എം.പിമാരുടെ സസ്പെൻഷൻ: ജനാധിപത്യ പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ
രാജ്യസഭയിൽനിന്ന് 12 എം.പിമാരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ വീണ്ടും മറ്റൊരംഗത്തെക്കൂടി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരിക്കുകയാണ്. തൃണമൂൽ എം.പി ഡെറക് ഒബ്രയനെയാണ് ശീതകാല സമ്മേളനം അവസാനിക്കുന്ന ഇന്ന് വരെ സസ്പെൻഷനിൽ നിർത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ബിൽ രാജ്യസഭയിൽ എത്തിയപ്പോൾ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ഈ കാര്യത്തിൽ വോട്ടെടുപ്പ് വേണമെന്നും പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ആവശ്യപ്പെട്ടതാണ്. അംഗങ്ങൾ ഇരിപ്പിടങ്ങളിലേക്ക് മടങ്ങിയാൽ വോട്ടെടുപ്പ് നടത്താമെന്ന ഉപാധ്യക്ഷൻ ഹരിവംശിന്റെ ആവശ്യം പ്രതിപക്ഷം തള്ളി. ആദ്യം വോട്ടെടുപ്പ് ശേഷം സീറ്റുകളിലേക്ക് മടങ്ങാമെന്ന പ്രതിപക്ഷാവശ്യം സഭാധ്യക്ഷനും അംഗീകരിച്ചില്ല. ഇതിനിടയിലുണ്ടായ ബഹളങ്ങൾക്കിടയിൽ ഡെറക് ഒബ്രയൻ ഉദ്യോഗസ്ഥർ ഇരിക്കുന്ന സ്ഥലത്തേക്ക് സഭാ ചട്ടങ്ങളുടെ പുസ്തകം വലിച്ചെറിഞ്ഞു എന്നാരോപിച്ചു കൊണ്ടാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ പെരുമാറി എന്നാരോപിച്ചുകൊണ്ടാണ് സഭാധ്യക്ഷൻ വെങ്കയ്യ നായിഡു ബിനോയ് വിശ്വം, എളമരം കരീം എന്നിവരടക്കം 12 എം.പിമാരെ സസ്പെൻഡ് ചെയ്തത്. നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 256 പ്രകാരം അംഗങ്ങളെ 255ാമത് സെഷന്റെ ശേഷിക്കുന്ന സമയത്തേക്ക് നവംബർ 29 ന് സസ്പെൻഡ് ചെയ്യുന്നുവെന്നായിരുന്നു നോട്ടിസിൽ പറഞ്ഞിരുന്നത്. ഒാഗസ്റ്റിലെ വർഷകാല സമ്മേളനത്തിനിടെയുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങിയ നവം 29 മുതൽ പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ പുറത്തിരുത്തുക എന്നത് കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. എം.പിമാർ ഇതിനെതിരേ സത്യഗ്രഹമിരുന്നിട്ട് പോലും സസ്പെൻഷൻ സംബന്ധിച്ച ചർച്ചക്ക് സർക്കാർ തയാറായത് സമ്മേളനം അവസാനിക്കാൻ നാല് ദിവസം മാത്രംബാക്കിയുള്ളപ്പോഴാണ്. സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർ മാപ്പു ചോദിച്ചാലല്ലാതെ സസ്പെൻഷൻ പിൻവലിക്കുകയില്ലെന്ന വാശിയിൽ ഉറച്ചുനിൽക്കുകയാണിപ്പോഴും സഭാധ്യക്ഷനായ വെങ്കയ്യ നായിഡു.
ഇൻഷുറൻസ് ഭേദഗതിയുമായി ബന്ധപ്പെട്ട് ഒാഗസ്റ്റ് മാസത്തിൽ ഉണ്ടായ ബഹളത്തിന് നവംബറിൽ ചേർന്ന ശൈത്യകാല സമ്മേളനത്തിന്റെ മുഴുവൻ ദിവസവും പന്ത്രണ്ട് പ്രതിപക്ഷാംഗങ്ങളെ പുറത്ത് നിർത്തിയതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വേണം കരുതാൻ. തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ, വിവാഹപ്രായ ഭേദഗതി ബിൽ എന്നീ ജനാധിപത്യവിരുദ്ധ ബില്ലുകളെല്ലാം ഈ ശൈത്യകാല സമ്മേളനത്തിലാണ് സർക്കാർ അവതരിപ്പിച്ചത്. ബില്ലുകൾ രാജ്യസഭയിൽ ചൂടേറിയ ചർച്ചകൾക്ക് വിധേയമാകുമെന്ന് സർക്കാരിന് ഉറപ്പുണ്ടായിരുന്നു. പ്രതിപക്ഷത്തെ ബിനോയ് വിശ്വം, എളമരം കരീം ഉൾപ്പെടെയുള്ളവരുടെ നാവടക്കാൻ ഭരണകൂടം കണ്ടെത്തിയ എളുപ്പവഴിയായിരിക്കണം ഒാഗസ്റ്റിൽ കഴിഞ്ഞ സംഭവത്തിന്റെ പേരിൽ നവംബറിൽ വന്ന സസ്പെൻഷൻ.
ജനാധിപത്യസ്വരങ്ങളെ എങ്ങനെ ഭരണകൂടങ്ങൾ ജനാധിപത്യമാർഗമുപയോഗിച്ച് തന്നെ നിശബ്ദമാക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഡെറക് ഒബ്രയൻ അടക്കം പതിമൂന്ന് എം.പിമാരെ പാർലമെൻ്റിൽനിന്ന് സസ്പെൻഡ് ചെയ്തത്. സർക്കാരിനെതിരേ വരാവുന്ന ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം പ്രതിഷേധിക്കുന്നവർക്കെതിരേ കള്ളക്കേസുകൾ എടുത്ത് യു.എ.പി.എ ചുമത്തി വിചാരണയില്ലാതെ അനന്തമായി ജയിലിലിടുകയോ ഇ.ഡിയെയും സി.ബി.ഐയേയും ഉപയോഗപ്പെടുത്തി റെയ്ഡ് നടത്തുകയോ ആണ് പതിവ്. ജനപ്രതിനിധികളാകുമ്പോൾ അത് പറ്റില്ല. നിയമ നിർമാണസഭയിൽ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ബില്ലുകൾ വരുമ്പോൾ സ്വാഭാവികമായും പ്രതിപക്ഷ ഭാഗത്തുനിന്ന് രൂക്ഷമായ എതിർപ്പുകൾ ഉണ്ടാകും. അത്തരം എതിർപ്പുകളെ ഇല്ലാതാക്കാനാണ് സർക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ നിന്നു പ്രതിപക്ഷ എം.പിമാരെ ഒഴിവാക്കാനായി സസ്പെൻഡ് ചെയ്യുന്നത്. ബില്ലുകൾ പാസാക്കാൻ ബി.ജെ.പിക്ക് അണ്ണാ ഡി.എം.കെ, ബി.എസ്.പി പോലുള്ള കക്ഷികളുടെ പിന്തുണ കിട്ടുമെങ്കിലും ജനാധിപത്യവിരുദ്ധ നിയമങ്ങൾക്കെതിരേ തീപാറുന്ന പ്രതിപക്ഷ വിമർശനങ്ങളെ തടയിടുവാനും കൂടിയാണ് ഇത്തരം സസ്പെൻഷനുകൾ.
സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ വാക്കുകൾ ഫാസിസത്തിന്റെ നിഘണ്ടുവിൽ ഇല്ല. മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയുടെ പ്രധാനമന്ത്രി ക്ഷേത്രനിർമാണങ്ങൾക്ക് കാർമികത്വം വഹിക്കുന്നത് അതിനാലാണ്. ഹിന്ദുത്വ ഫാസിസത്തിന് വഴി വെട്ടുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഭരണാധികാരികൾ. സർക്കാരിന്റെ വിമർശകരായ പൊതുപ്രവർത്തകരെയും ദലിതുകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ആസൂത്രിതമായ അക്രമങ്ങൾക്ക് വിധേയരാക്കി നിശബ്ദരാക്കുമ്പോൾ ജനപ്രതിനിധികളെ അവരുടെ വായ മൂടിക്കെട്ടാൻ സസ്പെൻഷനുകളും ഉപയോഗപ്പെടുത്തുന്നു. ജനതയുടെ സ്വാതന്ത്ര്യമാണ് ഇത്തരം ഭരണകൂട പ്രവർത്തനങ്ങളിലൂടെ ഇല്ലാതാകുന്നത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യഥാർഥ സ്വാതന്ത്ര്യം തിരികെ പിടിക്കാൻ കർഷക സമരം പോലുള്ള മറ്റൊരു സ്വാതന്ത്ര്യ സമരം അനിവാര്യമായിരിക്കുന്നുവെന്ന് ഇത്തരം സംഭവങ്ങൾ വിളിച്ചുപറയുന്നു.
ജനാധിപത്യത്തിന്റെ പേരിലാണ് ഓരോ ദിനവും ജനാധിപത്യ വിരുദ്ധ നിയമങ്ങൾ ഇന്ത്യൻ പാർലമെൻ്റിലൂടെ പാസായിക്കൊണ്ടിരിക്കുന്നത്. ജർമനിയിൽ ഹിറ്റ്ലറുടെ നാസി പാർട്ടിയുടെ മുഴുവൻ പേര് നാഷനൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി എന്നായിരുന്നുവെന്ന് ഈസന്ദർഭത്തിൽ ഓർക്കാം. ആപത്തുകളെ സാധ്യതകളാക്കുക എന്നതാണ് ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളുടെ കീഴ്‌വഴക്കം. കൊവിഡിൽ നിന്ന് മുതലെടുത്താണ് പല മനുഷ്യാവകാശ പ്രവർത്തകരേയും ഇന്ത്യയിൽ അറസ്റ്റ് ചെയ്തത്.
ജനകീയ ശക്തികൾക്ക് മുമ്പിൽ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളെല്ലാം പരാജയപ്പെട്ടിട്ടേയുള്ളൂ. ഇന്ത്യയിലെ കർഷക സമരത്തെ ഓർമിപ്പിക്കുന്നതായിരുന്നു വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിലെ തെഹ്‌രീർ ചത്വരത്തിൽ സ്ത്രീകളടക്കമുള്ള, തടിച്ചുകൂടിയ ജനശക്തിക്ക് മുമ്പിൽ ഭരണാധികാരി ഹുസ്നി മുബാറക്കിന് രാജിവച്ചൊഴിയേണ്ടി വന്നത്. മൃദുഹിന്ദുത്വത്തിനപ്പുറം, ആഡംബരങ്ങളുടെ ആലസ്യത്തിൽ മറന്നുപോയ വിപ്ലവ സ്വപ്നങ്ങൾക്കപ്പുറം ഉയർന്നുവരേണ്ട, കർഷക കൂട്ടായ്മ പോലുള്ള ഒരു ബദൽരാഷ്ട്രീയ കൂട്ടായ്മയുടെ മുമ്പിൽ പരാജയപ്പെടാവുന്നതേയുള്ളൂ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങൾ. പാർലമെന്റിന്റെ നിർഭയത്വവും വിശുദ്ധിയും കാത്തുസൂക്ഷിക്കുക എന്നത് ജനാധിപത്യ, മതേതര വിശ്വാസികളുടെ ബാധ്യതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."