ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും
ബഗ്ദാദ്/തെല്‍അവീവ്: ലെബനാനും ഗസ്സക്കും മേല്‍ മരണമഴ പെയ്യിച്ച് അര്‍മാദിക്കുന്ന ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി ലഭിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. യെമനില്‍ നിന്നും ഇറാഖില്‍ നിന്നും ഇസ്‌റാഈലിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളപായമില്ലെന്ന ഇസ്‌റാഈല്‍ വീമ്പ് പറയുന്നുണ്ടെങ്കിലും അവരുടെ സാമ്പത്തിക സിരാ കേന്ദ്രങ്ങള്‍ നോക്കിയാണ് അടികളെന്നതാണ് പുറത്തു വരുന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നത്.
ഹിസ്ബുല്ലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയ ഇറാഖി സായുധ സംഘം അപ്പോള്‍ തന്നെ ഇസ്‌റാഈലിന് സമ്മാനം അയച്ചു തുടങ്ങിയിരുന്നു. ഇറാഖില്‍നിന്നെത്തിയ മിസൈലുകള്‍ തെക്കന്‍ ഇസ്‌റാഈലിലെ തുറമുഖ നഗരമായ ഐലാത്തില്‍ പതിച്ചെന്ന് 'ടൈംസ് ഓഫ് ഇസ്‌റാഈല്‍' റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്‌റാഈല്‍ വൃത്തങ്ങള്‍ പറയുന്നു. രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കടല്‍ വഴിയാണ് ആക്രമണമുണ്ടായത്. നഗരം ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും എത്തിയതായാണു വിവരം. അല്‍അര്‍ഖാബ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി 'ഇര്‍ന'യെ ഉദ്ധരിച്ച് ജെറൂസലം പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാഖി സാധുയ സംഘമായ 'ഇസ്‌ലാമിക് റെസിസ്റ്റന്‍സ്' ഏറ്റെടുത്തിട്ടുണ്ട്. തെക്കന്‍ ഇസ്‌റാഈലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സംഘം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് യെമനില്‍ നിന്നും ഇസ്‌റാഈലിന് നേരെ മിസൈല്‍ ആക്രമണമുണ്ടായത്. രാജ്യത്തിന്റെ പുറത്ത് വെച്ചു തന്നെ ഡിഫന്‍സ് സിസ്റ്റം മിസൈല്‍ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് പ്രതിരോധസേന അവകാശപ്പെടുന്നുണ്ട്. എന്നാല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ യെമനില്‍ നിന്നുള്ള ഹൂതികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം വക്താവ് നടത്തുമെന്നാണ് ഹൂതികള്‍ അറിയിക്കുന്നത്.
മുതിര്‍ന്ന ഹിസ്ബുല്ല നേതാവിനെ കൊലപ്പെടുത്തിയതിന്റെ മറുപടിയായാണ് ഹൂതികളുടെ ആക്രമണം വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."