പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി; യുവ സി.പി.എം നേതാവിനെതിരെ പരാതി
തിരുവനന്തപുരം: സി.പി.എം യുവനേതാവിനെതിരെ കോഴ ആരോപണം. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പില്‍ 60 ലക്ഷം രൂപയ്ക്കാണ് ഡീല്‍ ഉറപ്പിച്ചത്.
ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നല്‍കിയെന്ന് പാര്‍ട്ടി പ്രവര്ത്തകന് കൂടിയായ പരാതിക്കാരന് പാര്‍ട്ടിക്ക് നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സി.പി.എം പി.എസ്.സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ തന്റെ പേര് ഉള്‍പ്പെടാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു.
പിന്നാലെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാല്‍ അതും നടക്കാതെ വന്നതോടെയാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
പരാതിക്കാരനില്‍ നിന്ന് വിവരമറിഞ്ഞതോടെ അന്വേഷണം വേണമെന്ന് മുഹമ്മദ് റിയാസും പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. നിയമനം വാഗ്ദാനം ചെയ്യുന്നതും ഡീല്‍ ഉറപ്പിക്കുന്നതുമായ വിവരങ്ങളടങ്ങിയ ശബ്ദസന്ദേശമടക്കം പാര്‍ട്ടിക്ക് ലഭിച്ചെന്നാണ് സൂചന. ഇത്തരം തെളിവുകള്‍ നിലവിലുള്ളതിനാല്‍ പൊലിസില്‍ പരാതി നല്കിയാല് അത് പാര്‍ട്ടിയെ ബുദ്ധിമുട്ടിലാക്കും.
പരാതിയില്‍ സി.പി.എം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തി ഇടപാട് നടന്നിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. വിവരം പാര്‍ട്ടി സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."