HOME
DETAILS

ഇല്ലാത്ത മനുഷ്യാവകാശം ആഘോഷിച്ചിട്ടെന്താ?

  
backup
December 12 2021 | 05:12 AM

485632-653-2021


ലോകത്തെ എല്ലാ മനുഷ്യരും മത, ലിംഗ, ഭാഷ, ദേശഭേദമില്ലാതെ തുല്യമായ മനുഷ്യാവകാശങ്ങള്‍ക്ക് അര്‍ഹരാണെന്ന പ്രഖ്യാപനം 1948 ഡിസംബര്‍ 10 നാണ് ഐക്യരാഷ്ട്രസഭ നടത്തുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ് 1950 മുതല്‍ ലോകജനത എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആഘോഷിച്ചുവരുന്നുമുണ്ട്. ഇന്ത്യയിലും അത് വര്‍ണഭംഗിയോടെ കൊണ്ടാടപ്പെടുന്നുണ്ട്. രണ്ടു ദിവസം മുമ്പാണ് നമ്മള്‍ വിപുലമായി മനുഷ്യാവകാശദിനം ആഘോഷിച്ചത്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ജാതി, മത, ലിംഗ, ഭാഷ ഭേദമില്ലാതെ മാന്യമായ ജീവിതം നയിക്കാനുള്ള മൗലികാവകാശമുണ്ടെന്ന് കൂടി പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് പൂര്‍ണരൂപം കൈവരുന്നത് 1949 നവംബര്‍ 26 നാണ്. അടുത്തവര്‍ഷം 1950 ജനുവരി 26 ന് അതു പ്രാബല്യത്തിലാകുകയും അന്നു മുതല്‍ ഇന്ത്യക്കാര്‍ ഭരണഘടനാ ദിനോഘോഷം കൂടിയായ റിപ്പബ്ലിക് ദിനം ആഘോഷിക്കുകയും ചെയ്യുന്നുണ്ട്.
അതായത് ലോകത്തെങ്ങും മനുഷ്യാവകാശവും ഇന്ത്യയില്‍ പൗരാവകാശവും നിയമം മൂലം അംഗീകരിക്കപ്പെട്ടിട്ട് ഏഴുപതിറ്റാണ്ടായി. ഇവിടെ, ഇതര രാജ്യങ്ങളുടെ കഥയെല്ലാം മാറ്റിവച്ച് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ മാത്രം ഒരു ചോദ്യംചോദിക്കേണ്ടത് അനിവാര്യമാണ്. ആ ചോദ്യമിതാണ്, ഈ ഏഴു പതിറ്റാണ്ടിനിടയില്‍ മനുഷ്യാവകാശത്തിന്റെയും പൗരാവകാശത്തിന്റെയും കാര്യത്തില്‍ നമുക്ക് എത്രത്തോളം മുന്നോട്ടുപോകാന്‍ കഴിഞ്ഞു.


സ്വാതന്ത്ര്യം കിട്ടി ഏറെക്കാലം ഇക്കാര്യത്തില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞുവെന്നതു യാഥാര്‍ത്ഥ്യം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊക്കെ നിയമം മൂലം നിരോധിക്കപ്പെട്ടു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അവ ഏതാണ്ട് തീര്‍ത്തും അപ്രത്യക്ഷമാകുകയും ചെയ്തു. എങ്കിലും, ഭാവിയില്‍ എല്ലാം കീഴ്‌മേല്‍ മറിയുമെന്ന ഭീതിയുളവാക്കും മട്ടിലാണ് കാര്യങ്ങളുടെ ഗതി. ദൈവത്തിന്റെ സ്വന്തം നാടെന്ന് കുറേക്കാലമായി നാം അഭിമാനം കൊണ്ട കേരളം പോലും വീണ്ടും പഴയ ഭ്രാന്താലയദുര്‍ഗതിയിലേയ്ക്കു കൂപ്പുകുത്തുകയാണോയെന്നു ഭയക്കേണ്ടിയിരിക്കുന്നു. സൗഹാര്‍ദവും സൗഭ്രാത്രവും നഷ്ടപ്പെട്ട പകയുടെ അവതാരങ്ങള്‍ വിളയാടുന്ന കേരളത്തെയാണോ ഭാവിയില്‍ കാണേണ്ടിവരിക.


മനുഷ്യാവകാശങ്ങളില്‍ സുപ്രധാനം മാന്യമായി ജീവിക്കാനുള്ള അവകാശമാണ്. ഇന്ത്യയില്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ ഏഴു പതിറ്റാണ്ടുകൊണ്ട് കഴിഞ്ഞുവെന്നതിന് ഏറ്റവും നല്ല അളവുകോല്‍ ആഴ്ചകള്‍ക്കു മുമ്പ് രാജ്യത്തെ പരമോന്നത നീതിപീഠം സര്‍ക്കാരിനെ ഓര്‍മിപ്പിച്ച വാക്കുകളാണ്. 'നാട്ടിലെ ജനങ്ങളുടെ പട്ടിണി മാറ്റലാണ് ഭരണകൂടത്തിന്റെ അടിസ്ഥാന കടമ' യെന്നാണ് സുപ്രിംകോടതി പറഞ്ഞത്. ഇന്ത്യ പട്ടിണിക്കാര്‍ ഏറെയുള്ള നാടാണെന്നത് മറച്ചുവയ്ക്കാനാകുമോ. ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവന്റെ ഉന്നതിയാണ് രാജ്യത്തിന്റെ ഉന്നതിയുടെ മാനദണ്ഡമെന്നും ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നും ആവര്‍ത്തിച്ചു പറഞ്ഞ മഹാത്മാവിനെ രാഷ്ട്രപിതാവായി അംഗീകരിച്ച നാട്ടിലാണ് ഇന്നും നാട്ടിന്‍പുറങ്ങളില്‍ ദരിദ്രനാരായണന്മാര്‍ പെരുകിക്കൊണ്ടിരിക്കുന്നത്. കൊവിഡിന്റെ തേര്‍വാഴ്ചക്കാലത്ത് രോഗബാധയുണ്ടാക്കിയ ദുരിതത്തിന്റെ പതിന്മടങ്ങു ദുരിതമാണ് തൊഴിലില്ലായ്മ മൂലം ജീവിക്കാന്‍ ഗതിയില്ലാതെ ജനകോടികള്‍ അക്കാലത്ത് അനുഭവിച്ചത്. കേരളത്തില്‍ പോലും എത്രയെത്ര ആത്മഹത്യകള്‍ സാമ്പത്തികപരാധീനത മൂലമുണ്ടായി. ഭരണസിരാകേന്ദ്ര നിര്‍മിതിക്കും ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള പ്രതിമാ നിര്‍മാണങ്ങള്‍ക്കും ആറും എട്ടും വരിയുള്ള രാജവീഥികളുടെ നിര്‍മാണത്തിനും മറ്റുമായി കോടാനുകോടികള്‍ വാരിക്കോരി ചെലവഴിച്ചുകൊണ്ടേയിരിക്കുകയാണ്.


പൗരന്മാരുടെ പട്ടിണി തീര്‍ത്തിട്ടു പോരേ ആര്‍ഭാടത്തില്‍ ആറാടാന്‍ എന്നു ചോദിക്കാന്‍ ഗാന്ധിയെപ്പോലൊരാള്‍ ഇവിടെ ജീവിച്ചിരിപ്പില്ലല്ലോ. 378 ദിവസം നീണ്ട കര്‍ഷകസമരത്തിന് ഒടുവില്‍ വിജയസമാപ്തിയായി. ആവശ്യങ്ങളില്‍ ഏതാണ്ടെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞു. പാര്‍ലമെന്റില്‍ പാസ്സാക്കിയ കര്‍ഷകദ്രോഹ നിയമങ്ങള്‍ മൂന്നും പാര്‍ലമെന്റില്‍ തന്നെ പിന്‍വലിച്ചു. സ്വാഭാവികമായും ഇന്ത്യയിലെ കര്‍ഷകരുടെ ഐതിഹാസിക വിജയമായിരുന്നു അത്. രാജ്യം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷിക്കേണ്ട വിജയം.
പക്ഷേ, അതിനിടയില്‍ നാം മറക്കാന്‍ പാടില്ലാത്ത സങ്കടകരമായ ഒരു യാഥാര്‍ത്ഥ്യമുണ്ട്. എഴുനൂറിലേറെ കര്‍ഷകര്‍ക്കാണ് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ അക്രമരഹിത സമരത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കൊടുംതണുപ്പിനും അത്യുഷ്ണത്തിനും പേമാരിക്കും ഗുണ്ടാവിളയാട്ടങ്ങള്‍ക്കും ഇരകളാക്കപ്പെടുകയായിരുന്നു അവര്‍. പതിനായിരക്കണക്കിനു കര്‍ഷകര്‍ ഒരു വര്‍ഷക്കാലം തെരുവില്‍ നരകയാതനയനുഭവിച്ചു.


മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ഭരണകൂടത്തിന്റെ ക്രൂരമായ അവഗണനയുടെ ഇരകളാണ് അവര്‍. സമരജീവികളെന്നും തീവ്രവാദികളെന്നും അപഹസിച്ചില്ലേ. വിദേശഫണ്ട് സ്വീകരിക്കുന്നവരെന്നു മുദ്രകുത്താന്‍ ശ്രമിച്ചില്ലേ. ഇത്രയും പീഡിപ്പിക്കാന്‍ ആ കര്‍ഷകര്‍ എന്തു തെറ്റാണ് ചെയ്തത്. തങ്ങളുടെ വിളകള്‍ കവരാന്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് അവസരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മുറവിളി കൂട്ടിയതോ. ഇതില്‍പ്പരമൊരു മനുഷ്യാവകാശ ലംഘനം സ്വതന്ത്ര ഇന്ത്യയില്‍ വേറെ ചൂണ്ടിക്കാണിക്കാനുണ്ടോ.


ഏതു മതത്തില്‍ വിശ്വസിക്കാനും വിശ്വസിച്ച മതം ആചരിക്കാനും പ്രചരിപ്പിക്കാനും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ടെന്നും അതു മൗലികാവകാശമാണെന്നും എഴുതിവച്ച ഭരണഘടനയുള്ള രാജ്യമാണിത്. ആ രാജ്യത്താണ് ഇപ്പോള്‍ മതവെറിയുടെ സിദ്ധാന്തങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഏറെക്കാലമായി നടന്നുകൊണ്ടിരിക്കുന്ന ആ വര്‍ഗീയപ്രചാരണങ്ങള്‍ക്ക് ഇപ്പോള്‍ തീവ്രതയും തീക്ഷ്ണതയും ഏറെ വര്‍ധിച്ചിരിക്കുന്നു.


അഭിപ്രായസ്വാതന്ത്ര്യം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലും ഇന്ത്യയുടെ ഭരണഘടനയിലും ഊന്നിപ്പറയുന്ന മൗലികാവകാശമാണ്. ഇന്ന് ഇന്ത്യയില്‍ അത് അംഗീകരിക്കപ്പെടുന്നുണ്ടോ. പാവങ്ങള്‍ അതിക്രൂരമായി വേട്ടയാടപ്പെടുമ്പോള്‍, ഭരണകൂട ഭീകരത താണ്ഡവമാടുമ്പോള്‍ അതു ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അഴിക്കുള്ളില്‍ അടയ്ക്കപ്പെട്ടത് സമീപകാലത്താണ്. ഇത്തവണ പാര്‍ലമെന്റ് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ വളരെക്കുറച്ച് മാധ്യമങ്ങള്‍ക്കു മാത്രമാണ് അനുമതി കൊടുത്തത്. കൊവിഡിന്റെ പേരില്‍ നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ മറപിടിച്ചുള്ള മാധ്യമ തമസ്‌കരണം. സര്‍ക്കാരിനെ വെട്ടിലാക്കുന്ന പല വിഷയങ്ങളും ചര്‍ച്ചയ്ക്ക് വരുന്ന ഘട്ടത്തിലാണിങ്ങനെ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടല്‍.
മാധ്യമസ്വാതന്ത്ര്യത്തെ അങ്ങേയറ്റം വിലമതിച്ച ജവഹര്‍ലാല്‍ നെഹ്‌റു പ്രഥമപ്രധാനമന്ത്രിയായ രാജ്യത്താണ് ഈ പൗരാവകാശ ലംഘനം. ഇനി പറയൂ, നമുക്ക് മനുഷ്യാവകാശദിനം ആഘോഷിക്കാനുള്ള ധാര്‍മികാവകാശമുണ്ടോ ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  6 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  6 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  6 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  6 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  6 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago

No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  6 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago