ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ ആറു വയസുകാരനടക്കം മൂന്നംഗ മലയാളി കുടുംബം മരിക്കാനിടയായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗുണ്ടല്‍പേട്ട് ടൗണിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വയനാട് നെന്മേനി അമ്പുകുത്തി ഗോവിന്ദമൂല സ്വദേശിയും കേരള വിഷന്‍ സ്റ്റാഫുമായ പാഴൂര്‍ വീട്ടില്‍ ധനേഷ്(38), ഭാര്യ അഞ്ജു(27), മകന്‍ ഇഷാന്‍ കൃഷ്ണ (6) എന്നിവരാണ് മരിച്ചത്.
ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി വന്ന് ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിലിടിച്ചശേഷം ലോറി നിര്‍ത്താതെ മുന്നോട്ട് വേഗത്തില്‍ പോകുന്നതും നാട്ടുകാര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നതും ദൃശ്യങ്ങളിലുണ്ട്. ലോറി ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു ഗുണ്ടല്‍പേട്ട-സുല്‍ത്താന്‍ ബത്തേരി പാതയില്‍ ടൗണ്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കരിങ്കല്ലുമായി ഗുണ്ടല്‍പേട്ട ഭാഗത്തേക്കു പോവുകയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ടു ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ധനേഷ് റോഡിലേക്കു തെറിച്ചു വീണു. അഞ്ജുവും മകന്‍ ഇഷാന്‍ കൃഷ്ണയും ബൈക്കും ലോറിക്കടിയില്‍പ്പെട്ടു. മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.
അടിയില്‍പ്പെട്ട ബൈക്കിനെ ലോറി ഇരുനൂറ് മീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓണം അവധിക്ക് കുടുംബത്തോടൊപ്പം ഗുണ്ടല്‍പ്പേട്ടയില്‍ പൂപ്പാടം കണ്ടു തിരികെ മടങ്ങുമ്പോഴാണ് അപകടം.
മോഹനന്‍- വിലാസിനി ദമ്പതികളുടെ മകനാണ് മരിച്ച ധനേഷ്. ദിലീഷ്, ധനീഷ് എന്നിവര്‍ സഹോദരങ്ങളാണ്. പൂതാടി തോണിക്കുഴിയില്‍ സത്യന്‍-ബിന്ദു ദമ്പതികളുടെ മകളാണ് മരിച്ച അഞ്ജു. അജയ്, അതുല്യ എന്നിവര്‍ സഹോദരങ്ങളാണ്. ഇഷാന്‍ കൃഷ്ണ കേണിച്ചിറ ഇന്‍ഫന്റ് ജീസസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."