ഒരൊറ്റ വീസയില്‍ ഇനി ആറു രാജ്യങ്ങളിലേക്കു പറക്കാം -ഗള്‍ഫിലേക്കുള്ള ഷെന്‍ഗന്‍ വീസയ്ക്കു പേരിട്ടു
ദുബൈ: വിനോദ സഞ്ചാരികളെ ലക്ഷ്യമിമിട്ട് യു.എ.ഇയും സൗദി അറേബ്യയും ഖത്തറും അടക്കമുള്ള ആറ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) രാജ്യങ്ങള്‍ ചേര്‍ന്ന് യൂറോപ്പിലെ 'ഷെന്‍ഗെന്‍' വീസ മാതൃകയില്‍ ആവിഷ്‌കരിച്ച ഏകീകൃത വീസ സംവിധാനത്തിന് പേര് ജി.സി.സി ഗ്രാന്‍ഡ് ടൂര്‍സ് (GCC Grand Tours).
പ്രധാനമായും സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഈ ഗള്‍ഫ് ഏകീകൃത വീസ. യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തുറ് അല്‍ മര്‍റി അറേബ്യന്‍ ട്രാവല്‍ മാര്‍കെറ്റില്‍(എടിഎം) ഈ സംരംഭം കഴിഞ ദിവസം പ്രഖ്യാപിച്ചു. ഇത് ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും 30 ദിവസത്തിലേറെ താമസിക്കാനും അനുവദിക്കുന്നു. അതായത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ ജി.സി.സി രാജ്യങ്ങളിലേക്ക് ഒറ്റ വീസയില്‍ സന്ദര്‍ശനം നടത്താമെന്നതും 30 ദിവസത്തിലധികം തങ്ങാമെന്നതുമാണ് ഏകീകൃത വീസ സമ്മാനിക്കുന്ന മുഖ്യ നേട്ടം.
ഇനി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാന്‍ കൊതിക്കുന്നവര്‍ക്ക് യാത്രാനടപടികള്‍ എളുപ്പമാക്കുന്നതാണ് ഏകീകൃത വീസ സംവിധാനം. വിനോദ സഞ്ചാരമേഖലയ്ക്ക് പുതിയ കുതിപ്പേകാന്‍ വീസ സഹായിക്കുമെന്ന് ജി.സി.സി രാഷ്ട്രങ്ങള്‍ കരുതുന്നു. ഹോട്ടല്‍ ശൃംഖല, വ്യാപാരമേഖല എന്നിവയ്ക്കും ഇത് മികച്ച വരുമാനനേട്ടമാകും.
നേരത്തേ ജി.സി.സി രാഷ്ട്രങ്ങളുടെ മുഖ്യവരുമാന സ്രോതസ് ക്രൂഡോയില്‍ ആയിരുന്നെങ്കിലും വരുംകാലങ്ങളില്‍ ലോകം പുനരുപയോഗ ഊര്‍ജത്തിന് കൂടുതല്‍ പ്രാമുഖ്യം കൊടുക്കുമ്പോള്‍ ക്രൂഡോയില്‍ വഴിയുള്ള വരുമാനത്തില്‍ കോട്ടമുണ്ടായേക്കാം.
ഇതുമൂലം ടൂറിസം അടക്കമുള്ള മറ്റ് മേഖലകളില്‍ നിന്നുള്ള വരുമാനത്തിന് ജി.സി.സി രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ആഗോള ടൂറിസത്തിന്റെ മുഖ്യകേന്ദ്രമാകാനും ലക്ഷ്യമിട്ട് ജി.സി.സി ഏകീകൃത വീസ സംവിധാനം കൊണ്ടുവന്നത്.
2030ഓടെ 13 കോടിയോളം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ജി.സി.സി രാജ്യങ്ങള്‍ ഒരുങ്ങുന്നത്. ഇത് മേഖലയുടെ ജി.ഡി.പി വളര്‍ച്ചയ്ക്കും വലിയ കുതിപ്പാകുമെന്ന് ഈ രാഷ്ട്രങ്ങള്‍ കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."