ആദർശ സംവാദകർക്കുള്ള സ്വീകരണം ഞായറാഴ്ച കോഴിക്കോട്ട്
കോഴിക്കോട് : കഴിഞ്ഞദിവസങ്ങളിൽ കോഴിക്കോട്, എടവണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് നാസ്തികരുമായും മുജാഹിദ് പ്രഭാഷകരുമായും
നടന്ന സംവാദങ്ങളിൽ പ്രകടമായ വിജയം കൈവരിച്ച യുവപണ്ഡിതർക്കുള്ള സ്വീകരണ സമ്മേളനം ഒക്ടോബർ 20 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കോഴിക്കോട്
സമസ്ത ഓഡിറ്റോറിയത്തിൽ നടക്കും.
കോഴിക്കോട് വച്ച് നടന്ന സംവാദത്തിൽ നാസ്തികരുടെ യുക്തിരാഹിത്യത്തെ തുറന്ന് കാണിച്ച് ദൈവാസ്തിക്യം സ്ഥാപിച്ച പണ്ഡിത പ്രതിഭ ശുഹൈബുൽ ഹൈതമിക്കും എടവണ്ണയിൽ നടന്ന സംവാദത്തിൽ വഹാബികളുടെ മത യുക്തിവാദ പ്രവണതകളെ ചെറുത്ത് തോൽപ്പിച്ച് സുന്നി ആദർശത്തിൻ്റെ യശസ്സുയർത്തിയ ഇസ്തിഖാമയുടെ പണ്ഡിതർക്കും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയാണ് സ്വീകരണം നൽകുന്നത്.
'യുക്തിസഹം ഏത് ' വിഷയത്തിൽ നടന്ന സംവാദത്തിൽ ഇസ്ലാമിൻ്റെ യുക്തിഭദ്രതയേയും നാസ്തികവാദങ്ങളുടെ അടിസ്ഥാന രാഹിത്യത്തെയും സമർത്ഥിക്കാൻ യുവ പണ്ഡിതനായ ശുഹൈബുൽ ഹൈത്തമിക്ക് കഴിഞ്ഞത് മതവിശ്വാസികളുടെയും നിഷ്പക്ഷ ചിന്തകരുടെയും പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. എസ്.കെ.എസ്.എസ്.എഫ് സാംസ്കാരിക വിഭാഗമായ മനീഷയുടെ സംസ്ഥാന സാരഥി കൂടിയാണ് ഹൈത്തമി .എടവണ്ണയിൽ തവസ്സുൽ എന്ന വിഷയത്തിൽ നടന്ന സുന്നി- മുജാഹിദ് സംവാദത്തിൽ എസ്.കെ.എസ്.എസ്.എഫ് ആദർശ വിഭാഗമായ ഇസ്തിഖാമയുടെ യുവ പണ്ഡിതരാണ് മുജാഹിദ് വിഭാഗത്തിന്റെ അബദ്ധജടിലമായ വാദങ്ങളുടെ മുനയൊടിച്ചത്.
വിശ്വാസി സമൂഹത്തിന് അഭിമാനം പകർന്ന സമസ്തയുടെ ആദർശ സംവാദകർക്കുള്ള സ്വീകരണത്തിൽ പ്രമുഖർ സംബന്ധിക്കുമെന്നും
പ്രവർത്തകർ അസർ നമസ്കാരത്തിന് സുപ്രഭാതം പള്ളിയിലെത്തിച്ചേരണമെന്നും സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് എന്നിവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."