കാര്യത്തോടടുക്കുമ്പോൾ കളി മറക്കുകയാണോ രാജസ്ഥാൻ ?
മികച്ച ഫോമിൽ ടൂർണമെന്റ് തുടങ്ങിയ രാജസ്ഥാൻ ഇപ്പോൾ പതറുന്ന കാഴ്ചയാണ് ഐപിഎല്ലിൽ കാണുന്നത്. എതിരാളികളെ തച്ചുതകർത്ത് ന്യൂനതകൾ ഒന്നുമില്ലാതെ മികച്ച ടീം കോമ്പിനേഷൻ കണ്ടെത്തി മുന്നോട്ടുപോയി കൊണ്ടിരുന്ന ടീം ഇപ്പോൾ തുടർ പരാജയങ്ങളിൽ വിഷമിക്കുകയാണ്. നിലവിൽ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്. ടൂർണ്ണമെന്റിൽ ഇതുവരെ കളിച്ച 13 കളികളിൽ നിന്ന് എട്ടെണ്ണമാണവർ ജയിച്ചത്. ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്തയുമായി മൂന്ന് പോയിന്റ് വ്യത്യാസമുണ്ട്. എന്നാൽ രാജസ്ഥാൻ ക്യാമ്പിൽ ഇപ്പോൾ ആശങ്കയാണ്. തുടർച്ചയായ നാലാമത്തെ കളിയാണ് ടീം പരാജയപ്പെടുന്നത്. അതും ടൂർണമെന്റ് കലാശക്കൊട്ടിലേക്ക് കടക്കുമ്പോഴാണിത്. ഒൻപത് കളികൾ കഴിഞ്ഞപ്പോൾ ഒരൊറ്റ തോൽവി മാത്രമായിരുന്നു രാജസ്ഥാന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. എന്നാൽ അതിനുശേഷം പോയിന്റ് പട്ടിക ചലിപ്പിക്കാൻ രാജസ്ഥാന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ടീമിനിപ്പോൾ ടോപ് ടു വിലെ സ്പോട്ടും നഷ്ടമാകുമെന്ന ഭീഷണിയാണ്. രണ്ടു കളികൾ ബാക്കിയുള്ള ഹൈദരാബാദിന് അവ രണ്ടും വിജയിക്കാൻ ആയാൽ കൊൽക്കത്തക്കൊപ്പം ഹൈദരാബാദ് ആവും ആദ്യ പ്ലേ ഓഫ് കളിക്കുക. ആദ്യ രണ്ടു സ്ഥാനക്കാർക്ക് ഫൈനലിലെത്താൻ രണ്ട് അവസരങ്ങൾ ഉള്ളതിനാൽ തന്നെ ടോപ് ടുവിൽ ഫിനിഷ് ചെയ്യാനാണ് ഏതൊരു ടീമും ആഗ്രഹിക്കുന്നത്. എന്നാൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന രാജസ്ഥാൻ ഇപ്പോൾ പതറുകയാണ്. ട്വൻറി 20 ലോകകപ്പ് തുടങ്ങാനിരിക്കുന്നതിനാൽ ഇംഗ്ലണ്ട് തങ്ങളുടെ താരങ്ങളെല്ലാം ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ഇതിൽ ജോസ് ബട്ട്ലർ രാജസ്ഥാൻ വിട്ട് നാട്ടിലേക്ക് പോയത് ടീം ബാലൻസിങിനെ നന്നായി ബാധിച്ചിട്ടുണ്ട്. ബട്ട്ലർനു സമാനമായി എതിർ ടീമിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കുന്ന പ്ലെയർനെ രാജസ്ഥാന് റീപ്ലേസ് ചെയ്യാൻ സാധിക്കുന്നില്ല.
കഴിഞ്ഞ കളികളെ ഒരു പരിശീലന മത്സരങ്ങളുടെ ലാഘവത്തോടെ എടുത്തതാണ് രാജസ്ഥാനിപ്പോൾ തിരിച്ചടിയായിരിക്കുന്നത്. രാജസ്ഥാന്റെ ഇനി ശേഷിക്കുന്ന അവസാനമത്സരം ടൂർണമെന്റിലെ ഒന്നാം സ്ഥാനക്കാരായ കെകെആറുമായിട്ടാണ്. ഇത് വിജയിച്ചു ആത്മവിശ്വാസത്തോടെ പ്ലേഓഫ് ലേക്ക് കയറാൻ ആവും ടീമിന്റെ ശ്രമം. ടൂർണമെന്റിലെ തുടക്കത്തിൽ കണ്ട ആവേശത്തോടെ കളിച്ചാൽ മാത്രമേ ഇനി രാജസ്ഥാന് പഴയപടി എതിരാളികളെ വിറപ്പിക്കുന്ന ഒരു ടീം ആയി മാറാൻ കഴിയൂ. ടീം ഇന്ത്യയെ പോലെ നന്നായി കളിച്ച് പടിക്കൽ കല മുടക്കുന്ന ഒരു ടീമായി രാജസ്ഥാൻ മാറാതിരിക്കാൻ പ്രാർത്ഥിക്കുകയാണിപ്പോൾ ആരാധകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."