കോളനി പദം ഒഴിവാക്കല്‍ തീരുമാനം കൊടിയത്തൂര്‍ പഞ്ചായത്ത് നേരത്തേ നടപ്പാക്കി
കൊടിയത്തൂര്‍: കോളനി എന്ന പദം സര്‍ക്കാര്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരുമാനമെടുത്തപ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് കൊടിയത്തൂര്‍ പഞ്ചായത്ത് ഭരണസമിതിയാണ്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കൊടിയത്തൂരില്‍ ഇത്തരമൊരു തീരുമാനമെടുക്കുകയും അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
എം.പിയായതോടെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്നതിന് തൊട്ടുമുമ്പാണ് മന്ത്രി രാധാകൃഷ്ണന്‍ ഇത്തരമൊരു ഉത്തരവില്‍ ഒപ്പിട്ടത്. എന്നാല്‍ 2022 ഏപ്രിലില്‍ നടന്ന ഭരണസമിതി യോഗത്തില്‍ തന്നെ കോളനികളുടെ പേര് മാറ്റാനും പഞ്ചായത്തിലെ കോളനികള്‍ ആധുനിക രീതിയില്‍ നവീകരിക്കാനും തീരുമാനമെടുത്തിരുന്നു.
ഇതിന്റെ ഭാഗമായി രണ്ടാം വാര്‍ഡിലെ കാരക്കുറ്റി ലക്ഷംവീട് കോളനിയുടെ പേര് ഗ്രീനറി വില്ലയെന്നും മൂന്നാം വാര്‍ഡിലെ മാട്ടുമുറി കോളനിയുടെ പേര് രാജീവ് ഗാന്ധി നഗര്‍ എന്നുമാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരമൊരു തീരുമാനം എടുത്ത് നടപ്പാക്കാനായതില്‍ സന്തോഷമുണ്ടെന്ന് അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് പറഞ്ഞു.
വി. ഷംലൂലത്ത് പ്രസിഡന്റും കരീം പഴങ്കല്‍ വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് അന്ന് നിര്‍ണായക തീരുമാനമെടുത്തിരുന്നത്. ലക്ഷംവീട്, നാല് സെന്റ് കോളനികളുടെ നവീകരണം ഉള്‍പ്പടെയുള്ള വികസന പദ്ധതികള്‍ ഗ്രാമപഞ്ചായത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് പേര് മാറ്റമെന്ന ആശയം നടപ്പാക്കിയതെന്നും വി. ഷംലൂലത്ത് പറഞ്ഞു.
അതേസമയം ഈ തീരുമാനത്തോട് ഭരണസമിതിയിലെ രണ്ട് ഇടത് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. പഞ്ചായത്ത് ഭരണസമിതി തുടക്കമിട്ട കോളനികളുടെ മുഖഛായ മാറ്റുന്ന സമഗ്ര നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ കാരക്കുറ്റി ലക്ഷം വീട് കോളനി ഗ്രീനറി വില്ല എന്ന പേര് മാറ്റിയതിനൊപ്പം ആധുനിക വല്‍ക്കരിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ഫണ്ടും പൊതുജനങ്ങളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയ പ്രവൃത്തിക്കാവശ്യമായ മെറ്റീരിയലുകള്‍, എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയാണ് കോളനി നവീകരിച്ചത്. ആലുങ്ങല്‍ കോളനിയിലെ പ്രവൃത്തി ഈ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാവുന്നതിന് മുന്‍പ് പൂര്‍ണമാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."