷ്ട്രീയ, സാമൂഹികഘടനകളെ ദുര്‍ബലപ്പെടുത്തുന്നതോടൊപ്പം സാമ്പത്തിക അസ്ഥിരതയ്ക്ക് ശ്രമിക്കുന്നതും തീവ്രവാദത്തിന്റെ നിര്‍വചനത്തില്‍ പെടും. വ്യാജ കറന്‍സി, കള്ളക്കടത്ത് തുടങ്ങിയവ ഇനി മുതല്‍ തീവ്രവാദത്തിന്റെ പരിധിയിലുണ്ട്. ഒപ്പം രാജ്യത്തിന് പുറത്തുള്ള ഇന്ത്യന്‍ വംശജര്‍ക്കെതിരേ ഭീകരത സൃഷ്ടിക്കുന്നതും തീവ്രവാദ കുറ്റമാകും. പൊതുപ്രവര്‍ത്തകനെതിരായ അതിക്രമവും ഭീകരപ്രവര്‍ത്തനമായി കണക്കാക്കാനാണ് പുതിയ ബില്ലിലെ നിര്‍ദേശം.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് വധശിക്ഷവരെ ലഭിക്കാവുന്ന ഭേദഗതി പുതിയ ബില്ലിലുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിസാര കാരണങ്ങളാലും വ്യാജ പ്രചാരണങ്ങളാലും തല്ലിക്കൊല്ലപ്പെട്ടവര്‍ നിരവധിയാണ്. ചികിത്സാ പിഴവില്‍ ഡോക്ടര്‍മാര്‍ക്കെതിരേ നേരത്തെയുണ്ടായിരുന്ന നരഹത്യാ കുറ്റം ഒഴിവാക്കാനും പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്.
പുതിയ സാങ്കേതികവിദ്യയുടെ കാലത്തിനനുസരിച്ച് ന്യായം നടപ്പാക്കാനാണ് ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി വരുത്തുന്നത് എന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ വ്യക്തമാക്കിയത്. കാലത്തിനൊത്ത പരിഷ്‌കരണം നിയമങ്ങളിലും ചട്ടങ്ങളിലും അനിവാര്യമാണ്. അത് പുരോഗമനപരവും നീതി ഉള്‍ക്കൊള്ളുന്നതും ന്യായയുക്തവുമാകണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളില്‍ ചിലത് പ്രത്യക്ഷത്തില്‍തന്നെ ദുരുപയോഗ സാധ്യത പ്രകടമാക്കുന്നുണ്ട്.
ഭീകരവാദവും തീവ്രവാദവും പുതിയ നിര്‍വചനങ്ങള്‍ക്ക് വിധേയമാക്കിയതോടെ ഭരണകൂടത്തിന് അനിഷ്ടം തോന്നുന്നവരെ അനിശ്ചിതമായി കല്‍ത്തുറുങ്കിലടയ്ക്കാന്‍ സാധിക്കും. പൊതുപ്രവര്‍ത്തകനെതിരായ അതിക്രമം ഭീകരപ്രവര്‍ത്തനമായി കാണുന്ന നിയമഭേദഗതിയും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുകയോ അതിന് സാധ്യതയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് തോന്നുകയോ ചെയ്താല്‍ ഭീകരവാദപ്രവര്‍ത്തനമായി കാണണമെന്ന വ്യവസ്ഥയും പരക്കെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്.
രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ പൊളിച്ചെഴുതണമെന്ന് സുപ്രിംകോടതി ഒന്നിലേറെ തവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ വ്യക്തിയെ കൂടുതല്‍ കുരുക്കുകളിലേക്ക് തള്ളിവിടുന്ന നിയമമാണ് പുതിയ ന്യായസംഹിതയിലുള്ളത്. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഉപഭൂഖണ്ഡം കരുതലോടെ സൂക്ഷിക്കുന്ന ജനാധിപത്യ-മതേതര-സമത്വ സങ്കല്‍പ്പങ്ങളെയും മൂല്യങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതിനാകരുത് നിയമഭേദഗതി.
അതേസമയം, പ്രതിപക്ഷരഹിത സഭയിലാണ് സര്‍ക്കാര്‍ ഇത്രയും ഗൗരവ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തതും തങ്ങളുടെ മേധാശക്തിയില്‍ പാസാക്കിയതും. ജനാധിപത്യത്തിന്റെ ഏറ്റവും മഹത്തരമായ സങ്കല്‍പ്പങ്ങളിലൊന്ന് അത് വിയോജിക്കാനും സംവദിക്കാനുമുള്ള ഇടം എല്ലാവര്‍ക്കും ഒരുപോലെ നല്‍കുന്നു
എന്നുള്ളതാണ്. എത്രതന്നെ എതിര്‍ത്താലും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയാലും തങ്ങള്‍ക്കു ലഭിച്ച ഭൂരിപക്ഷത്തിന്റെ കരുത്തില്‍ മൂന്ന് സുപ്രധാന ബില്ലുകളും പാസാക്കിയെടുക്കാന്‍ കേന്ദ്ര ഭരണനേതൃത്വത്തിന് സാധിക്കുമായിരുന്നു. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്തും അവരുടെ സാന്നിധ്യത്തില്‍ സമഗ്രമായ ചര്‍ച്ച നടത്തിയുമാണ് ക്രിമിനല്‍ ബില്ലുകള്‍ പാസാക്കിയിരുന്നത് എങ്കില്‍ അത് ചരിത്രത്തില്‍ എന്നും ജ്വലിച്ചുനില്‍ക്കുമായിരുന്നു. ഒരു ചെറിയ കൂട്ടത്തെയോ ഏതെങ്കിലും വിഭാഗത്തെയോ ബാധിക്കുന്ന നിയമനിര്‍മാണമല്ല, ലോക്സഭയില്‍ നടന്നത്. രാജ്യത്തെ ജീവിച്ചിരിക്കുന്നവരെയും ഇനി പിറക്കാനിരിക്കുന്നവരെയും നേരിട്ട് ബാധിക്കുന്ന നിയമനിര്‍മാണമാണ് ക്രിമിനല്‍ നിയമഭേദഗതി.
അത് സൂക്ഷ്മ വിശകലനത്തിനോ സംവാദത്തിനോ അവസരം നല്‍കാതെ പാസാക്കിയത് കേന്ദ്രസര്‍ക്കാരിന് മാത്രമല്ല, പുകള്‍പെറ്റ ഇന്ത്യയുടെ പാര്‍ലമെന്ററി ചരിത്രത്തിനും കളങ്കമായി മാറി. ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് ബില്ലുകള്‍ വരുന്ന ഘട്ടത്തിലെങ്കിലും സമഗ്ര ചര്‍ച്ചകള്‍ക്കും സംവാദത്തിനും വേദിയൊരുക്കാന്‍ കേന്ദ്രസര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത്. അങ്ങനെയെങ്കിലും ചെയ്തുപോയ തീരാകളങ്കത്തിന് പരിഹാരമാവട്ടെ.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇനി വോട്ട് ഓണ്‍ അക്കൗണ്ടുകള്‍ പാസാക്കാനുള്ള സഭാ സമ്മേളനം മാത്രമാണ് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ തന്ത്രപ്രധാനമായ നിരവധി ബില്ലുകള്‍ നടപ്പ് സമ്മേളത്തില്‍ പാസാക്കുകയും ഇനി പാസാക്കാനിരിക്കുന്നുമുണ്ട്. എന്നാല്‍ ഇത്രയും പരമപ്രധാനമായ ബില്ലുകള്‍ ഡസ്‌കിലടിച്ച് ഭരണപക്ഷം പാസാക്കുമ്പോള്‍ മറുവശത്ത് പ്രതിപക്ഷമില്ലെന്നത് കേന്ദ്രസര്‍ക്കാരിന് ഒട്ടും ഭൂഷണമല്ല. അതല്ല, പ്രതിപക്ഷമില്ലാതെ തങ്ങളുടെ അജൻഡകള്‍ ഒളിപ്പിച്ച ബില്ലുകള്‍ ചുട്ടെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കില്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നത് തീര്‍ച്ച.
CONTENT Highlights:Criminal Law Amendment in Lok Sabha without opposition
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."