ജില്ല കൈയടക്കി തെരുവ് നായകള്‍; ഭീതിയോടെ ജനം
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ തെരുവ് നായകളുടെ വിളയാട്ടം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയായി നായകള്‍ മാറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകുന്നില്ല. ദിനംപ്രതി നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രി മാസങ്ങളായി തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്.
താഴത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന കുട്ടികളുടെ വാര്‍ഡില്‍ വരെ കയറി ഭീതി പരത്തുന്നു. വരാന്താകളിലും മറ്റു വാര്‍ഡുകളിലും സമീപത്തെ നിരീക്ഷണമുറികളിലും നായ്ക്കള്കയറി ഇറങ്ങുന്നതു മൂലം ചികിത്സക്കായി രോഗികള്‍ക്ക് അത്യാഹിത വിഭാഗങ്ങളില്‍ പോലും പ്രവേശിയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇവ പെറ്റുപെരുകുന്നതാകട്ടെ അത്യാഹിത വിഭാഗത്തിന്നോടും കുട്ടികളുടെ വാര്ഡിനോടും ചേര്‍ന്നുള്ള നാലു കെട്ടിനുള്ളിലാണ്. ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ നേവി ഉദ്യോഗസ്ഥനെ കഴിഞ്ഞ മാസം ആശുപത്രി വളപ്പിലെ തെരു നായകള്‍ കടിച്ചിരുന്നു.
രാത്രിയില്‍ ഭക്ഷണം വാങ്ങാനായി വെളിയില്‍ ഇറങ്ങുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ഏറെ നാളായി തെരുവുനായ്കള്‍ ഭീഷണി ഉയര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."