രാജ്യസഭാ സീറ്റ് വിട്ടുതരില്ല; അവകാശവാദം ശക്തമാക്കി സിപിഐ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയം ഏറ്റുവാങ്ങിയതോടെ രാജ്യസഭാ സീറ്റിൽ വീട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാട് ശക്തമാക്കി സി.പി.ഐ. രാജ്യസഭാ സീറ്റ് സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന് പാർട്ടി സി.പി.എം നേത്വത്വത്തെ അറിയിച്ചു. കേരള കോൺഗ്രസിന് വേണമെങ്കിൽ മറ്റ് പദവികൾ നൽകുന്നതിൽ വിരോധമില്ലെന്നും സി.പി.ഐ അറിയിച്ചു.
ജൂലൈ ഒന്നിനാണ് മൂന്ന് രാജ്യസഭാ സീറ്റിൽ ഒഴിവ് വരുന്നത്. സി.പി.ഐയുടെ ബിനോയ് വിശ്വം, സി.പി.എമ്മിന്റെ എളമരം കരീം, കേരള കോൺഗ്രസ് (എം) ന്റെ ജോസ് കെ. മാണിയുമാണ് കാലാവധി പൂർത്തിയാക്കി രാജ്യസഭാ സീറ്റ് ഒഴിയുന്നത്. ഈ മൂന്ന് സീറ്റുകളിലേക്കായി എൽ.ഡി.എഫ് ഘടക കക്ഷികളായ സി.പി.ഐ, കേരള കോൺഗ്രസ് (എം), ആർ.ജെ.ഡി, എൻ.സി.പി തുടങ്ങിയവരാണ് അവകാശവാദം ഉന്നയിക്കുന്നത്. ഇതിന് പുറമെ സ്വന്തം രാജ്യസഭാ സീറ്റ് നിലനിർത്തേണ്ടത് സി.പി.എമ്മിനും ആവശ്യമാണ്.
സ്വന്തം സീറ്റിൽ അവകാശവാദമുന്നയിച്ച സി.പി.ഐ കേരള കോൺഗ്രസിന് വേണമെങ്കിൽ മറ്റ് പദവികൾ നൽകുന്നതിൽ വിരോധമില്ലെന്നും അറിയിച്ചു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനം ഉൾപ്പെടെ നൽകുന്നതിൽ എതിർപ്പില്ലെന്നാണ് സി.പി.ഐ നിലപാട്. ഇക്കാര്യവും സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് സി.പി.ഐ രംഗത്തുവന്നത്. ലോക്സഭയിലേക്ക് വയനാട് നിന്ന് മത്സരിച്ച ആനി രാജ, തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച പന്ന്യൻ രവീന്ദ്രൻ, തൃശൂരിൽ നിന്ന് മത്സരിച്ച വി.എസ് സുനിൽകുമാർ, മാവേലിക്കരയിൽ നിന്ന് മത്സരിച്ച അരുൺ കുമാർ എന്നിവരാണ് പരാജയം ഏറ്റുവാങ്ങിയത്. മൂന്നിടത്ത് കോൺഗ്രസിനോട് പരാജയം ഏറ്റുവാങ്ങിയപ്പോൾ തൃശൂരിൽ ബിജെപിയോടായിരുന്നു തോൽവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."