മുസ്‌ലിം പ്രാതിനിധ്യമില്ലാതെ കേന്ദ്രമന്ത്രിസഭയും എന്‍.ഡി.എ മുന്നണിയും
ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭ ഇന്നലെ അധികാരമേല്‍ക്കുമ്പോള്‍ ചര്‍ച്ചയായി മുന്നണിയിലെ മുസ്‌ലിം പ്രാതിനിധ്യം. മോദിയുടെ മന്ത്രിസഭയിലും എന്‍.ഡി.എ എം.പിമാരിലും ഒരൊറ്റ മുസ്‌ലിം പ്രതിനിധിയില്ല. എന്‍.ഡി.എയില്‍ മുസ് ലിംവിഭാഗത്തിന് പുറമെ സിഖ്, ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നും ആരുമില്ല. അരുണാചല്‍ വെസ്റ്റില്‍നിന്ന് കോണ്‍ഗ്രസിന്റെ നബാം തുകിയെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് എന്‍.ഡി.എ എം.പിമാരിലെ ഏക ന്യൂനപക്ഷ പ്രതിനിധി. ബുദ്ധമതവിശ്വാസിയാണ് റിജിജു. എന്‍.ഡി.എ എം.പിമാരിലെ 33.2 ശതമാനവും മേല്‍ജാതിക്കാരാണ്. 16 ശതമാനം ഇടത്തരം ജാതിയില്‍പ്പെട്ടവരും 26 ശതമാനം ഒ.ബി.സിയില്‍നിന്നുമാണ്.
ഇന്‍ഡ്യാ മുന്നണിയില്‍ മുസ്‌ലിം പ്രാതിനിധ്യം 7.9ഉം സിഖ് പ്രാതിനിധ്യം അഞ്ചും ക്രിസ്ത്യാനികള്‍ 3.5 ഉം ആണ്. എന്‍.ഡി.എ എം.പിമാരുടെ എണ്ണം 293 ഉം ഇന്‍ഡ്യാ മുന്നണിയുടെത് 235 ഉം ആണ്. മേല്‍ജാതി 12.4, ഇടത്തരം ജാതിക്കാര്‍ 12.4, ഒ.ബി.സി 30.7 എന്നിങ്ങനെയാണ് ഇന്‍ഡ്യാ മുന്നണിയിലെ ജാതിതിരിച്ചുള്ള എം.പിമാരുടെ വിവരം.
18മത്തെ ലോക്‌സഭയില്‍ 24 മുസ്‌ലിം എം.പിമാരാണുള്ളത്. ഇതില്‍ 21ഉം ഇന്‍ഡ്യാ മുന്നണിയില്‍നിന്നാണ്. 543 അംഗ ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യം 4.4 ശതമാനം ആണ്. കോണ്‍ഗ്രസില്‍നിന്നാണ് ഇത്തവണ കൂടുതല്‍ മുസ്‌ലിം എം.പിമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഏഴുപേര്‍. ഒരുമുന്നണിയിലും ഉള്‍പ്പെടാത്ത മൂന്ന് മുസ്‌ലിം എം.പിമാരും ഉണ്ട്. അസദുദ്ദീന്‍ ഉവൈസി (ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍), സ്വതന്ത്രരായ അബ്ദുല്‍ റാഷിദ് ശൈഖ് എന്ന എന്‍ജിനീയര്‍ റാഷിദ് (ബാരാമുള്ള), മുഹമ്മദ് ഹനീഫ (ലഡാക്ക്) എന്നിവരാണ് മറ്റ് രണ്ടുപേര്‍. മലപ്പുറം മണ്ഡലത്തിലെ അബ്ദുല്‍ സലാം മാത്രമാണ് ബി.ജെ.പി ഇത്തവണ ടിക്കറ്റ് നല്‍കിയ ഏക മുസ്‌ലിം സ്ഥാനാര്‍ഥി.
മുതിര്‍ന്ന ബി.ജെ.പി നേതാവായ മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് ശേഷം മോദിസര്‍ക്കാരില്‍ ഒരു മുസ്‌ലിം മന്ത്രി ഉണ്ടായിട്ടില്ല. 2014ല്‍ മോദി അധികാരത്തിലേറുമ്പോള്‍ ഉള്‍പ്പെട്ട നഖ്‌വി രണ്ടാം മോദി മന്ത്രിസഭയിലും ഉണ്ടായിരുന്നുവെങ്കിലും 2022 ജൂലൈയില്‍ അദ്ദേഹത്തിന്റെ രാജ്യസഭാകാലാവധി അവസാനിച്ചതോടെ മന്ത്രിസഭയില്‍നിന്ന് പുറത്താവുകയായിരുന്നു. കൂടാതെ ബി.ജെ.പിക്ക് ഒരു സംസ്ഥാനത്തും മുസ്‌ലിം എം.എല്‍.എമാരും ഇല്ല.
പത്തനംതിട്ടയില്‍ മത്സരിച്ച അനില്‍ ആന്റണി മാത്രമാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച ഏക ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥി. എന്നാല്‍, സിഖ് വിഭാഗത്തില്‍പ്പെട്ട ആറു സ്ഥാനാര്‍ഥികളെയാണ് ഇത്തവണ ബി.ജെ.പി മത്സരിപ്പിച്ചത്. ഇതില്‍ ഒരാളും വിജയിച്ചില്ല.
രാജ്യസഭയിലും ബി.ജെ.പിക്ക് മുസ്‌ലിം പ്രാതിനിധ്യമില്ല. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറുമ്പോള്‍ ബി.ജെ.പിക്ക് മൂന്നു മുസ്‌ലിം എം.പിമാരാണ് ഉണ്ടായിരുന്നത്. നഖ്‌വിയും മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എം.ജെ അക്ബറും പാര്‍ട്ടി ദേശീയ വക്താവായിരുന്ന സെയ്ദ് സഫര്‍ ആലമും. എല്ലാവരും രാജ്യസഭാംഗങ്ങളായിരുന്നു. ലൈംഗിക പീഡനവിവാദത്തില്‍പ്പെട്ട് 2018ല്‍ അക്ബര്‍ രാജിവച്ചു. മറ്റുള്ളവര്‍ കാലാവധികഴിഞ്ഞതോടെ രാജ്യസഭയില്‍നിന്ന് ഇറങ്ങുകയുംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."