യുഎഇയിലെ റിയാലിറ്റി ഷോയിൽ കോടികളുടെ സമ്മാനം വാങ്ങിയ ജേതാവ് മരുഭൂമിയില്‍ വഴിതെറ്റി വെള്ളം കിട്ടാതെ മരിച്ചു
പതിനാറു വർഷം മുമ്പ് യുഎഇയിൽ നടന്ന മില്യൻസ് പൊയറ്റ് മത്സരത്തിൽ ജേതാവായി കോടികൾ സമ്മാനമായി നേടിയ പ്രമുഖ യമനി കവി ആമിർ ബിൻ അംറ് ബൽഉബൈദ് മരുഭൂമിയിൽ വഴി തെറ്റി വെള്ളം കിട്ടാതെ മരണപ്പെട്ടു. തെക്കുകിഴക്കൻ യമനിലെ ശബ്‌വ ഗവർണറേറ്റിലെ മരുഭൂമിയിൽ നിന്ന് ആമിർ ബിൻ അംറ് ബൽഉബൈദിന്റെ മൃതദേഹം കണ്ടെടുത്തത്.
ഹദർമൗത്തിൽ നിന്ന് ശബ്‌വയിലേക്ക് തിരികെപോകുന്നതിനിടെ ശബ്‌വയിലെ അർമാ ജില്ലയിലെ അൽഅഖ്‌ല മരുഭൂമിയിൽ വഴി തെറ്റി പോകയായിരുന്നു. സ്വദേശമായ ശബ്‌വയിൽ നിന്ന് ഹദർമൗത്തിലേക്ക് പോയ ആമിർ ബൽഉബൈദ് മൂന്നു ദിവസം മുമ്പാണ് ശബവയിലേക്ക് മടങ്ങിയത്. എന്നാൽ മടക്കയാത്രയിൽ അർമായിൽ വെച്ച് വഴിതെറ്റുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ആമിർ ബൽഉബൈദുമായുള്ള ഫോൺ ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു.തുടർന്ന നടന്ന തിരച്ചിലിൽ മൊബൈൽ ഫോണും ബാഗും മരുഭൂമിയിൽനിന്ന് കണ്ടു കിട്ടി. വൈകാതെ മരിച്ച നിലയിൽ ആമിറിനെയും കണ്ടെത്തുകയായിരുന്നു. മേഖലയിലെ ഗോത്ര വർഗക്കാരാണ് മരണ വാർത്ത സ്‌ഥിരീകരിച്ച് പുറം ലോകത്തെ അറിയിച്ചത്.
ആമിർ ബൽ ഉബൈദിൻ്റെ മരണവാർത്ത പുറത്തെത്തിയതോടെ ശബ് ഗവർണറേറ്റിലെ ജനങ്ങളിൽ ദുഃഖം അലയടിക്കുകയായിരുന്നുവെന്ന് യമനിലെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം ജീവിതാനുഭവങ്ങളും ജീവിതത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ സാംസ്കാരിക- സാഹിത്യ പാരമ്പര്യം വിളിച്ചോതുന്ന കവിതകളിലൂടെ വലിയ ആരാധക വൃന്ദത്തെ ആമിർ ബൽ ഉബൈദ് നേടിയെടുത്തിരുന്നു. 2008-ലെ മില്യൻസ് പൊയറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ആമിർ ബൽഉബൈദ് പ്രശസ്‌തനായി മാറിയത്. മത്സരത്തിൽ വിജയിച്ചതോടെ യുഎഇയിലേക്ക് മാറിയ ആമിർ ബൽഉബൈദ് 2021-ൽ യമനിലേക്ക് തന്നെ തിരികെയെത്തി. കിഴക്കൻ യെമനിലെ മരുഭൂമിയിലെ റോഡുകളിൽ വഴി തെറ്റി പോകുന്ന യാത്രികർ വെള്ളം കിട്ടാതെ മരിക്കുന്നത് നിത്യസംഭവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."