മോഹന്‍ലാലിന് എത്താനാകില്ല; നാളെ നടത്താനിരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗം മാറ്റി
കൊച്ചി: ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ നാളെ വിളിച്ചുചേര്‍ത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു. സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉള്ളതുകൊണ്ടാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അമ്മയുടെ മറ്റ് ഭാരവാഹികള്‍ അറിയിച്ചു.
ചെന്നൈയിലുള്ള മോഹന്‍ലാല്‍ നാളത്തെ എക്സിക്യുട്ടീവ് യോഗത്തിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതോടെയാണ് യോഗം മാറ്റിയത്. ഈയാഴ്ച തന്നെ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വൈസ് പ്രസിഡന്റുമാരായ ജഗദീഷ്, ജയന്‍ ചേര്‍ത്തല, എക്സിക്യുട്ടീവ് അംഗങ്ങളായ ജോയി മാത്യു, ടൊവിനോ തോമസ്, അന്‍സിബ ഹസന്‍ തുടങ്ങിയവര്‍ ശക്തമായ ആരോപണങ്ങളാണ് സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ അതിക്രമങ്ങള്‍ക്കെതിരേ ഉന്നയിച്ചത്. ആരോപണം നേരിടുന്നവര്‍ക്കെതിരേയാണ് ഭാരവാഹികള്‍ നിലപാട് വ്യക്തമാക്കിയതെങ്കിലും ഫലത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ സംഘടന സ്വീകരിച്ചുവരുന്ന നിലപാടുകളെ കൂടെയാണ് പ്രതിക്കൂട്ടിലാക്കുന്നത്.
വൈസ് പ്രസിഡന്റായ ജയന്‍ ചേര്‍ത്തലയാണ് ആദ്യ വെടി പൊട്ടിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അമ്മയുടെ പ്രതികരണം വൈകിയെന്നും അത് സംശയങ്ങള്‍ക്ക് ഇടവരുത്തിയതായും ജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമ്മയുടെ മൗനം സംഘടനയെ മൊത്തം സംശയമുനയിലാക്കുമെന്നും ജയന്‍ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ ജയന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ ഉച്ചകഴിഞ്ഞാണ് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്. അന്ന് തന്നെയാണ് നടന്‍ ജഗദീഷും പ്രതികരിച്ചത്. നടിയുടെ പരാതിയില്‍ കേസെടുത്താല്‍ അതിനെ നേരിടേണ്ടത് സിദ്ദിഖാണെന്നും സംഘടനയെന്ന നിലയില്‍ അമ്മ കേസിന് പിന്തുണ നല്‍കേണ്ടതില്ലെന്നും ജഗദീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടിക്ക് നീതി കിട്ടണമെന്നും ജഗദീഷ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ലെന്നായിരുന്നു നടി അന്‍സിബാ ഹസന്റെ പ്രതികരണം. അതിവേഗ കോടതികളിലൂടെ ഇത്തരം പരാതികള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തുവരും. ആരെയും പേടിക്കാതെ പരാതികളുന്നയിക്കാന്‍ സിനിമാ രംഗത്തടക്കമുള്ള സ്ത്രീകള്‍ക്ക് കഴിയണം. അതിനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരും സംഘടനകളും ചെയ്യേണ്ടതെന്നും അന്‍സിബ പറഞ്ഞു.
നിലവില്‍ അമ്മയുടെ ഭാരവാഹികളല്ലാത്ത നടി ശ്വേതാ മേനോന്‍, നടന്‍ അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സിദ്ദിഖിനെതിരായ ആരോപണത്തിലും പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."