ഫോണ്‍ പൊട്ടിത്തെറിക്കുന്നു : സാംസങ് ഗാലക്സി-7 വില്പന നിര്‍ത്തി
സിയൂള്‍: സാംസങ് ഗാലക്സി-7 ഫോണുകള്‍ കമ്പനി തിരിച്ചു വിളിക്കുന്നു. ബാറ്ററി പ്രശ്നത്തെ തുടര്‍ന്ന് തീ പിടിക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ദക്ഷിണ കൊറിയന്‍ കമ്പനിയാണ് സാംസങ്. ചാര്‍ജ് ചെയ്യുമ്പോഴോ അതിനു ശേഷമോ ഫോണ്‍ പൊട്ടിത്തെറിക്കുന്നുവെന്നാണ് പരാതി.
ഇതോടെ സാംസങ് ഗാലക്സി-7 ന്റെ വില്പനയും കമ്പനി നിര്‍ത്തിവച്ചു. ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെട്ട ഉപഭോക്താക്കള്‍ ഫോണ്‍ തിരിച്ചു നല്കിയാല് പുതിയ ഫോണ്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു. 10 രാജ്യങ്ങളിലായി 25 ലക്ഷം ഗാലക്സി-7 ഫോണുകള്‍ ഇതിനകം വിറ്റഴിച്ചിട്ടുണ്ട്.
നിര്‍മാണത്തിലെ ചെറിയ പിഴവാണ് പ്രശ്നത്തിനു കാരണമെന്നും ഇതു പരിഹരിക്കുമെന്നും സാംസങ് മൊബൈല്‍ ബിസിനസ് പ്രസിഡന്റ് കോ ദോങ് ജിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും വ്യാപാര നഷ്ടം കണക്കാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാംസങ് ഫോണുകള്‍ക്ക് ബാറ്ററി നിര്‍മിച്ചു നല്‍കുന്നത് മറ്റു കമ്പനികളാണ്. ആപ്പിള്‍ പുതിയ സീരിസിലുള്ള ഐ ഫോണ്‍ പുറത്തിറക്കുന്നതിന് ഒരാഴ്ച മുന്‍പാണ് സാംസങ് ഫോണുകള്‍ തിരിച്ചുവിളിച്ചത്. 35 ഫോണുകള്‍ പൊട്ടിത്തെറിച്ചുവെന്ന പരാതികളാണ് ലോക വ്യാപകമായി സാംസങ്ങിന് ലഭിച്ചത്. ഈ പരാതികളെല്ലാം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."