എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ മടിക്കേരിയിലാണ് അതിക്രൂരമായ കൊലപാതകവും തുടര്‍ന്ന് പ്രതി മരിച്ച സംഭവവും അരങ്ങേറിയത്.
16 കാരിയായ മീരയെ 32 കാരനായ പ്രതി പ്രകാശ് കൊലപ്പെടുത്തിയെന്നും തല അറുത്തെടുത്ത് അതുമായി കടന്നുകളഞ്ഞെന്നുമാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രകാശിനായി തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ സംശയം. പെണ്‍കുട്ടിയുടെ തല കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്.
പ്രകാശും മീനയുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. 10ാം ക്ലാസ് പരീക്ഷയെഴുതിയിരിക്കുന്ന മീനയ്ക്ക് 16 വയസ്സ് മാത്രമാണ് പ്രായം. വിവാഹ വിവരം അറിഞ്ഞ് ശിശു സംരക്ഷണ വകുപ്പ് സംഘം സ്ഥലത്തെത്തുകയും വിവാഹം തടയുകയും ചെയ്തു. വിവാഹം നടത്തുന്നത് നിയമവിരുദ്ധമാണെന്നും വിവാഹവുമായി മുന്നോട്ട് പോയാല്‍ പോക്‌സോ ആക്ട് പ്രകാരം കേസെടുക്കേണ്ടി വരുമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തെ കൗണ്‍സിലിങ് നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം വിവാഹം താത്കാലികമായി നിര്‍ത്തി വെക്കുകയും പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു.
പത്താംതരം പൊതുപരീക്ഷ ഫലത്തില്‍ മീന 365ല്‍ 314 മാര്‍ക്കുകള്‍ നേടിയിരുന്നു. കുടുംബം ഈ വിജയം ആഘോഷിക്കുന്നതിനിടെ രാത്രി വീട്ടിലെത്തിയ യുവാവ് മീനയുടെ രക്ഷിതാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി പൊലീസ് പറയുന്നു.ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആയുധവുമായി അതിക്രമിച്ച് കയറി കുടുംബത്തെ ആക്രമിച്ചു. അച്ഛനെ മര്‍ദ്ദിച്ചു, അമ്മയെ ആയുധമുപയോഗിച്ച് മുറിപ്പെടുത്തി. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി പുറത്തേക്ക് കൊണ്ടുപോയി,
വലിച്ചിഴച്ച് 100 മീറ്റര്‍ അകലെ വച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ തല വെട്ടിയെടുത്ത് അതുമായി കടന്നുകളയുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."