ഭരണവീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നു: എം.എം ഹസന്‍
പത്തനംതിട്ട: വികസന നേട്ടങ്ങള്‍ പറയാനില്ലാത്ത പിണറായി സര്‍ക്കാര്‍ വീഴ്ച മറച്ചുവയ്ക്കാന്‍ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ വിലവര്‍ധനവിന്റെ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ സാധാരണക്കാരനുമേല്‍ പിണറായി സര്‍ക്കാര്‍ എണ്ണൂറ് കോടിയുടെ ബാധ്യതയാണ് വരുത്തി വച്ചത്. ഓണം എത്തിയിട്ടും പച്ചക്കറിവില കുറഞ്ഞില്ല. നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൊണ്ടിരിക്കുന്നു. ഭാഗപത്രത്തിനു രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി.
പിണറായി സര്‍ക്കാര്‍ വന്ന ശേഷം നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ ക്രമസമാധാനം തകര്‍ത്തു. സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ കോടതികളാക്കി മാറ്റി. ഡി.വൈ.എഫ്.ഐ നേതാവ് കൊല്ലപ്പെട്ട കേസില്‍ കോടതി വെറുതേ വിട്ട അഷറഫിനെ ടി.പി. ചന്ദ്രശേഖരനെ കൊന്ന രീതിയില്‍ വകവരുത്തി.
നിയമം കയ്യിലെടുത്ത് സി.പി.എം അഴിഞ്ഞാടുന്നു. നിയമം പാലിക്കാന്‍ ചെല്ലുന്ന പൊലീസുകാരെ മര്‍ദിച്ച് തെരുവിലൂടെ നടത്തുകയും ചെയ്യുന്നു. ഭരണ പരാജയം മൂടിവയ്ക്കാനാണ് സി.പി.എം ഇതൊക്കെ ചെയ്യുന്നതും വിവാദങ്ങങ്ങള്‍ ഉണ്ടാക്കുന്നതും. സര്‍ക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടാന്‍ പാടില്ലെന്നു പറയുന്ന മുഖ്യമന്ത്രി തന്നെയാണ് 24 മണിക്കൂര്‍ പണിമുടക്കണമെന്ന് ആഹ്വാനം ചെയ്തത്.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല.
ക്ഷേത്രങ്ങള്‍ ഭരിക്കാനുണ്ടാക്കിയ ദേവസ്വം ബോര്‍ഡിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇത്തരം വിവാദങ്ങള്‍ വര്‍ഗീയ ശക്തികളെ വളരാന്‍ സഹായിക്കുന്നതാണെന്ന് ഹസന്‍ പറഞ്ഞു.
പന്തളം സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, ആന്റോ ആന്റണി എം.പി, അടൂര്‍ പ്രകാശ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ഉപാധ്യക്ഷന്‍ ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, യു.ഡി.എഫ് കണ്‍വീനര്‍ ബാബു ജോര്‍ജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ഘടകകക്ഷി നേതാക്കളായ ഡോ. വര്‍ഗീസ് ജോര്‍ജ്, എ. ഷംസുദീന്‍, കെ.ഇ. അബ്ദുള്‍ റഹ്മാന്‍, ജോ എണ്ണക്കാട്, ജോര്‍ജ് വര്‍ഗീസ്, സനോജ് മേമന തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."