ചെസ് പ്രോത്സാഹനത്തിന് 65 കോടി രൂപ വകയിരുത്തി ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ
രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാൻ 65 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എ.ഐ.സി.എഫ്). എല്ലാ വീട്ടിലും ചെസ് എത്തിക്കുക എന്നതാണ് ലക്ഷ്യം. തുടക്കക്കാർ മുതൽ പ്രൊഫഷനൽ കളിക്കാർ വരെയുള്ളവർക്ക് സാമ്പത്തികമായും അക്കാദമികവുമായ സഹായങ്ങൾ നൽകും. ദേശീയതലത്തിൽ എ.ഐ.സി.എഫ് പ്രോ, എ.ഐ.സി.എഫ് പോപ്പുലർ എന്നീ പരിപാടികളും സംഘടിപ്പിക്കും.
ജനറൽബോഡി യോഗത്തിന് ശേഷം, ഫെഡറേഷൻ പ്രസിഡന്റ് നിതിൻ സാരംഗ് ആണ് പ്രഖ്യാപനം നടത്തിയത്. കളിക്കാർക്കും പരിശീലകർക്കും പിന്തുണ നൽകുന്നതിനായി പ്രത്യേക ചെസ് ഡെവലപ്മെന്റ് ഫണ്ട്, ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള അസോസിയേഷനുകൾക്ക് ധനസഹായം, മുൻനിര ചെസ് താരങ്ങൾക്കായി നാഷണൽ ചെസ് അരീന (എൻ.സി.എ). ഇന്ത്യൻ കളിക്കാർക്കായി പ്രത്യേക റേറ്റിങ് രീതി (എ.ഐ.സി.എഫ്) എന്നിവയാണ് മറ്റ് പദ്ധതികൾ.
ഇവ വരും വർഷങ്ങളിൽ നടപ്പിലാക്കാനാണ് തീരുമാനം. പ്രാദേശിക തലത്തിൽ തന്നെ തുടക്കക്കാരെ കണ്ടെത്തി പരിശീലനവും പ്രോത്സാഹനവും നൽകി ആഗോളതലത്തിലുള്ള മികവിലേക്ക് ഉയർ ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. 'എല്ലാ വീട്ടിലും ചെസ്' എന്നതാണ് എ.ഐ.സി.എഫി ൻ്റെ പുതിയ ആശയം. അടുത്ത മൂന്ന് വർഷത്തേക്ക് 15 ലക്ഷം രൂപവീതം നൽകി സംസ്ഥാന ചെസ് അസോസിയേഷനുകളെയും പരിപോഷിപ്പിക്കും. നിരവധി ഗ്രാൻഡ്മാസ്റ്റർമാരുടെ രാജ്യമായി ഇന്ത്യയെ മാറ്റാനാണ് ശ്രമമെന്ന് നിതിൻ സാരംഗ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."