ദുബൈ: മാതാപിതാക്കൾക്കൊപ്പം ഒരുദിനം, ജി.ഡി.ആർ.എഫ്.എ പദ്ധതി വ്യാപിപ്പിക്കുന്നു
ദുബൈ: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആരംഭിച്ച 'മാതാപിതാക്കൾക്കൊപ്പം ഒരു ദിനം' കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ ജോലി സ്ഥലങ്ങളിൽ ഒരു ദിവസം മുഴുവൻ ചെലവഴിക്കാനും അവരുടെ ജോലിയുടെ പ്രാധാന്യവും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാനും അവസരം ലഭിക്കുന്നു.
ഇതിനായി ജീവനക്കാരുടെ 6നും 16നുമിടക്ക് പ്രായമുള്ള 100 കുട്ടികളെ സംരംഭത്തിൽ ഉൾപ്പെടുത്തി പ്രധാന ഓഫീസിൽ നിന്ന് വിവിധ സ്ഥലങ്ങളിലെ ഡയരക്ടറേറ്റിന്റെ കേന്ദ്രങ്ങളിലേക്ക് പദ്ധതി വിപുലപ്പെടുത്തി. ദുബൈ എയർപോർട്ട് ജി.ഡി.ആർ.എഫ്.എ സെക്ടർ, ഹത്ത ബോർഡ് ക്രോസിംഗ്, ലംഘകരുടെ ഷെൽട്ടർ സെന്റർ, ജബൽ അലി പോർട്ട് എന്നീ സ്ഥലങ്ങളിലെ ഓഫീസുകളിലേക്കാണ് പദ്ധതി നടപ്പിലാക്കുന്നത് വിപുലീകരിച്ചത്.
വിവിധ അഡ്മിനിസ്ട്രേഷൻ കെട്ടിടങ്ങളുടെയും സൗകര്യങ്ങളുടെയും ഗൈഡഡ് ടൂറുകളും ഇതിന്റെ ഭാഗമായി നടന്നു. കൂടാതെ, സമൂഹത്തിന്റെയും മാനുഷിക പ്രവർത്തനത്തിൻ്റെയും ആശയം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ സന്നദ്ധ പ്രവർത്തനത്തിൻ്റെ മനോഭാവം ജ്വലിപ്പിക്കുന്നതിനുമായി 'വോളണ്ടിയർ ഹീറോസ്' എന്ന ശീർഷകത്തിലുള്ള ശിൽപശാലയും സംഘടിപ്പിച്ചു.
പുതിയ തലമുറയും തൊഴിൽ അന്തരീക്ഷവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ദുബൈ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ദുബൈ റസിഡൻസി ജീവനക്കാരുടെ 100 കുട്ടികളെ ഉൾപ്പെടുത്തുന്നതിലൂടെ, ജോലി സ്ഥലത്ത് മാതാപിതാക്കളുടെ റോളുകൾ മനസിലാക്കാനും ഓരോരുത്തരും ചെയ്യുന്ന ജോലികൾ അവരെ പരിചയപ്പെടുത്താനും അവരുടെ മനസ്സിൽ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിക്കാനും പ്രചോദിപ്പിക്കാനും സാധിക്കും.
കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ കഴിവുകളുടെ വികസനത്തിന് ഇത്തരത്തിലുള്ള പദ്ധതികൾ കൂടുതൽ സഹായകരമാകുമെന്നും രാജ്യത്തിനും, സമൂഹത്തിനും മികച്ച സംഭാവന നൽകാൻ പദ്ധതി വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളോടുള്ള കുട്ടികളുടെ അഭിനന്ദനം ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ, ഓരോ കുട്ടിക്കും അവരുടെ മാതാപിതാക്കൾക്ക് 'ഹൃദയത്തിൽ നിന്നുള്ള ഒരു സന്ദേശം' എന്ന വാചകം അടങ്ങിയ താങ്ക്സ് കാർഡ് അവതരിപ്പിക്കുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുത്തി.
സാമൂഹിക ഘടനയെ ദൃഢമാക്കാനും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും വ്യക്തികൾ സാമൂഹിക സ്ഥിരതയെ പിന്തുണയ്ക്കുകയും സാമൂഹിക ഐക്യം വർധിപ്പിക്കുകയും ചെയ്യുന്ന സഹകരണവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളും ഈ പദ്ധതിയിൽ സന്ദേശമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."