യു.എ.ഇയുടെ മധ്യസ്ഥത: റഷ്യയും ഉക്രൈനും 230 തടവുകാരെ മോചിപ്പിച്ചു
ദുബൈ: റഷ്യയും ഉക്രെയ്നും തമ്മിലുള്ള കൈമാറ്റ ഇടപാടിൽ 230 തടവുകാരെ മോചിപ്പിച്ചു. യു.എ.ഇയുടെ മധ്യസ്ഥതയിലാണ് കൈമാറ്റം നടന്നതെന്ന് ദേശീയ വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ തമ്മിലുള്ള കൈമാറ്റത്തിന് യു.എ.ഇ മധ്യസ്ഥത വഹിക്കുന്നത് ഇത് ഏഴാം തവണയാണ്. റഷ്യയ്ക്കുള്ളിൽ അപ്രതീക്ഷിത ആക്രമണത്തിൽ ഉക്രൈൻ പ്രദേശം പിടിച്ചെടുത്ത ഓഗസ്റ്റ് 6ന് ശേഷമുള്ള ആദ്യ തടവുകാരുടെ കൈമാറ്റമാണിത്.
ഉക്രൈൻ വാർഷിക സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് കരാർ പ്രഖ്യാപിച്ചത്. ഇതോടെ, മധ്യസ്ഥതയിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ എണ്ണം 1,788 ആയി. യു.എ.ഇ മാധ്യസ്ഥത്തിൽ 190 തടവുകാരെ മോചിപ്പിച്ചതായി ജൂലൈയിൽ വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. റഷ്യൻ ഫെഡറേഷൻ്റെയും റിപ്പബ്ലിക് ഓഫ് ഉക്രൈനിൻ്റെയും സർക്കാരുകളുടെ സഹകരണത്തിന് വിദേശ കാര്യ മന്ത്രാലയം അഭിനന്ദനം അറിയിച്ചു. സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള യു.എ.ഇയുടെ പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ച് ഉറപ്പിച്ചു.
സംഭാഷണത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി തീവ്രതയുടെ തോത് കുറച്ച് നയതന്ത്രത്തിൻ്റെ ആവശ്യകത യു.എ.ഇ ഈയവസരത്തിൽ ഊന്നിപ്പറയുകയും മാനുഷിക സാഹചര്യങ്ങളിൽ യുദ്ധത്തിൻ്റെ ഫലങ്ങൾ കുറയ്ക്കാൻ റഷ്യയോടും ഉക്രൈനോടും ആവശ്യപ്പെടുകയും ചെയ്തു.
2022 ഡിസംബറിൽ യു.എസിനും റഷ്യയ്ക്കുമിടയിൽ രണ്ട് തടവുകാരെ കൈമാറുന്നതിനും യു.എ.ഇ മധ്യസ്ഥത വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."