ടെന്‍ഷനടിക്കേണ്ട; എസ്എംഎസില്‍ ഇനി സുരക്ഷിത ലിങ്കുകള്‍ മാത്രം
എസ്എംഎസില്‍ ഇനി സുരക്ഷിത ലിങ്കുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ. എസ്എംഎസ് വഴി ലിങ്കുകള്‍ അയക്കുന്നതില്‍ ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ പുതിയ ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതോടെ വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ ഇനി വാണിജ്യസ്ഥാപനങ്ങള്‍ക്ക് അയക്കാന്‍ സാധിക്കില്ല. വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത യു.ആര്‍.എല്‍., എ.പി.കെ.എസ്., ഒ.ടി.ടി. ലിങ്കുകളുമായി ബന്ധപ്പെട്ട എസ്.എം.എസുകള്‍ തടയാനാണ് ട്രായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
3000 സ്ഥാപനങ്ങളില്‍നിന്നായി 70,000 ഓളം ലിങ്കുകളാണ് ഇതുവരെ വൈറ്റ്‌ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് വളരെ കുറഞ്ഞ കണക്കാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഓരോ വ്യക്തികള്‍ക്കും പ്രത്യേകമായി ജനറേറ്റ് ചെയ്യുന്ന, പാസ്‌വേഡ് മാറ്റാന്‍ സാധിക്കുന്നതടക്കമുള്ള ലിങ്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. ഇത്തരം ലിങ്കുകള്‍ക്ക് ട്രായിയുടെ മുന്‍കൂര്‍ അനുമതി തേടാന്‍ കഴിയില്ലന്നും വിദ?ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലിങ്കുകളിലൂടെയും ആപ്പുകളിലൂടെയുമുള്ള തട്ടിപ്പ് തടയാനാണ് ട്രായ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. വിശ്വസനീയമായ രീതിയില്‍ വ്യാജലിങ്കുകള്‍ അയച്ച് പലരും തട്ടിപ്പുകള്‍ നടത്തുന്നത് തടയണമെന്നായിരുന്നു ട്രായ് നല്‍കിയ നിര്‍ദേശം. സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ ഉത്തരവ് നടപ്പാക്കാനാണ് ട്രായ് ഉദ്ദേശിച്ചിരുന്നതെങ്കിലും ബാങ്കുകളുടെയും ടെലികോം കമ്പനികളുടേയും ആവശ്യം പരിഗണിച്ച് അത് നീട്ടിവെക്കുകയായിരുന്നു. ഒടിപികളെയും പുതിയ പരിഷ്‌കാരം ബാധിച്ചേക്കുമോ എന്ന ആശങ്ക കമ്പനികള്‍ പങ്കുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."