എംപോക്‌സ്; കേരളത്തില്‍ സ്ഥിരീകരിച്ചത് തീവ്രവ്യാപനശേഷിയുള്ള ക്ലേഡ് 1 ബി വകഭേദം; മരണസാധ്യത പത്തുശതമാനം കൂടുതല്‍
മലപ്പുറം: സംസ്ഥാനത്ത് സ്ഥിരീകരിച്ച എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗത്തിലുള്ളത്. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ക്ലേഡ് വണ്‍ ബി വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യത്ത് ആദ്യമായാണ് ഇതു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 വകഭേദമാണ്. ഇതിന്റെ മറ്റൊരു ഭാഗമാണിത്.
ക്ലേഡ് ടു ബി യിലെ മരണനിരക്ക് ഒരുശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പത്തുശതമാനം കൂടുതലാണ്. മുമ്പത്തെ എംപോക്‌സ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും വിദഗ്ധര്‍ പറയുന്നുണ്ട്.
മലപ്പുറം ജില്ലയിലെ എടവണ്ണ ഒതായി ചാത്തല്ലൂര്‍ സ്വദേശിയാണ് എംപോക്‌സ് സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്.
അതേസമയം, സംസ്ഥാനത്ത് എംപോക്സ് പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തിപ്പെടുത്തി. നിലവില്‍ അഞ്ച് ലാബുകളില്‍ പരിശോധനാ സൗകര്യമൊരുക്കി. ആവശ്യമെങ്കില്‍ കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്സ് ലക്ഷണവുമായി എത്തുന്നുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.
എലിപ്പനി പ്രതിരോധത്തില്‍ പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന് വളരെ പ്രാധാന്യമുണ്ട്. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. ഇടവിട്ട മഴ തുടരുന്നതിനാല്‍ പലതരം പകര്‍ച്ചപ്പനികള്‍ ബാധിക്കുന്നുണ്ട്.
ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ കാണുന്നുണ്ട്. നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടി ഏത് പനിയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."