ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 105ാം റാങ്കില്‍. ഇന്ത്യയെ 'ഗുരുതര' വിഭാഗത്തിലാണ് സൂചിക പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 127 രാജ്യങ്ങളിലെ പട്ടിണിയുടെ അളവും മറ്റു കാര്യങ്ങളും മനസ്സിലാക്കാനായി അന്താരാഷ്ട്ര മനുഷ്യാവാകാശ സംഘടനകള്‍ ഉപയോഗിക്കുന്നതാണ് ഈ സൂചിക. പോഷകാഹാരക്കുറവ്, ശിശുമരണം തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തുന്നത്.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങി ഇന്ത്യയെ കൂടാതെ 41 രാജ്യങ്ങളാണ് ഗുരുതര വിഭാഗത്തിലുള്ളത്. അതേസമയം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ കുറച്ചുകൂടി മെച്ചപ്പെട്ട അവസ്ഥയാണ്. 'മിതമായ' വിഭാഗത്തിലാണ് ഈ രാജ്യങ്ങളുള്ളത്.
27.3 സ്‌കോറാണ് ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. നാല് ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 13.7 ശതമാനവും പോഷകാഹാരക്കുറവുള്ളവരാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം പേര്‍ക്ക് വളര്‍ച്ച മുരടിപ്പുണ്ട്. 2.9 ശതമാനം പേര്‍ അഞ്ച് വയസ്സിന് മുമ്പ് മരണപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ചില ആഫ്രിക്കന്‍ രാജ്യങ്ങളും ആഗോള പട്ടിണി സൂചികയില്‍ അപകടകരമായ വിഭാഗത്തിലാണുള്ളത്.
ആഗോളതലത്തില്‍ ഏകദേശം 73 കോടി ജനങ്ങള്‍ മതിയായ ഭക്ഷണം ലഭിക്കാത്തതിനാല്‍ ദിവസവും പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗസ്സയിലെയും സുഡാനിലെയും യുദ്ധങ്ങള്‍ അസാധാരണമായ ഭക്ഷ്യപ്രതിസന്ധിയിലേക്കാണ് നയിച്ചിട്ടുള്ളത്. കോംഗോ, ഹൈതി, മാലി, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും ആഭ്യന്തര കലഹുമെല്ലാം ഭക്ഷ്യപ്രതിസന്ധി തീര്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."