'നിങ്ങള്‍ ഗതാഗതനിയമം ലംഘിച്ചാണ് വാഹനമോടിച്ചത്'; എപ്പോഴെങ്കിലും ഈ മെസേജ് ലഭിച്ചിട്ടുണ്ടോ ?....
എഐ ക്യാമറകള്‍ വന്നതോടെ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അശ്രദ്ധമായുള്ള ഡ്രൈവിങ് വഴി ഒരുപക്ഷേ നിങ്ങള്‍ക്കും പിഴ ചുമത്തപ്പെടാം. അതേസമയം പിഴ ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ നിങ്ങളെ അറിയിക്കുക തീര്‍ത്തും ഒഫിഷ്യലായിട്ടാകും. എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയ്യാറാക്കപ്പെടുന്ന ഇചെല്ലാന്റെ പേരില്‍ വ്യാജ മെസേജുകളും വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കുക. ഇചെല്ലാന്റെ (E Challan ) പേരില്‍ വ്യാജ മെസേജ് അയച്ച് പണം തട്ടാന്‍ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
തട്ടിപ്പുകാര്‍ ഇചെല്ലാന്റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആള്‍ക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:
• ആരെങ്കിലും വാട്ട്‌സ് ആപ്പില്‍ അയച്ച് തരുന്ന ആപ്ലിക്കേഷന്‍ ഫയല്‍ (.apk ലിങ്ക് ) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാന്‍ കാരണമാവും.
• ഇ ചെല്ലാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക. ഇ ചെല്ലാന്റെ പേരില്‍ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, അത് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍, ഇചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.
• നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഒരു വ്യാജ സന്ദേശത്തില്‍ നല്‍കരുത്. ഇചെല്ലാന്റെ പേരില്‍ വരുന്ന ഒരു സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടാല്‍, അത് തട്ടിപ്പാണ്. ഈ വിവരങ്ങള്‍ ഒരിക്കലും ഇചെല്ലാന്റെ ഔദ്യോഗിക സന്ദേശങ്ങളില്‍ ആവശ്യപ്പെടില്ല.
• സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇചെല്ലാന്റെ പേരില്‍ വരുന്ന സന്ദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് നിങ്ങളുടെ ഉപകരണത്തില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
• തട്ടിപ്പിനെക്കുറിച്ച് ഇ ചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റ് ആളുകളെ ഈ തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.
ഇചെല്ലാന്റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാന്‍ താഴെപ്പറയുന്ന ലിങ്കുകള്‍ ഉപയോഗിക്കുക.
* ഫോണ്‍: 01204925505
* വെബ്‌സൈറ്റ്: https://echallan.parivahan.gov.in
* ഇമെയില്‍: [email protected]
എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ഈ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
Email : [email protected]
* ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ '1930' എന്ന നമ്പറില്‍ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റര്‍ ചെയ്യണം. cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി റജിസ്റ്റര്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."