വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍; അഞ്ചും ആറും പേര്‍ കെട്ടിപ്പിടിച്ച നിലയില്‍; കരള്‍പിളര്‍ക്കും കാഴ്ച്ചകളുമായി മുണ്ടക്കൈ
മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലിസ് നായകളെ ഉപയോഗിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. ഇതിനായി പൊലിസിന്റെ കഡാവര്‍, സ്‌നിഫര്‍ നായകളെയാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായി എത്തിച്ചിരിക്കുന്നത്.
ഓരോ വീടുകള്‍ക്കുള്ളിലും ഹൃദയഭേദകമായ കാഴ്ച്ചകളാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. തകര്‍ന്നടിഞ്ഞ ഒരു വീടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ഭീമന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റി മൃതദേഹം പുറത്തെടുക്കുക നിലവില്‍ സാധ്യമല്ല. കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റാനുള്ള യന്ത്രങ്ങളുടെ അപര്യാപ്തയാണ് കാരണം. നിലവില്‍ വടം കെട്ടി സ്ലാബുകള്‍ നീക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ വടം പൊട്ടിയിരുന്നു.
കുട്ടികളടക്കം അഞ്ചും ആറും പേര്‍ കെട്ടിപ്പിടിച്ചു കിടക്കുന്നതും കണ്ടത് ഹൃദഭേദകമായിരുന്നുവെന്ന് പഞ്ചായത്ത് അംഗം കെ ബാബു പറയുന്നു.
ഇന്നു രാവിലെ നടത്തിയ തിരച്ചിലില്‍ ഇതുവരെ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 143 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മുണ്ടക്കൈയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പോത്തുകല്ലില്‍ നിന്ന് ഇതുവരെ 67 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."