'യുവാക്കള്‍ തൊഴിലിനെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ രാമക്ഷേത്രത്തിന്റൈ പൂട്ടിനെ കുറിച്ച് സംസാരിക്കും,മുസ്‌ലിം-ഹിന്ദു പറഞ്ഞ് ഭീതി ജനിപ്പിക്കും' മോദിയെ ഇനി അധികാരത്തിലേറ്റരുതെന്നും ഉവൈസി
നസ്‌റിഗഞ്ച്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് എ.ഐ.എം.ഐ.എം (ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. രാജ്യത്തെ മുസ്‌ലിങ്ങളെ അപമാനിക്കുകയാണ് പ്രധാനമന്ത്രിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു- മുസ്‌ലിം, ക്ഷേത്രം പള്ളി എന്നൊക്കെ പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഭീതി വിതക്കുകയാണ്. മോദിയെ മൂന്നാം തവണയും അധികാരത്തിലേറാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിഹാറിലെ കാരക്കാട്ട് ലോക്‌സഭാ മണ്ഡലത്തില്‍ എ.ഐ.എം.ഐ.എം (ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍) സ്ഥാനാര്‍ഥി പ്രിയങ്ക ചൗധരിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ഹിന്ദു മുസ്‌ലിം, ക്ഷേത്രം പള്ളി പേരുപറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ഭീതിവിതക്കുന്ന മോദി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പ് വരുത്താന്‍ പ്രതിജ്ഞയെടുക്കണം. മോദി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കാന്‍ ഇവിടെ ആരുമുണ്ടാകില്ല. യുവാക്കള്‍ തൊഴില്‍ നഷ്ടത്തെക്കുറിച്ച് പറയുമ്പോള്‍, അവര്‍ (ബി.ജെ.പി) രാമക്ഷേത്രത്തിന് പൂട്ടിടുന്നതിനെ കുറിച്ച് പറയും. നോട്ട് നിരോധനത്തിന്റെ പേരില്‍ നൂറുകണക്കിന് വ്യാവസായിക യൂണിറ്റുകള്‍ എന്നെന്നേക്കുമായി പൂട്ടിക്കിടക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു വിഷമവും ഉണ്ടായിരുന്നില്ല' റോഹ്താസ് ജില്ലയിലെ നസ്‌റിഗഞ്ചില്‍ നടന്ന റാലിയില്‍ ഉവൈസി പറഞ്ഞു.
'മുസ്‌ലിം സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുന്നു, മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ കെട്ടുതാലിയില്‍ കൈ വയ്ക്കാന്‍ നോക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സമുദായത്തെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്. ഒരു യഥാര്‍ഥ മുസ്‌ലിം എപ്പോഴും തന്റെ സഹോദരിമാരെയും അവരുടെ കെട്ടുതാലിയെയും സംരക്ഷിക്കും' ഉവൈസി പറഞ്ഞു.
ബിഹാറില്‍ കാരക്കാട്ട് ഉള്‍പ്പെടെ നിരവധി സീറ്റുകളില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. 'ഞങ്ങളുടെ സഹോദരി പ്രിയങ്ക ചൗധരിക്ക് വോട്ട് ചെയ്യുക. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയോ ബി.ജെ.പിയുടെ മറ്റേതെങ്കിലും നേതാവോ അല്ലെന്ന് എന്റെ പാര്‍ട്ടി ഉറപ്പാക്കും. ഇതെന്റെ വാഗ്ദാനമാണ്'' അദ്ദേഹം പറഞ്ഞു.
മുസ്‌ലിം വോട്ട് ബാങ്കിന് വേണ്ടി ഇന്ത്യന്‍ സംഘം മുജ്‌റ നടത്തുകയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനോട് ഒവൈസി വെറുപ്പോടെ പ്രതികരിച്ചു. ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടാവേണ്ട വാക്കുകളാണോ ഇത്. അമ്മപെങ്ങന്മാരുടെ മുന്നില്‍ ആരെങ്കിലും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുമോ. അദ്ദേഹം ചോദിച്ചു.
തന്റെ ജനനം ജൈവികമല്ലെന്നും ദൈവത്താല്‍ അയക്കപ്പെട്ടതാണെന്നുമുള്ള മോദിയുടെ പരാമര്‍ശത്തെ അദ്ദേഹം പരിഹസിച്ചു. ഇത്രയും കാലം ചാക്കിദാര്‍ (കാവല്‍ക്കാരന്‍) എന്നും സേവകനെന്നും സ്വയം വിശേഷിപ്പിച്ചിരുന്ന ഒരാളുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത് അലോസരമാണ്ടാക്കുന്നു- അദ്ദേഹം പറഞ്ഞു.
ലാലു പ്രസാദ് യാദവിനെതിരേയും അദ്ദേഹം വിമര്‍ശനം അഴിച്ചു വിട്ടു. ഉവൈസിയുടെ പാര്‍ട്ടി വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണെന്നും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നുമുള്ള ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വിഡിയോ സന്ദേശത്തിനെതിരെയായിരുന്നു വിമര്‍ശനം. 'മുസ്‌ലിംയാദവ് ഐക്യത്തിന്റെ പേരില്‍ വര്‍ഷങ്ങളായി ലാലു പ്രസാദ് മുസ്‌ലിംകളെ കബളിപ്പിക്കുകയാണ്. തനിക്കും കുടുംബക്കാര്‍ക്കും അധികാരം ഉറപ്പാക്കാന്‍ അദ്ദേഹം സമുദായത്തെ ഉപയോഗിക്കുകയാണ്' ഉവൈസി ആരോപിച്ചു.
'ബിഹാറിലെ 40ല്‍ 23 സീറ്റുകളിലും മത്സരിക്കുന്ന ആര്‍.ജെ.ഡിക്ക് രണ്ട് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ലാലുവിന്റെ മക്കളുടെ എണ്ണവും അതിന് തുല്യമാണ്. ആ പാര്‍ട്ടിയുടെ മുന്‍ഗണന എന്താണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്' ഉവൈസി പറഞ്ഞു.
ബീഹാറില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് മുതല്‍ ആര്‍.ജെ.ഡി നേതാവും ലാലുവിന്റെ മകനുമായ തേജസ്വി യാദവിന്റെ റാലികളിലും മുസ്‌ലിംകള്‍ക്ക് സ്ഥാനം നല്‍കി ത്തുടങ്ങിയതായി അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."