അഞ്ചാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; ജനവിധിക്കായി റായ്ബറേലിയും അമേത്തിയും ഉൾപ്പെടെ 49 മണ്ഡലങ്ങൾ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മെയ് 20ന് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ആറു സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉൾപ്പെടെ 49 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തിൽ വിധി എഴുതുക. രാജ്യം ഉറ്റുനോക്കുന്ന അമേത്തി, റായ്ബറേലി മണ്ഡലങ്ങളിൽ ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടം കൂടിയാണ് ഇനി ശേഷിക്കുന്നത്.
അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരം നടക്കുന്നത് ഉത്തർപ്രദേശിലാണ്. യുപിയിലെ 14 സീറ്റുകളിലാണ് ജന വിധി. മഹാരാഷ്ട്ര (13), പശ്ചിമ ബംഗാള്‍ (7), ഒഡീഷ (5), ബിഹാര്‍ (5), ഝാര്‍ഖണ്ഡ് (3), ജമ്മുകശ്മീര്‍ (1), ലഡാക്ക് (1) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങൾ. 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
അമേത്തിയിലും റായ്ബറേലിയിലും അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. റായ്ബറേലിയില്‍ കോൺഗ്രസിന്റെ മുഖമായ രാഹുല്‍ ഗാന്ധിയാണ് ഇൻഡ്യ മുന്നണിയുടെ സ്ഥാനാര്‍ഥി. ദിനേശ് പ്രതാപ് സിംഗ് ആണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. അമേത്തിയില്‍ കോണ്‍ഗ്രസിനായി കിഷോരി ലാല്‍ ശര്‍മയും ബിജെപിക്കായി സമൃതി ഇറാനിയും മത്സരിക്കും.
അതേസമയം, പരസ്യ പ്രചാരണത്തിൻ്റെ അവസാന ദിനമായ ഇന്ന് വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും പാർട്ടികളും. ബാരാബങ്കിയിലാണ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ പ്രചാരണ പരിപാടി നടക്കുന്നത്. പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. അമിത് ഷാ ഇന്ന് അമേത്തിയിൽ പ്രചാരണ റാലി നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."