യുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
ഫുജൈറ: പർവത പ്രദേശത്ത് വന്യമൃഗങ്ങളെ പിടിക്കാൻ കെണിയൊരുക്കിയവർക്കെതിരെ നടപടി. ഇവരുടെ ഉപകരണങ്ങൾ പിടികൂടി.വേട്ടക്കെണി ഒരുക്കിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഫുജൈറ പരിസ്ഥിതി അതോറിറ്റി സ്ഥലത്തെത്തി അന്വേഷണം നടത്തി. സമൂഹ മാധ്യമങ്ങളിൽ കണ്ട വിജനമായ സ്ഥലം ഫുജൈറ പരിസ്ഥിതി അതോറിറ്റ ജൈവവൈവിധ്യ മേഖലയായി കണക്കാക്കിയതാണ്.
മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്ന് അകന്ന് പ്രകൃതിയിൽ സമാധാനവും സ്വസ്ഥതയും തേടി ജന്തുക്കൾ അഭയം പ്രാപിക്കുന്ന തുറന്ന കാട്ടുപ്രദേശങ്ങളിൽ മൃഗങ്ങളെ വേട്ടയാടുന്നതിനായി കെണി ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നത്. വിദഗ്ധ സംഘം ഉടൻതന്നെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തു. പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന നിയമവിരുദ്ധമായ പ്രവൃത്തി ആയതിനാൽ ഉൾപ്പെട്ട ആളുകളെ കണ്ടെത്തി അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
മരുഭൂമിയിൽ മുൻകരുതലുകൾ എടുക്കാനും നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 800368- ലേക്ക് അറിയിക്കാനും അതോറിറ്റി സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."