നിപ പ്രതിരോധത്തിന് ഇ-സഞ്ജീവനി; ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം
തിരുവനന്തപുരം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിരുന്നു. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കുന്നു. ഇതുകൂടാതെ മറ്റ് അസുഖങ്ങള്‍ക്ക് പ്രത്യേക ഒപി വിഭാഗങ്ങളും ലഭ്യമാണ്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്‌പോക്ക് സംവിധാനം വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനവും ലഭ്യമാണ്.
പൊതുജനങ്ങള്‍ക്ക് ഇതിലൂടെ മെഡിക്കല്‍ കോളേജുകളില്‍ പോകാതെ തന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകുന്നു. ഗൃഹസന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശ വര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാവുന്നതാണ്. ഇതിലൂടെയെല്ലാം സമയവും യാത്രാചെലവുമെല്ലാം ലാഭിക്കാവുന്നതാണ്.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevani.mohfw.gov.in എന്ന ഓണ്‍ലൈന്‍ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈല്‍ ഫോണോ, കമ്പ്യൂട്ടറോ, ടാബോ ഉണ്ടെങ്കില്‍ https://esanjeevani.mohfw.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കാം.
Patient എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ചു ലോഗിന്‍ ചെയ്യുക. അതിനു ശേഷം consult now എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത ശേഷം chief complaints എന്ന ഓപ്ഷനില്‍ നിങ്ങളുടെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍ രേഖപ്പെടുത്തുക.
അതിനു ശേഷം സേവ് & നെക്സ്റ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുകയും രേഖപ്പെടുത്തിയ രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്യുക. തുടര്‍ന്ന് വലതു വശത്തെ arrow mark ല്‍ ക്ലിക്ക് ചെയ്ത ശേഷം query option നിര്‍ബന്ധമായും ഫില്‍ ചെയ്യുക.
അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷന്‍ കൊടുക്കുകയും NIPAH OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടര്‍ന്ന് ഡോക്ടറെ സെലക്ട് ചെയ്ത് കോള്‍ ചെയ്ത ശേഷം രോഗ വിവരങ്ങള്‍ പറഞ്ഞ് കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാം.
ഒപി കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗണ്‍ലോഡ് ചെയ്ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ വാങ്ങാനും ലാബ് പരിശോധനകള്‍ നടത്താനും സാധിക്കുന്നതാണ്.
സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."