സ്മൈലിങ് മാന്റെ ഭാര പരിണാമം; 610 കിലോയിൽ നിന്ന് 63.5 കിലോയിലേക്ക്
റിയാദ്: അടുത്തിടെ വരെ ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും ഭാരമേറിയ മനുഷ്യൻ എന്നാണ് ഖാലിദ് ബിൻ മുഹ്‌സിൻ ഷാരി അറിയപ്പെട്ടിരുന്നത്. ഏകദേശം പത്തുവർഷം മുൻപ് 610 കിലോയായിരുന്നു ഖാലിദ് ബിൻ മുഹ്‌സിൻ ഷാരിയുടെ ഭാരം. ഒന്ന് അനങ്ങാൻ പോലുമാകാതെ ഖാലിദ് കിടക്കയിൽ മൂന്നു വർഷത്തിലേറെയാണ് കഴിഞ്ഞുകൂടിയത്.തന്റെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും സഹായം ആവശ്യമായി വന്നു. മരണം മാത്രമായിരുന്നു മുഹ്‌സിൻ ഷാരിയുടെ മുന്നിലെ വഴിയായി തെളിഞ്ഞു നിന്നിരുന്നത്.
എന്നാൽ, സഊദി ഭരണാധികാരി അബ്‌ദുല്ല രാജാവിന്റെ കാരുണ്യം മുഹ്സിൻ ഷാരിക്ക് മുന്നിൽ അനുഗ്രഹമായി വന്നെത്തി. രാജാവിൻ്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുള്ള സമഗ്രമായ പദ്ധതിയുടെ ഭാഗമായി നടന്ന ശസ്ത്രക്രിയകൾക്ക് ശേഷം 546 കിലോ കുറച്ച മുഹ്‌സിൻ ഷാരിയുടെ ഇപ്പോഴത്തെ തൂക്കം 63.5 കിലോയാണ്. അവിസ്‌മരണീയ മാറ്റത്തിന് മുഹ്‌സിൻ ഷാരിയും കുടുംബവും നന്ദി പറയുന്നത് അബ്‌ദുല്ല രാജാവിനോടാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും ചിരിച്ചുകൊണ്ടായിരുന്നു ഷാരിയുടെ പെരുമാറ്റം. അതുകൊണ്ടു തന്നെ ഡോക്ടർമാർ സ്മൈലിങ് മാൻ എന്ന വിളിപ്പേരും ഷാരിക്ക് ചാർത്തിയിരുന്നു.
മുഹ്സിൻ ഷാരിയുടെ ചികിത്സ വൻ തുക ആവശ്യമായതാർന്നെങ്കിലും പൂർണമായും സൗജന്യമായാണ് അബ്‌ദുല്ല രാജാവ് ചികിത്സ ലഭ്യമാക്കിയത്. വീടിനകത്തുനിന്ന് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് മുഹ്സിനെ വീടിന് പുറത്തിറക്കിയത്. വീടിൻ്റെ ചുമരിൻ്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ച് താൽക്കാലിക ഹൈഡ്രോളിക് സംവിധാനം ഉപയോഗപ്പെടുത്തി ചെറിയ ക്രെയിനിൻ്റെ സഹായത്തോടെയാണ് മുഹ്സിനെ താഴേക്കെത്തിച്ചത്. ജിസാനിലെ വീട്ടിൽനിന്നാണ് റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് എത്തിച്ചത്. മുപ്പതംഗ മെഡിക്കൽ സംഘവും സഹായത്തിനുണ്ടായിരുന്നു.
ഗ്യാസ്ട്രിക് ബൈപാസ് സർജറി,വ്യായാമമുറകൾ, പ്രത്യേക ഡയറ്റ്, ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന തീവ്ര ഫിസിയോതെറാപ്പി സെഷനുകൾ എന്നിവയിലൂടെ ഖാലിദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ചികിത്സക്ക് ശേഷം കഠിന പ്രയത്നത്തിലൂടെയാണ് ഖാലിദ് തൂക്കം ഇന്ന് കാണുന്ന അളവിലേക്ക് കുറച്ചത്. ആറുമാസത്തിനകം തന്നെ ശരീരഭാരം പകുതിയായി കുറച്ചിരുന്നു. കഴിഞ്ഞ വർഷമാണ് തൻ്റെ വലുപ്പത്തിന് ആനുപാതികമായ 63.5 കിലോഗ്രാമിലേക്ക് എത്തിച്ചത്. ശരീരം മെലിയുന്നതിന് അനുസരിച്ച് തൊലി അയഞ്ഞുവരുന്നതിനാൽ ഒന്നിലധികം തവണ മുഹ്‌സിൻ ഷാരി ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്‌തു. തടി കുറയുന്ന രോഗികളിൽ ഈ പ്രവണത സാധാരണയാണ്. സ്മൈലിങ് മാൻ ഇപ്പോൾ ആശ്വാസത്തിന്റെ ചിരിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."