പണം ഇനി ദിര്‍ഹത്തിലേക്ക് മാറ്റി സൂക്ഷിക്കണ്ട; യുപിഐ സൗകര്യം യുഎഇയിലെ കൂടുതല്‍ സ്ഥാപനങ്ങളില്‍
ദുബൈ: യുപിഐ സൗകര്യം ദുബൈയിലെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍. രാജ്യത്തെ പ്രധാന റീട്ടെയ്ല്‍ സ്ഥാപനമായ ലുലുവിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഇനി മുതല്‍ ഗുഗിള്‍ പേ, പേയ്ടിഎം, ഫോണ്‍ പേ ഉള്‍പ്പെടെ ഇവ ഉപയോഗിച്ചു പണം നല്‍കാം. ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകളും ഇവിടെ ഉപയോഗിക്കാം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും യുപിഐ നിലവില്‍ വന്നിട്ടില്ലെങ്കിലും പ്രധാന വ്യാപാര കേന്ദ്രങ്ങളിലും ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ യുപിഐ വഴി ഇന്ത്യന്‍ രൂപ സ്വീകരിക്കും.
ഇതോടുകൂടി യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അത്യാവശ്യത്തിന് മാത്രം വിദേശ കറന്‍സി കരുതിയാല്‍ മതിയാകും. യുഎഇയിലേക്കു വരുമ്പോഴും പോകുമ്പോഴും കറന്‍സി മാറ്റിയെടുക്കുന്നതു കുറയ്ക്കാന്‍ ഒരു പരിധിവരെ ഇതിലൂടെ സാധിക്കും.
നിലവില്‍ വീസ, മാസ്റ്റര്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു രാജ്യാന്തര പേയ്‌മെന്റ് നടത്തുന്നതിനു സൗകര്യം ഉണ്ട്. ഇനി മുതല്‍ റുപേ കാര്‍ഡ് ഉള്ളവര്‍ക്കും അതു സാധ്യമാകും. അതതു ദിവസത്തെ എക്‌സ്‌ചേഞ്ച് നിരക്ക് അനുസരിച്ചായിരിക്കും നാട്ടിലെ അക്കൗണ്ടില്‍ നിന്നു പണം ഈടാക്കുക. ഇരു രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകളാണ് ഈ നിരക്ക് തീരുമാനിക്കുന്നത്.
യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ റുപേ കാര്‍ഡുകള്‍ വഴി പണമിടപാട് നടത്തുന്നതിലൂടെ ഇന്ത്യയ്ക്കും വരുമാനം വര്‍ധിക്കും. അതേസമയം കാര്‍ഡ് പേയ്‌മെന്റിന്റെ നിശ്ചിത ശതമാനം സര്‍വീസ് നല്‍കുന്ന ബാങ്കിനും കാര്‍ഡ് കമ്പനിക്കും ഉള്ളതാണ്. നിലവില്‍ ഈ സര്‍വീസ് ചാര്‍ജിന്റെ ഗുണം കിട്ടിയിരുന്നത് വീസാ, മാസ്റ്റര്‍ പോലുള്ള വന്‍കിട കമ്പനികള്‍ക്കായിരുന്നു. റുപേ ഉപയോഗിക്കുന്നവരിലൂടെ കാര്‍ഡ് പേമെന്റിന്റെ ഒരു വിഹിതം ഇന്ത്യയ്ക്കും ലഭിക്കും. യുഎഇ സന്ദര്‍ശക വീസയുടെ വ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്ന പണവും ഇനി ദിര്‍ഹത്തില്‍ കരുതേണ്ടതില്ല.
UPI Service Now Available at More Institutions in UAE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."