പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ
തിരുവനന്തപുരം: പാർട്ടിയിലെ രണ്ട് ശക്തൻമാർ ഏറ്റുമുട്ടിയപ്പോൾ നിയന്ത്രിക്കുന്നതിനു പകരം അതിലൊരാൾക്കൊപ്പം ചേരുക. ഏറ്റുമുട്ടിയവർ ഒന്നായപ്പോൾ സ്വയം പുറത്താകേണ്ടിവരിക. കേരള രാഷ്ട്രീയത്തിൽ പി.സി ചാക്കോയ്ക്ക് വീണ്ടും അടിതെറ്റുന്ന കാഴ്ച. പാർട്ടിയിലെ പ്രമുഖർ അംഗീകരിക്കാതെ വന്നതോടെ എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനമാണ് ചാക്കോ രാജിവച്ചതെങ്കിലും ഇപ്പോഴും ദേശീയ വർക്കിങ് പ്രസിഡന്റായി തുടരുകയാണ് അദ്ദേഹം.നിയമസഭ തെരഞ്ഞെടുപ്പ് കൊടുമ്പിരി കൊള്ളുമ്പോഴായിരുന്നു കോൺഗ്രസിൽ നിന്നുള്ള ചാക്കോയുടെ പടിയിറക്കം. ദിവസങ്ങൾക്കപ്പുറം അദ്ദേഹം എൻ.സി.പിയിലെത്തി.
കോൺഗ്രസിൽ ശക്തമായ അടിത്തറയുണ്ടായിരുന്ന ചാക്കോ 1978ലെ പിളർപ്പോടെ ഔദ്യോഗിക പക്ഷമെന്ന ഇന്ദിരാവിരുദ്ധ പക്ഷത്ത് ആന്റണിക്കൊപ്പം കോൺഗ്രസ് (യു) ആയി മാറി ഇടതുപക്ഷത്തെത്തി, ഇടതു മന്ത്രിയുമായി. ഇടതുമായി തർക്കിച്ച് 1981ൽ കോൺഗ്രസ് ഐയിൽ ലയിച്ചപ്പോഴും ചാക്കോയും ചിലരും ദേശീയ തലത്തിൽ ശരത്പവാർ രൂപീകരിച്ച കോൺഗ്രസ് (സോഷ്യലിസ്റ്റ്) പാർട്ടിയിൽ ചേർന്ന് ഇടതുപക്ഷത്ത് തുടർന്നു.
അന്നേയുള്ള ബന്ധമാണ് വർഷങ്ങൾക്കുശേഷം ശരത്പവാറിന്റെ എൻ.സി.പിയിൽ ചാക്കോയെ എത്തിച്ചതെന്ന് വ്യക്തമായിരുന്നു. 2022ൽ എൻ.സി.പി അധ്യക്ഷനായി ചാക്കോയെ രണ്ടാംവട്ടം അവരോധിക്കുമ്പോൾ ശശീന്ദ്രന്റെയും തോമസ് കെ. തോമസിന്റെയും പിന്തുണയുണ്ടായിരുന്നു എന്നതാണ് വിരോധാഭാസം.
2024ൽ എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്റായി ചാക്കോ നിയമിതനായപ്പോൾ കൂടുതൽ ശക്തനായെന്നാണ് കരുതിയത്. എന്നാൽ തോമസ് കെ. തോമസിനൊപ്പം ചേർന്ന് ശശീന്ദ്രനെ തളയ്ക്കാൻ ശ്രമിച്ച ചാക്കോയ്ക്ക് അമളിപിണഞ്ഞു. ശശീന്ദ്രൻ പക്ഷമോ മുഖ്യമന്ത്രിയോ ചാക്കോയുടെ ആവശ്യം അംഗീകരിക്കാൻ തയാറാകാതെ വന്നത് ക്ഷീണമായി.
ചാക്കോയുടെ സമ്മർദം പോരാതെ വന്നതാണ് മന്ത്രിസ്ഥാനം കിട്ടാതെ പോയതെന്ന് വിശ്വസിച്ച തോമസ് കെ. തോമസ്, എൻ.സി.പി സംസ്ഥാന അധ്യക്ഷ പദവിയായാലും മതിയെന്ന സമവായത്തിലെത്തി. ചാക്കോയ്‌ക്കെതിരേ തക്കം പാർത്തിരുന്ന ശശീന്ദ്രൻ പക്ഷം കൃത്യമായ സമയത്ത് തീരുമാനമെടുത്തു. ചാക്കോയെ മാറ്റാൻ ഒപ്പുശേഖരണം നടത്തിയ ശശീന്ദ്രൻ വിഭാഗത്തിനൊപ്പം അധ്യക്ഷ പദവി നോട്ടമിട്ട തോമസ് കെ. തോമസും കൂടിയതോടെ ചാക്കോയ്ക്ക് നിലതെറ്റി. ഇപ്പോഴിതാ വീണ്ടും പുറത്തേക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."