ഖത്തറില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയവരില്‍ കൂടുതലും കുവൈത്ത്, സൗദി എന്നിവിടങ്ങളില്‍ നിന്ന്
ദോഹ: ബലി പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഖത്തറിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയത് സൗദി, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളില്‍നിന്ന്. മുന്‍വര്‍ഷത്തെക്കാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മികച്ച സൗകര്യങ്ങളും വൈവിധ്യമാര്‍ന്ന പരിപാടികളും ഒരുക്കിയിരുന്നു ഖത്തര്‍.
കരമാര്‍ഗവും ധാരാളം ആളുകളെത്തി. സല്‍വ അതിര്‍ത്തി കടന്നെത്തിയ വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഖത്തറിന്റെ മികച്ച വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളുടെയും ഖത്തര്‍ ടൂറിസത്തിന്റെ പരിശ്രമത്തിന്റെയും ഫലമായാണ് ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധനയെ വിലയിരുത്തുന്നത്.
80 ശതമാനമായിരുന്നു രാജ്യത്തെ മുന്‍നിര ഹോട്ടലുകളിലെ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ഒക്യുപെന്‍സി നിരക്ക്. കടുത്ത ചൂടാണ് വിനോദ സഞ്ചാരത്തെ പിറകോട്ടടിപ്പിക്കുന്ന മറ്റൊരു ഘടകം. ഉയര്‍ന്ന താപനിലയില്‍ പോലും വിനോദസഞ്ചാരികള്‍ക്കായി സന്ദര്‍ശിക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തില്‍ ഔട്ട്‌ഡോര്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എയര്‍ കണ്ടീഷന്‍ ചെയ്തത് അടുത്തകാലത്ത് രാജ്യം ചെയ്ത ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളിലൊന്നായിരുന്നു.
സ്വദേശികളില്‍ നല്ലൊരു വിഭാഗവും അവധി ആഘോഷത്തിന് വിദേശത്ത് പോയിരുന്നു. സൗദി, യു.എ.ഇ, തുര്‍ക്കി, ബ്രിട്ടന്‍ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ ആളുകളും പോകുന്നത്. തിരക്കും ഉയര്‍ന്ന ടിക്കറ്റ് നിരക്കും ഒഴിവാക്കി നിരവധി പേര്‍ പെരുന്നാള്‍ അവധിക്ക് ശേഷം പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങള്‍, യു.എസ്.എ എന്നിവിടങ്ങളിലേക്കാകും വേനലവധിക്കാലത്ത് കൂടുതലായും സഞ്ചരികള്‍ ഉണ്ടാവുക. തുര്‍ക്കി, ജര്‍മനി, ബെല്‍ജിയം, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ഖത്തരികളുടെ പ്രിയപ്പെട്ട കേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."