ആര്‍.എസ്.എസ് പ്രധാനസംഘടനയെന്ന പരാമര്‍ശം; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം
കോഴിക്കോട്: ആര്‍.എസ്.എസ്. ഇന്ത്യയിലെ പ്രധാനസംഘടനയാണെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ സി.പി.ഐ. ഷംസീര്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഒഴിവാക്കേണ്ട പ്രസ്താവനയായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആര്‍.എസ്.എസിന് ഉണ്ടെന്നു പറയപ്പെടുന്ന ഈ പ്രധാന്യം ഇടതുപക്ഷത്തിന് ബോധ്യപ്പെട്ട പ്രധാന്യമല്ല. മഹാത്മാഗാന്ധി വധത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് അര്‍.എസ്.എസ്. എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഷംസീറിനെപ്പോലെയൊരാള്‍ ആ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. പ്രസ്താവന ഒരുപാട് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പ്രധാന സംഘടനയായ ആര്‍.എസ്.എസിന്റെ നേതാക്കളെ എ.ഡി.ജി.പി വ്യക്തിപരമായി കണ്ടതില്‍ തെറ്റില്ലെന്നായിരുന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വ്യക്തികള്‍ പരസ്പരം കാണുന്നതില്‍ തെറ്റില്ല. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് എ.ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്. അതിനെ ഗൗരവമായി കാണേണ്ടതില്ല. മന്ത്രിമാരുടെ ഫോണ്‍ എ.ഡി.ജി.പി ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."