ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന
ഹൈദരാബാദ്: ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാനൊരുങ്ങി തെലങ്കാന. എല്ലാ സമുദായങ്ങള്‍ക്കിടയിലും തുല്യമായ വിഭവ വിതരണം ലക്ഷ്യം വെച്ചുകൊണ്ട് ജാതി സെന്‍സസിനായുള്ള നടപടികള്‍ തെലങ്കാന സര്‍ക്കാര്‍ ആരംഭിച്ചു. ബിഹാറും ആന്ധ്രയുമാണ് ഇതിന് മുന്‍പ് ജാതി സെന്‍സെസിനായുള്ള നടപടികള്‍ സ്വീകരിച്ച സംസ്ഥാനങ്ങള്‍.
വീടുവീടാന്തരം കയറിയിറങ്ങി സര്‍വേ നടത്താനുള്ള ഉത്തരവ് സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തികുമാരി വെള്ളിയാഴ്ച പുറത്തിറക്കി. 60 ദിവസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
'സംസ്ഥാനത്തെ ഒ.ബി.സി, എസ്.സി, എസ്.ടി, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനായി സാമൂഹിക, സാമ്പത്തിക, തൊഴില്‍, വിദ്യാഭ്യാസമുള്‍പ്പെടെ വിവിധ അവസരങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതുമാണ് സര്‍വേ ലക്ഷ്യമിടുന്നത്' ഉത്തരവില്‍ പറയുന്നു.
സര്‍വേ നടത്താന്‍ ഫെബ്രുവരി നാലിന് ചേര്‍ന്ന സംസ്ഥാന നിയമസഭയിലാണ് തീരുമാനമെടുക്കുന്നത്. 16ന് ഇത് സംബന്ധിച്ച പ3മേയം പാസ്സാക്കി. സര്‍വേയിലൂടെ സംസ്ഥാനത്തെ എസ്.സി, എസ്.ടി, ബി.സി, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി പൊന്നം പ്രഭാകര്‍ പറഞ്ഞിരുന്നു.
വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണാനുകൂല്യങ്ങള്‍ നീട്ടുന്നതിനായി പട്ടികജാതിക്കാരുടെ ഉപവര്‍ഗ്ഗീകരണം പഠിക്കാന്‍ മുന്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഷമീം അക്തറിന്റെ നേതൃത്വത്തിലുള്ള കമീഷനെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ കോണ്‍ഗ്രസ് നല്‍കിയ ഉറപ്പുകളില്‍ ജാതി സര്‍വേയും ഉള്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."