ഹസ്‌റത്ത് മൊഹാനിയുടെ സുനേരി ബാഗ് പള്ളി പൊളിക്കാനുള്ള നീക്കവുമായി ബി.ജെ.പി ഭരിക്കുന്ന NDMC; നിയമയുദ്ധം നടത്തുമെന്ന് ജംഇയ്യത്ത്
ന്യൂഡല്‍ഹി: പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണകാലത്ത് നിര്‍മിച്ച ഡല്‍ഹിയിലെ പ്രശസ്തമായ സുനേരി ബാഗ് പള്ളി പൊളിക്കാനുള്ള നീക്കവുമായി ഡല്‍ഹി കോര്‍പ്പറേഷന്‍ മുന്നോട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പള്ളി പൊളിച്ചുനീക്കുകയാണെന്നും ഇക്കാര്യത്തിലുള്ള നിലപാട് ധരിപ്പിക്കണമെന്നും അറിയിച്ച് ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി) പള്ളിയില്‍ നോട്ടീസ് പതിച്ചത്. നാളെവരെയാണ് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ അറിയിക്കാനുള്ള സമയപരിധി.
പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് എന്‍.ഡി.എം.സി അത് പൊളിച്ചുനീക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖ്ഫ് ബോര്‍ഡിന്റെ എതിര്‍പ്പ് മറികടന്നാണ് നീക്കം. രാജ്പഥിലെ മോട്ടിലാല്‍ നെഹ്‌റു മാര്‍ഗിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. ഡല്‍ഹി ട്രാഫിക് പൊലീസ് ആണ് റോഡ് വികസനത്തിന്റെ ഭാഗമായി പള്ളി പൊളിക്കാനുള്ള നിര്‍ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇത് ചോദ്യംചെയ്ത് വഖ്ഫ് ബോര്‍ഡ് നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
ട്രാഫിക്കിന് തടസ്സം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പള്ളി പൊളിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്ന ഉദ്യോഗ് ഭവനിലേക്കും ഇന്ത്യന്‍ വ്യോമസേനാ ആസ്ഥാനത്തേക്കുമുള്ള വഴിയരികിലുള്ള പള്ളി യാത്രാ തടസ്സം ഉണ്ടാക്കുന്നുവെന്നാണ് ബി.ജെ.പി ഭരണത്തിലുള്ള എന്‍.ഡി.എം.സി അധികൃതര്‍ പറയുന്നത്.
'ഇങ്കിലാബ് സിന്ദാബാദ്' മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവും ഉത്തരേന്ത്യയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുഖങ്ങളിലൊരാളുമായ ഹസ്‌റത്ത് മൊഹാനിയുടെ ഡല്‍ഹിയിലെ വസതിയായിരുന്ന സുനേരി ബാഗ് പള്ളി, പഴയ മുസ് ലിം സാംസ്‌കാരിക കൂടിച്ചേരലുകളുടെ അടയാളംകൂടിയാണ്. ആരാധനാലയം എന്നതിനപ്പുറം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രവുമായി ബന്ധപ്പെട്ട് വലിയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പള്ളി തകര്‍ക്കാനുള്ള നീക്കത്തിനെതിരേ ചരിത്രകാരന്‍മാരും ആക്ടിവിസ്റ്റുകളും എഴുത്തുകാരും രംഗത്തുവന്നിട്ടുണ്ട്.
ബ്രിട്ടീഷ് സാമ്രാജ്യത്വ കാലത്ത് പിടിച്ചുനിന്ന പള്ളി ഇപ്പോള്‍ പൊളിച്ചുനീക്കുന്നത് അനീതിയാണെന്ന് പ്രമുഖ ചരിത്രകാരി സ്വപ്‌ന ലിഡ്‌ലെ അഭിപ്രായപ്പെട്ടു. ട്രാഫിക് സൗകര്യം ഒരുക്കാന്‍ പള്ളി പൊളിക്കുന്നതിനെക്കാള്‍ നല്ലത് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് മറ്റൊരു ചരിത്രകാരി റാണ സഫ്വി പറഞ്ഞു.
പള്ളി യഥാസ്ഥാനത്ത് നിലനിന്നു കാണാന്‍ നിയമയുദ്ധം നടത്തുമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് അര്‍ഷദ് മദനി പറഞ്ഞു. അയോധ്യയിലെ ബാബരി മസ്ജിദ് കേസിലെ വിധി ഹിന്ദു വിഭാഗത്തിന് അനുകൂലമായതോടെ വര്‍ഗീയ ശക്തികള്‍ക്ക് ധൈര്യംകൂടുകയും അവരുടെ കണ്ണ് മറ്റ് പള്ളികള്‍ക്ക് നേരെ തിരിയുകയും ചെയ്തിട്ടുണ്ട്. പള്ളിയുടെ സംരക്ഷണത്തിനായി എല്ലാ നിയമവഴികളും സ്വീകരിക്കും അര്‍ഷദ് മദനി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."