'അറബി ഭാഷയുടെ ചക്രവാളങ്ങൾ വികസനോന്മുഖമാക്കുക'
? ഏഷ്യൻ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പ്രാദേശിക ഭാഷകളോട് കിടപിടിക്കുന്ന ജനസ്വാധീനമുള്ള ഭാഷയായി എങ്ങനെയാണ് അറബിയെ മാറ്റാൻ കഴിയുക?
= അറബി ഭാഷയെ ദേശീയ ഭാഷകളുടെ എതിരാളിയോ അതിന് പകരക്കാരനോ ആക്കേണ്ട ആവശ്യമില്ല. അറബി ഭാഷയുമായുള്ള അവയുടെ ബന്ധം പരസ്പര പൂരകമാണ്. അല്ലെങ്കിൽ അങ്ങനെയായിരിക്കണം. വിശേഷിച്ച് അറബിയെ വിശുദ്ധ ഭാഷയായി കാണുന്ന മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ. രാജ്യത്തെ ദേശീയ ഭാഷക്ക് ശേഷം അറബി ഭാഷക്ക് രണ്ടാമത്തെ ഭാഷയാകാൻ കഴിയുക എന്നതു തന്നെ ഏറെ സന്തോഷദായകമാണ്. അറേബ്യൻ ഉപദ്വീപിനു പുറത്തും അറബി ഭാഷക്ക് വ്യക്തമായ സ്വാധീനം ഞാൻ കാണുന്നു. ഇന്ത്യയിലെ അറബി ഭാഷയുടെ അവസ്ഥകൾ എനിക്ക് ഒരുപരിധിവരെ പരിചിതമാണ്. കേരളം പോലുള്ള പ്രദേശങ്ങളിൽ അവ ഏറെ തൃപ്തികരമാണ്.
ഇതെല്ലാം സാംസ്‌കാരിക പ്രചോദിതമാണ്. കാരണം, ഭാഷ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക ചിഹ്നങ്ങളിൽ ഒന്നാണല്ലോ. അറബ്, ഇസ്ലാമിക നാഗരികതക്കും സംസ്‌കാരത്തിനും ലഭിക്കുന്ന സ്വീകാര്യതക്കനുസൃതമായി അറബി ഭാഷക്കും സമൂഹത്തിൽ
സ്വീകാര്യത വർധിക്കുന്നു.
? ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അറബി ഭാഷ ദിനം ആചരിക്കുകയാണല്ലോ. അറബി ഭാഷയുടെ വളർച്ചയിൽ ഈ ദിവസത്തെ ആഘോഷം ചെലുത്തുന്ന സ്വാധീനത്തിൽ നിങ്ങൾ എത്രത്തോളം തൃപ്തരാണ്?
= അറബി ഭാഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും അതിന്റെ പദവി ഉയർത്തുകയും ചെയ്യുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷയായി അറബി ഭാഷ അംഗീകരിക്കപ്പെട്ട ദിനമാണ് ഇത്തരമൊരു ആചരണത്തിന് അവർ നിശ്ചയിച്ചത്.ഈ ആഘോഷത്തിന്റെ ഭാഗമായി വൈജ്ഞാനികവും സാംസ്‌കാരികവുമായ നിരവധി പ്രവർത്തനങ്ങൾ ലോകമെമ്പാടും നടത്തപ്പെടുന്നു. ഈ ആഘോഷത്തിന്റെ സ്വാധീനത്തിൽ പൂർണ്ണമായും സംതൃപ്തനാണോ എന്നു ചോദിച്ചാൽ അല്ല എന്നതാണ് ഉത്തരം. കാരണം, പല പ്രസ്ഥാനങ്ങളും ഈ ദിവസത്തെ അവഗണിക്കുകയോ നിരർത്ഥകമായ പ്രകടനങ്ങൾ കൊണ്ട് തൃപ്തിയടയുകയോ ചെയ്യുന്നു.
? അന്താരാഷ്ട്ര അറബി ഭാഷാദിനം അർഥപൂർണവും ക്രിയാത്മകവുമാക്കുന്നതിൽ സ്‌കൂളുകൾ, കോളജുകൾ സർവകലാശാലകൾ തുടങ്ങിയ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾക്ക് എന്ത് പങ്കാണ് വഹിക്കാൻ കഴിയുക?
= അറബി ഭാഷയെക്കുറിച്ചും ലോക ഭാഷകൾക്കിടയിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനെ ആധുനികവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചചെയ്യാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രത്യേക സെമിനാറുകളും സിമ്പോസിയങ്ങളും മറ്റും സംഘടിപ്പിക്കാൻ കഴിയും. സർവകലാശാലകൾക്കും കോളജുകൾക്കും അറബി ഭാഷയിലെ സാംസ്‌കാരികവും ശാസ്ത്രീയവുമായ പരിപാടികൾ നടത്താൻ പ്രത്യേക രൂപരേഖ തയാറാക്കുകയും ചെയ്യാം. ആഘോഷം അറബി ഭാഷയുമായി ബന്ധപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തരുത്. സാംസ്‌കാരിക വൈവിധ്യവും ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്ന തരത്തിലുള്ള സാർവത്രികതയും സാധ്യമാക്കാൻ മറ്റുള്ളവരെക്കൂടി അവയിൽ പങ്കെടുപ്പിക്കണം.
? ആഗോളവൽക്കരണത്തിൻ്റെ ഭാഗമായി ആംഗലേയവൽക്കരണത്തിൻ്റെ തള്ളിക്കയറ്റമാണ് എല്ലായിടത്തും കാണുന്നത്. ഈ സാഹചര്യത്തിൽ അറബി ഭാഷയെ എങ്ങനെയാണ് ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത്
= പല മേഖലകളിലും അറബി ഭാഷയുടെയും പ്രാദേശിക ഭാഷകളുടെയും സ്വാധീനം കുറഞ്ഞുവരുന്നുവെന്നത് യാഥാർഥ്യമാണ്. സാമൂഹികമായി മേൽക്കൈ നേടുന്ന ശക്തികളെ ഇതര സമൂഹങ്ങൾ അനുകരിക്കുന്നത് ഒരു സാമൂഹിക പ്രതിഭാസമാണെന്ന് ഇബ്‌നു ഖൽദൂൻ സൂചിപ്പിച്ചിട്ടുണ്ട്. അറബ്-ഇസ്ലാമിക നാഗരികതക്ക് ലോകത്ത് മോൽക്കോയ്മ നിലനിന്നിരുന്നപ്പോൾ യൂറോപ്യന്മാർ നമ്മെ അനുകരിച്ചിരുന്നു. ലോകത്ത് ആദ്യമായി സർവകലാശാലകൾ സ്ഥാപിച്ചത് മുസ്ലിംകളായിരുന്നു. പിന്നീട്, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോൾ അന്നത്തെ അക്കാദമിക് ഭാഷ അറബിയായിരുന്നു. നമ്മുടെ ഭാഷയ്ക്കുള്ള ഏറ്റവും വലിയ സംരക്ഷണം നമ്മുടെ ഐക്യത്തിലും നമ്മുടെ ശക്തിയിലും നാഗരിക പുരോഗതിയിലുമാണ്.
? അറബി ഭാഷയെ ഇതര ഭാഷ സംസാരിക്കുന്നവരിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നിലവിലെ ശ്രമങ്ങളിൽ നിങ്ങൾ എത്രത്തോളം സംതൃപ്തനാണ്. ഇതര ഭാഷക്കാർക്ക് അറബി ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും എത്രമാത്രം പര്യാപ്തമാണ്? ഈ ദിശയിൽ കൂടുതൽ എന്തെങ്കിലും ചെയ്യാനുണ്ടോ?
= ഇന്ന് ഭാഷാവികാസത്തിനും പ്രചാരണത്തിനും കൂടുതൽ അവസരങ്ങളുണ്ട്. ടിവി ചാനലുകളുടെയും വെബ്‌സൈറ്റുകളുടെയും സാന്നിധ്യം ഭാഷാപഠനത്തിന് മികച്ച അവസരം നൽകുന്നു. ഇപ്പോൾ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അത് മാധ്യമങ്ങളിലൂടെ ലളിതമായ ഭാഷയിൽ കേൾക്കാനാകും.നേരിട്ടുള്ള സ്വീകരണമാണ് ഭാഷാപഠനത്തിൽ കൂടുതൽ ഫലപ്രദം. ഇതരഭാഷ സംസാരിക്കുന്നവരെ അറബി പഠിപ്പിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം, അറബി ഭാഷ പ്രചരിപ്പിക്കുന്നതിൽ അവ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. 1974 ൽ ഖാർത്തൂം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടീച്ചിംഗ് അറബിക്ക് എന്ന സ്ഥാപനം ഈ ലക്ഷ്യത്തിലുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു. ഇത്തരം സ്ഥാപനങ്ങൾ ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. അമേരിക്ക, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നയതന്ത്രം, വാണിജ്യം, ടൂറിസം മേഖലകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന അറബി ഭാഷാ വിദ്യാർത്ഥികൾക്കായി ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ നിരവധി ഉയർന്നുവന്നിട്ടുണ്ട്.
? സാങ്കേതിക വികസനങ്ങളും ഡിജിറ്റൽ വിപ്ലവവും അറബി ഭാഷയിൽ ചെലുത്തിയ സ്വാധീനം ഗുണപരമാണോ?
= 1989 ൽ പത്രഭാഷയെക്കുറിച്ചുള്ള എന്റെ ഡോക്ടറൽ പ്രബന്ധം ഞാൻ എഴുതിയപ്പോൾ, അറബി ഭാഷയിൽ ജേണലിസം പ്രതികൂല സ്വാധീനം ചെലുത്തിയെന്ന അനുമാനത്തോടെയാണ് പഠനം ആരംഭിച്ചത്. പക്ഷേ വിപരീത നിഗമനത്തിലാണ് അവസാനം എത്തിച്ചേർന്നത്. അറബി ഗദ്യത്തിന്റെ വികാസത്തിൽ പത്രമാധ്യമങ്ങളുടെ സ്വാധീനം വ്യക്തമാണ്. സാങ്കേതിക വികസനം നമ്മുടെ ഭാഷയുടെയും സ്വത്വത്തിന്റെയും വളർച്ചക്ക് അനുകൂലമാകുന്നതും പ്രതികൂലമാകുന്നതും ഈ രംഗത്തെ ഇടപെടലിൻ്റെ രീതിയനുസരിച്ചാണുണ്ടാവുക. ആഗോളവൽക്കരണം ജനങ്ങളിൽ ഭീതിദമായ സ്വാധീനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ, ആഗോളവൽക്കരണത്തെ നമുക്ക് അനുകൂലമാക്കി മാറ്റാനും സാധിക്കും.കൊളോണിയലിസം വന്നപ്പോൾ പാഠ്യഭാഷയെ കൊളോണിയൽ ഭാഷയാക്കി മാറ്റിയിരുന്നു. അടുത്ത കാലം വരെ, സുഡാനിലെ സ്‌കൂളുകളിൽ പാഠ്യഭാഷ ഇംഗ്ലീഷ് ആയിരുന്നു. ഈജിപ്തിൽ, 1899 ൽ എല്ലാ തലങ്ങളിലെയും വിദ്യാഭ്യാസം ഇംഗ്ലീഷിലാക്കാൻ ഉത്തരവുണ്ടായിരുന്നു. അവിടെ ദേശസ്‌നേഹികൾക്ക് ഈ ശ്രമത്തെ ചെറുത്തു തോൽപിക്കാൻ കഴിഞ്ഞു. അവർ അറബി ഭാഷയെ അധിനിവേശ വിരുദ്ധ പോരാട്ടത്തിൻ്റെ മാധ്യമമാക്കി.
? ഇംഗ്ലീഷ് ഭാഷയുടെ ആഗോള സ്വീകാര്യത അറബി ഭാഷയുടെ വളർച്ചയ്ക്ക് ഏതെങ്കിലും രീതിയിൽ ഭീഷണിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
= ലോകത്തിന്റെ പല ഭാഗങ്ങളിലും ഇംഗ്ലീഷ് ഭാഷ മേധാവിത്വം നേടിയ പോലെ, ഉത്തരാഫ്രിക്ക പോലുള്ള സ്ഥലങ്ങളിൽ ഫ്രഞ്ച് ഭാഷയുടെ ആധിപത്യവും കാണാൻ കഴിയും. നമ്മൾ ദേശീയ ഭാഷയെ പൂർണമായി അവഗണിക്കുകയോ വിദേശ ഭാഷയുടെ വികാസം പ്രാദേശിക ഭാഷകളുടെ ചെലവിൽ ആവുകയോ ചെയ്യുമ്പോഴാണ് ഈ മേധാവിത്വത്തിന് നെഗറ്റീവ് മാനം കൈവരുന്നത്. ഇംഗ്ലീഷും പ്രാദേശിക ഭാഷകളും ഒരുമിച്ചു കൊണ്ടുപോകുന്ന ശൈലിയാണ് ഏറ്റവും അഭികാമ്യം. ഭാഷ ആസൂത്രണത്തിൽ പ്രധാനം ഒരു ഭാഷ മറ്റൊന്നിൽ പൂർണമായി ആധിപത്യം സ്ഥാപിക്കുന്നില്ല എന്നതാണ്. ശരിയായ ആസൂത്രണത്തിലൂടെ ഒരു വിദേശ ഭാഷയുടെ സാന്നിധ്യം പ്രാദേശിക ഭാഷയെ സമ്പന്നമാക്കുന്നതിനുള്ള മാർഗമാക്കാം. വ്യക്തിത്വ വികസനത്തിൽ പുതിയ ഒരു ഭാഷ സ്വായത്തമാക്കുന്നത് നിങ്ങളുടെ മാതൃഭാഷയെ ശക്തിപ്പെടുത്തുന്നു.
? അറബ് ലോകവുമായും അതിന്റെ സംസ്‌കാരവുമായുള്ള ദീർഘകാല ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, അറബി ഭാഷയെക്കുറിച്ചുള്ള ചർച്ചകളിൽ കേരളം പ്രത്യേക പരാമർശം അർഹിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
= പ്രാചീനകാലം മുതലേ കേരളത്തിൽ പ്രസിദ്ധമായ മതപഠനകേന്ദ്രങ്ങളും പള്ളികളും വൈജ്ഞാനിക സ്ഥാപനങ്ങളും ഉണ്ട്. ഒരുപക്ഷേ ഈ പ്രദേശത്തിന്റെ പേര്, ഞാൻ മനസ്സിലാക്കിയതുപോലെ, ''ഖൈർ അല്ലാ'' എന്ന അറബി നാമത്തിൽ നിന്ന് ഉണ്ടായതാണ്. കൂടാതെ രസകരമായ മറ്റൊരു കാര്യം, ''മലയാളം'' എന്ന വാക്ക് ''മാ ലായഅ്!ലം'' അഥവാ, ''അറിയാത്തത്'' എന്നതിൽ നിന്ന് ഉണ്ടായതാണെന്നും ചില ഭാഷാപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യയിലെ മുൻ സുദാൻ അംബാസഡർ ഡോ. ഖിദർ അൽ ഹാറൂൺ എന്നോട് പറഞ്ഞ അഭിപ്രായമാണിത്. അറബ്ഇസ്ലാമിക നാഗരികതയുമായി ഏറ്റവും അടുത്ത ബന്ധമുള്ള കേരളത്തിലെ വലിയൊരു വിഭാഗം ആളുകളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. ഇന്ത്യ, പ്രത്യേകിച്ച് കേരളം സന്ദർശിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഇതിനകം നിരവധി ക്ഷണങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ, സാഹചര്യങ്ങൾ അനുവദിച്ചില്ല. ഇന്ത്യയും ലോകത്തിലെ എല്ലാ രാജ്യങ്ങളും ഈ പകർച്ചവ്യാധിയിൽ നിന്ന് രക്ഷപ്പെടുമെന്നും തടസ്സങ്ങളില്ലാതെ വീണ്ടും ഭൂമിയിൽ സഞ്ചരിക്കാൻ ആളുകളെ അനുവദിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."