പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു
കുവൈത്ത് സിറ്റി: കുവൈറ്റില്‍ നിലനില്‍ക്കുന്ന വര്‍ക്ക് വിസ നിരോധനത്തില്‍ ഇളവുമായി അധികൃതര്‍. ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സര്‍ക്കാറിനു കീഴിലുള്ള വിവിധ കരാര്‍ പ്രവൃത്തികളില്‍ ജോലി ചെയ്യുന്നതിന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കരാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. സര്‍ക്കാര്‍ കരാറുകള്‍ക്കുള്ള താത്കാലിക വര്‍ക്ക് എന്‍ട്രി വിസകള്‍ ഇഷ്യൂ ചെയ്യുന്നത് ഇന്ന് ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഒരു വര്‍ഷത്തില്‍ താഴെയുള്ള താല്‍ക്കാലിക സര്‍ക്കാര്‍ കരാറുകള്‍ക്കാണ് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുകയെന്നും, ഇത്തരം വിസകളുടെ കാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. തൊഴില്‍ വിപണിയുടെ വഴക്കം വര്‍ധിപ്പിക്കുന്നതിനും ഹ്രസ്വകാല തൊഴിലുകള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് ഈ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹി തൊഴില്‍ വിപണിയെ പരിപോഷിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി മന്ത്രാലയം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താല്‍ക്കാലിക കരാര്‍ ജോലി വിസകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഇന്ന് തിങ്കളാഴ്ച മുതല്‍ ഈ വര്‍ക്ക് എന്‍ട്രി വിസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. മന്ത്രാലയത്തിന്റെ ഈ തീരുമാനം തൊഴിലുടമകള്‍ക്ക് താല്‍ക്കാലിക കരാര്‍ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പ്രയോജനം ചെയ്യും. അതേസമയം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഈ ഹ്രസ്വകാല വിസയുടെ ആനുകൂല്യം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കുവൈത്തില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിയമലംഘകരായ ആയിരക്കണക്കിന് പ്രവാസികള്‍ കുവൈറ്റ് വിട്ടത്. പൊതുമാപ്പ് കാലാവധി കഴിഞ്ഞതിന് ശേഷവും ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിശോധനകളിലായി ആയിരക്കണക്കിന് പ്രവാസികളാണ് നാടുകടത്തപ്പെടുന്നത്. ഇത് രാജ്യത്തെ തൊഴില്‍ വിപണിയെ വലിയ തോതില്‍ ബാധിച്ചതായും, പല നിര്‍മാണ പദ്ധതികളും തൊഴിലാളികളുടെ ക്ഷാമം കാരണം മുടങ്ങിക്കിടക്കുകയാണെന്നും, ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക കരാര്‍ വിസകള്‍ വീണ്ടും ആരംഭിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Kuwait launches new job opportunities for expatriates and reinstates one-year work visas, providing fresh employment avenues for foreign workers and boosting the country's workforce.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."