സഊദിയിൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കനത്ത പിഴ
റിയാദ്: രാജ്യത്ത് സുരക്ഷാ ക്യാമറകൾ (സിസിടിവി) ഉപയോഗിക്കുന്നതിന് 18 നിബന്ധനകൾ പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം . ഈ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വൻ തുക പിഴ ലഭിക്കും. സിസിടിവി ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാൽ 20,000 റിയാലാണ് പിഴ ചുമത്തും. ഇത്തരം വിവിധ നിയമലംഘനങ്ങൾക്ക് പിഴകള്‍ സംബന്ധിച്ച വിശദ വിവരം ‘ഈഫാ’ആപ്പിലൂടെ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം പിഴകൾ അടയ്ക്കാനാണ് മന്ത്രാലയം ഈഫാ’ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ അനധികൃതമായി ഡീലിറ്റ് ചെയ്താലും 20,000 റിയാല്‍ പിഴ ചുമത്തും. ക്യാമറകളും അതിന്റെ റെക്കോര്‍ഡിങ് സംവിധാനവും മനപ്പൂർവ്വം നശിപ്പിച്ചാലും പിഴ 20,000 റിയാലാണ്. പൊതുസുരക്ഷാ വകുപ്പിന്റെ അനുമതി വാങ്ങാതെ തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചാൽ പിഴ 10,000 റിയാലും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത ക്യാമറകളും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചാൽ 500 റിയാലുമാണ് പിഴ ഈടാക്കുക.
ലേഡീസ് ബ്യൂട്ടിപാർലറുകൾ, സ്പാകൾ, വിവിധതരം ക്ലബ്ബുകള്‍ എന്നിവക്കുള്ളിൽ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കല്‍, ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെൻറുകളും അടക്കമുള്ള ടൂറിസ്റ്റ് താമസസൗകര്യങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, ഓപ്പറേഷന്‍ തിയേറ്ററുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, മെഡിക്കല്‍ പരിശോധനാ മുറികളിലും ഫിസിയോ തെറാപ്പി മുറികളിലും കിടത്തി ചികിത്സിക്കുന്ന മുറികളിലും വസ്ത്രം മാറുന്ന മുറികളിലും നിരീക്ഷണ ക്യമറകള്‍ സ്ഥാപിക്കല്‍, പൊതുസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ ഓഡിയോ റെക്കോര്‍ഡിങ് ഉപകരണം പ്രവര്‍ത്തിപ്പിക്കല്‍, ടോയ്‌ലറ്റുകള്‍ക്കകത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 10,000 റിയാലാണ് പിഴ.
സി.സി.ടി.വി സ്ഥാപിച്ചിരിക്കുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപനത്തിന്റെ മുഴുവന്‍ എൻട്രികളിലും എക്സിറ്റ് വഴികളിലും സ്ഥാപിച്ചില്ലെങ്കിലും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പ്രകാരമുള്ള ക്യാമറകള്‍ സ്ഥാപിച്ചില്ലെങ്കിലും 1,000 റിയാല്‍ പിഴ ചുമത്തും. നിയമം അനുശാസിക്കുന്ന കാലം വരെ ക്യാമറാദൃശ്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ 5,000 റിയാലാണ് പിഴ. ആഭ്യന്തര മന്ത്രാലയത്തിന്റെയോ പൊതുസുരക്ഷാ വകുപ്പിന്റെയോ കോടതി ഉത്തരവിന്റെയോ അനുമതിയില്ലാതെയും അന്വേഷണ ഏജന്‍സികളുടെ അപേക്ഷ കൂടാതെയും ക്യാമറ ദൃശ്യങ്ങൾ പ്രചരിപ്പിക്കുയോ മായ്ച്ചുകളയുകയോ ചെയ്യുന്നതും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."