ഇത് ഇന്ത്യൻ വിജയ നിമിഷം
ബാർബഡോസ്: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റു വിജയം. ട്വൻറി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടമാണിത്. 2007ൽ എം.എസ്. ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. ധോണിക്കു ശേഷം ലോകകപ്പ് ഉയർത്തുന്ന ക്യാപ്റ്റനായി രോഹിത് ശർമ. സ്കോർ: ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 176, ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റിന് 169.
ഹാർദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് മില്ലർ പുറത്തായതാണു കളിയിൽ നിർണായകമായത്. 16 റൺസായിരുന്നു അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ബൗണ്ടറി ലൈനിനു സമീപത്തു നിൽക്കുകയായിരുന്ന സൂര്യകുമാർ യാദവ് തകർപ്പൻ ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 20-ാം ഓവറിൽ എട്ടു റൺസ് മാത്രമാണ് ഇന്ത്യ വഴങ്ങിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റ് നഷ്‌ടത്തിൽ 176 റൺസെടുത്തു. രോഹിത് ശർമയുടേതുൾപ്പെടെ മൂന്നു മുൻനിര വിക്കറ്റുകൾ തുടക്കത്തിൽ നഷ്‌ടമായെങ്കിലും വിരാട് കോലി നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 59 പന്തുകൾ നേരിട്ട കോലി 76 റൺസെടുത്തു പുറത്തായി. 31 പന്തുകൾ നേരിട്ട അക്ഷർ പട്ടേൽ 47 റൺസെടുത്തു മടങ്ങി. ശിവം ദുബെ 16 പന്തിൽ 27 റൺസെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമയും (അഞ്ച് പന്തിൽ ഒൻപത്), ഋഷഭ് പന്തും, സൂര്യകുമാർ യാദവും (അഞ്ച് പന്തിൽ മൂന്ന്) പവർപ്ലേ അവസാനിക്കും മുൻപേ പുറത്തായിരുന്നു. മാർകോ ജാൻസന്റെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോലി തുടങ്ങിയത്. ആദ്യ ഓവറിൽ ഇന്ത്യ നേടിയത് 15 റൺസ്. രണ്ടാം ഓവറിൽ ദക്ഷിണാഫ്രിക്ക സ്‌പിന്നർ കേശവ് മഹാരാജിനെ ഇറക്കിയപ്പോൾ ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയായിരുന്നു രോഹിത് ശർമയുടെ മറുപടി.
എന്നാൽ നാലാം പന്തിൽ രോഹിത്തിന് അടി പതറി. സ്ക്വയർ ലെഗിലേക്കു പോയ പന്ത് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു. പിന്നാലെയെത്തിയ ഋഷഭ് പന്ത് ഒരു റൺ കൂട്ടിച്ചേർക്കും മുൻപേ പോയി. കേശവ് മഹാരാജിൻ്റെ പന്ത് ഋഷഭിൻ്റെ ബാറ്റിൽ തട്ടി ഉയർന്നപ്പോൾ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൻ ഡി കോക്ക് പിടിച്ചെടുക്കുകയായിരുന്നു. കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിൽ സൂര്യകുമാർ യാദവും പുറത്തായി. മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ ക്യാച്ചെടുത്തു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ അക്ഷർ പട്ടേലിനെ നേരത്തേയിറക്കി. എയ്‌ഡൻ മാർക്രത്തെയും കേശവ് മഹാരാജിനെയും സിക്‌സർ പറത്തിയ അക്ഷർ ഇന്ത്യയ്ക്ക പ്രതീക്ഷ നൽകി.
സ്‌പിന്നർമാരെ ഇറക്കി റണ്ണൊഴുക്കു തടയുകയെന്നതായിരുന്നു മധ്യഓവറുകളിലെ ദക്ഷിണാഫ്രിക്കൻ തന്ത്രം. 10 ഓവറിൽ 75 റൺസാണ് ഇന്ത്യ നേടിയത്. സ്കോർ 100 പിന്നിട്ടതിനു പിന്നാലെ അക്ഷർ പട്ടേൽ വീണു. 14-ാം ഓവറിൽ റണ്ണിനായി ഓടുന്നതിലുണ്ടായ ആശയക്കുഴപ്പത്തിനിടെ ക്വിൻ്റൻ ഡികോക്ക് താരത്തെ റൺഔട്ടാക്കി. കോലിക്കു പിന്തുണയേകി ശിവം ദുബെ നിലയുറപ്പിച്ചതോടെ അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോർ ഉയർന്നു. 18 ഓവറിൽ ഇന്ത്യ 150ൽ എത്തി. 19-ാം ഓവറിൽ മാർകോ ജാൻസനെ ബൗണ്ടറി കടത്താൻ ശ്രമിച്ച കോലിയെ കഗിസോ റബാദ ക്യാച്ചെടുത്തു പുറത്താക്കി. ആൻറിച് നോർട്യ എറിഞ്ഞ അവസാന ഓവറിൽ ശിവം ദുബെയും പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."