പെരിയ ഇരട്ടക്കൊല: വി.പി.പി മുസ്തഫയെ സി.ബി.ഐ ചോദ്യംചെയ്തു
കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ മന്ത്രി എം.വി ഗോവിന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ സി.ബി.ഐ അന്വേഷണ സംഘം ചോദ്യം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും, ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന ഡോ. വി.പി.പി മുസ്തഫയെ ആണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെടുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് കല്ല്യോട്ടെ എച്ചിലെടുക്കത്ത് നടന്ന പാര്‍ട്ടി ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ച മുസ്തഫ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ പ്രസംഗം നടത്തിയത് വിവാദമായി മാറിയിരുന്നു. കൊലപാതകം നടന്നതിന് ശേഷം മുസ്തഫയുടെ പ്രസംഗം വിഡിയോ സഹിതം സമൂഹമാധ്യമങ്ങളില്‍ നിറയുകയും ചെയ്തിരുന്നു. കേസന്വേഷണം പൂര്‍ത്തിയാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസത്തോളം സമയം ബാക്കി ഇരിക്കെയാണ് അന്വേഷണ സംഘം പാര്‍ട്ടിയുടെ ജില്ലയിലെ ഉന്നത നേതാക്കളെ ചോദ്യംചെയ്തു തുടങ്ങിയത്.
നാല് ദിവസം മുമ്പ് നേതാക്കളും അഭിഭാഷകരുമായ അഡ്വ.എ.ജി നായര്‍, അഡ്വ. രാജ്‌മോഹന്‍, അഡ്വ.ബിന്ദു, കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍, ഡി.വൈ.എഫ്.ഐ നേതാവ് മണിക്കുട്ടി ബാബു എന്നിവരുള്‍പ്പെടെയുള്ള ആളുകളെ കാസര്‍ക്കോട്ടെ ക്യാംപില്‍ വിളിച്ചുവരുത്തി അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വി.പി.പി മുസ്തഫയെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.
കേസില്‍ സി.പി.എം ലോക്കല്‍ ഏരിയ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും സി.ഐ.ടി.യു പ്രവര്‍ത്തകരും ഉള്‍പ്പെടെ 14 പേരെയാണ് ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കും മറ്റും ബന്ധമുണ്ടെന്ന് കാണിച്ച് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണം തുടങ്ങിയ ശേഷം ഒട്ടനവധി നേതാക്കളെയും പ്രവര്‍ത്തകരെയും ചോദ്യം ചെയ്തതിന് പുറമെ പാര്‍ട്ടിയുടെ ലോക്കല്‍, ഏരിയ കമ്മിറ്റി ഓഫിസുകളില്‍ റെയ്ഡ് നടത്തുകയും മിനുട്‌സ് ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് സി.ബി.ഐ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."