ചര്‍ച്ച അലസി; വെള്ളിയാഴ്ച പൊതുപണിമുടക്ക്
ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകള്‍ അടുത്തമാസം രണ്ടിനു നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്കിനു മുന്നോടിയായി കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ നടത്തിയ അവസാനവട്ട ചര്‍ച്ചയും അലസി.
തങ്ങള്‍ മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചതോടെ പണിമുടക്കുമായി മുന്നോട്ടുപോവുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ദേശീയതലത്തില്‍ മിനിമം കൂലി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണുള്ളതെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും ഇതുതന്നെയാണ് കഴിഞ്ഞവര്‍ഷവും അദ്ദേഹം പറഞ്ഞതെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പറഞ്ഞു.
വെള്ളിയാഴ്ച നടക്കുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ തുറുമുഖം, തപാല്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് അടക്കമുള്ള മേഖലകള്‍ സ്തംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. രാജ്യത്തെ 45 കോടി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും.
എന്നാല്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാല്‍വിതരണം, മറ്റു അവശ്യസര്‍വിസുകള്‍ എന്നിവയെ പണിമുടക്കില്‍നിന്നു മാറ്റിനിര്‍ത്തിയതായും നേതാക്കള്‍ അറിയിച്ചു.
കേന്ദ്ര ട്രേഡ് യൂനിയനുകള്‍ക്കൊപ്പം രാജ്യത്തെ ഏതാണ്ടെല്ലാ പ്രാദേശിക യൂനിയനുകളും സ്വതന്ത്ര ട്രേഡ് യൂനിയനുകളും പണിമുടക്കിനെ പിന്തുണക്കുന്നുണ്ട്. കോണ്‍ഗ്രസ്- ഇടതുപക്ഷതൊഴിലാളി സംഘടനകളാണ് പണിമുടക്കിനു നേതൃത്വം നല്‍കുന്നത്. എന്നാല്‍, ബി.ജെ.പിയുടെ തൊഴിലാളിവിഭാഗമായ ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേദിവസം നടന്ന പണിമുടക്കിനെ ബി.എം.എസ് പിന്തുണച്ചിരുന്നെങ്കിലും അവസാനനിമിഷം ബി.ജെ.പിയുടെ സമ്മര്‍ദ്ദംകാരണം പിന്മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."