എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാം നടന്നത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബി.ജെ.പിയുടെ രീതിയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഓഫിസിലേക്ക് കോടിക്കണക്കിന് രൂപയാണ് ഒഴുകിയെത്തിയത്. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍ കേസ് ഗുരുതരമാണെന്ന് തെളിയിക്കുന്നതല്ലെന്നും കേസന്വേഷണത്തില്‍ ഇ.ഡി ശ്രദ്ധിക്കുന്നില്ലെന്നും ഗോവിന്ദന്‍ ആരോപിച്ചു.
ബി.ജെ.പിയുടെ കള്ളപ്പണക്കേസ് ഇ ഡി കണ്ടമട്ട് നടിക്കുന്നില്ല. ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ആം ആദ്മി ഹരജി തള്ളിയതിനാല്‍ നിയമപോരാട്ടത്തില്‍ ഇനി പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
''കൊടകര കുഴല്‍പ്പണ കേസ് എന്ന പേര് തന്നെ മാറ്റണം. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍ പ്രകാരം ബി.ജെ.പി ഓഫിസിലേക്ക് 6 ചാക്കുകളിലായി തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിക്കുമെന്ന് ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും പറഞ്ഞുവെന്നാണ് പറയുന്നത്. രാത്രി ഓഫിസ് അടയ്ക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടുവെന്ന് സതീശ് പറയുന്നു, ബി.ജെ.പി ഓഫിസിലേക്ക് ചാക്കില്‍ കെട്ടിയാണ് കള്ളപ്പണം എത്തിച്ചത്. കേരളത്തില്‍ ആകമാനം ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി കള്ളപ്പണം വിതരണം നടത്തിയിട്ടുണ്ട്. 41.6 കോടി രൂപയുടെ കണക്കാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബിജെപി നേതൃത്വത്തിന് ഇതു സംബന്ധിച്ച് അറിവുണ്ട്. അഖിലേന്ത്യാ നേതൃത്വം അറിഞ്ഞാണ് പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ നേരിട്ടത്.'' -എം.വി. ഗോവിന്ദന്‍ തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."